ഓലയുടെ മൂല്യം ഒറ്റയടിക്ക് 74 ശതമാനം കുറച്ച് നിക്ഷേപക കമ്പനി; വിശദാംശങ്ങള്‍ അറിയാം

ഇത് മൂന്നാം തവണയാണ് മൂല്യം കുറയ്ക്കുന്നത്

Update: 2024-02-06 09:39 GMT
യു.എസ് ആസ്ഥാനമായ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ വാന്‍ഗാര്‍ഡ് പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഓലയുടെ മൂല്യം തുടര്‍ച്ചയായി മൂന്നാം തവണയും കുറച്ചു. ഇതോടെ ഓലയുടെ മൂല്യം 19 കോടി ഡോളറായി. 73 കോടി ഡോളര്‍ മൂല്യമുണ്ടായിരുന്നതാണ് 74 ശതമാനം കുറച്ച് 19 കോടി ഡോളറാക്കിയത്. 2021 ഡിസംബറില്‍ ഐ.ഐ.എഫ്.എല്‍, എഡല്‍വെയ്‌സ് പി.ഇ എന്നിവരില്‍ നിന്ന് ഈ മൂല്യത്തിൽ 13.9 ലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു.

ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് വാന്‍ഗാര്‍ഡ് കമ്പനിയുടെ മൂല്യം കുറയ്ക്കുന്നത്. മേയില്‍ മൂല്യം 48 കോടി ഡോളറായും ഓഗസ്റ്റില്‍ 35 കോടി 
ഡോളറാ
യുമാണ് കുറച്ചത്. ഇതു കൂടാതെ 2020ലും 2021ലും വാന്‍ഗാര്‍ഡ് മൂല്യം കുറച്ചിരുന്നു.

ഓലയുടെ മാതൃകമ്പനിയായ എ.എന്‍.ഐ ടെക്‌നോളജീസിന് ഓലയില്‍ 0.7 ശതമാനം അഥവാ 1.66 ലക്ഷം ഓഹരികളാണുള്ളത്. മുന്‍ വര്‍ഷത്തെ നഷ്ടം കുറച്ചുകൊണ്ട് കമ്പനി കരകയറുന്ന സമയത്താണ് മൂല്യം വെട്ടിക്കുറയ്ക്കല്‍ നടപടിയെന്നതാണ് ശ്രദ്ധേയം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1,522 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ കമ്പനി 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 772 കോടി രൂപയായി കുറച്ചിട്ടുണ്ട്. കമ്പനിയുടെ സംയോജിത വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 42 ശതമാനത്തോളം വര്‍ധിച്ച് 2,799 കോടി രൂപയുമായി.

മൂല്യം കുറയ്ക്കൽ നടപടി 
നിക്ഷേപകര്‍ മൂല്യം കുറയ്ക്കുന്നത് പുതിയ സംഭവമല്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്റ്റാറ്റര്‍ട്ടപ്പുകളുടെ വാല്വേഷന്‍ പുനര്‍നിശ്ചയിച്ച് വരികയാണ്. അടുത്തിടെ നിക്ഷേപക കമ്പനിയായ ഇന്‍വെസ്‌കോ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ മൂല്യം 83 കോടി ഡോളറായി കുറച്ചിരുന്നു. ഇതുകൂടാതെ ഫിഡിലിറ്റി ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര പ്ലാറ്റ്‌ഫോമായ മീഷോയുടെ മൂല്യം 50 കോടി ഡോളറില്‍ നിന്ന് 41 കോടി ഡോളറായും കുറച്ചിരുന്നു.
നിക്ഷേപക സ്ഥാപനങ്ങളുടെ വിലയിരുത്തലും മറ്റ് ഭൗമ സാമ്പത്തിക അവസ്ഥകളും വിലയിരുത്തായാണ് വാല്വേഷന്‍. അതുകൊണ്ട് തന്നെ ഇതൊരു സ്ഥിരം താഴ്ത്തലോ ഉയര്‍ത്തലോ അല്ല.
Tags:    

Similar News