റെയില്‍വേ സ്റ്റേഷനിലും യൂസേഴ്സ് ഫീ വരുന്നു

Update: 2020-01-06 07:16 GMT

വിമാനത്താവളങ്ങളിലേതുപോലെ റെയില്‍വേ സ്റ്റേഷനുകളിലും യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താന്‍ നീക്കം തുടങ്ങി. ഇതിനുള്ള നിര്‍ദ്ദേശം  കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി വൈകാതെ സമര്‍പ്പിക്കുമെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.ഓണ്‍ ഡിമാന്‍ഡ് സിനിമ, പാട്ട് എന്നിവ ഉള്‍പ്പെടെ എസി കോച്ചുകളില്‍ വിനോദ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി പണം ഈടാക്കാനും സാധ്യത ആരായുന്നുണ്ട്.

വിവിധ വിഭാഗങ്ങളിലായി ഒട്ടേറെ ഇളവുകള്‍ നല്‍കുന്നതിനാല്‍ റെയില്‍വേയ്ക്കു ലാഭമുണ്ടാക്കാന്‍ കഴിയുന്നില്ലെന്നും ഈ ഇളവുകള്‍ നിര്‍ത്തുകയോ നിയന്ത്രിക്കുകയോ വേണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണു റെയില്‍വേയുടെ ഇപ്പോഴത്തെ നീക്കങ്ങള്‍.

ഇയിടെ 4 പൈസ വരെ ടിക്കറ്റ് നിരക്കു കൂട്ടിയതും സിഎജി റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു. റെയില്‍വേയുടെ വരുമാനക്കമ്മി നിലവില്‍ 46,000 കോടി രൂപയാണ്. ടിക്കറ്റ് നിരക്ക് വര്‍ധനയിലൂടെ പ്രതിവര്‍ഷം 2300 കോടി രൂപയുടെ വരുമാന വര്‍ധനയാണു പ്രതീക്ഷിക്കുന്നത്. ഒക്ടോബറില്‍ റെയില്‍വേ വരുമാനത്തില്‍ 7.8 ശതമാനത്തിന്റെ ഇടിവുണ്ടായി. ചരക്കുനീക്കത്തില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം റെയില്‍വേക്ക് കിട്ടുന്നില്ല.

എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ നിരക്കിലാകും റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകളിലും ഇനി മുതല്‍ ഭക്ഷണം ലഭിക്കുക. അഞ്ച് രൂപ മുതലാണ് വര്‍ധനവ്. രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണ നിരക്കും ഉയര്‍ത്തിയിരുന്നു.റെയില്‍വേ സ്റ്റേഷനുകളിലെ ഐആര്‍ടിസി റസ്റ്റോറന്റുകളിലെ ഭക്ഷണ വില നേരത്തെ വര്‍ധിപ്പിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News