വീഡിയോകോണ്‍ കമ്പനി ലിക്വിഡേഷനിലേക്ക്;വന്‍ നഷ്ടം നേരിട്ട് ബാങ്കുകള്‍

Update: 2020-08-04 07:37 GMT

രാജ്യത്തെ ഗൃഹോപകരണ വിപണിയില്‍ ഏറെക്കാലം തിളങ്ങിന്നിന്നിരുന്ന ഇലക്ട്രോണിക് ഉപകരണ നിര്‍മാണ കമ്പനിയായ വീഡിയോകോണ്‍  ലിക്വിഡേഷനിലേക്ക്. അതേസമയം, ലിക്വിഡേഷനു പോയാല്‍ ബാങ്കുകള്‍ക്ക് വായ്പക്കുടിശ്ശികയുടെ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ ലഭിക്കൂ എന്ന കണക്കും പുറത്തുവന്നിട്ടുണ്ട്.

40,000 കോടി രൂപയുടെ കടബാധ്യതയുമായി നിരവധി വ്യവഹാരങ്ങളുടെ കുരുക്കിലായ വീഡിയോകോണ്‍ 2018 ജൂണില്‍ പാപ്പരത്ത നടപടികളിലേക്ക് കടന്നെങ്കിലും  ഏറ്റെടുക്കല്‍ നീക്കങ്ങള്‍ കോവിഡ് പശ്ചാത്തലത്തില്‍ നിലച്ചതോടെയാണ് ലിക്വിഡേഷന്‍ മിക്കവാറും ഉറപ്പായിട്ടുള്ളത്. പാപ്പരത്ത നടപടിയുടെ അനുബന്ധമായി വീഡിയോകോണ്‍ കമ്പനിയെ ഏറ്റെടുക്കാന്‍ ആറോളം അപേക്ഷകളുണ്ടായിരുന്നെങ്കിലും കോവിഡ് വന്നശേഷം ഇവര്‍ പിന്മാറി. പണം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഏറ്റെടുക്കല്‍ തീരുമാനം കമ്പനികള്‍ ഉപേക്ഷിച്ചു.

പാപ്പരത്ത നടപടികളുടെ പുരോഗതി ചര്‍ച്ചചെയ്യാന്‍ ജൂലായ് 29-ന് ചേര്‍ന്ന വായ്പാ സ്ഥാപനങ്ങളുടെ സമിതിയില്‍ ലിക്വിഡേഷനായുള്ള നിര്‍ദ്ദേശത്തിനു മുന്‍തൂക്കം ലഭിച്ചതായാണ് റിപ്പോര്‍ട്ട. അടുത്ത യോഗത്തില്‍ ഇക്കാര്യം വോട്ടിനിടാനാണു ധാരണയായിട്ടുള്ളത്. വീഡിയോകോണിന് ഐസിഐസിഐ ബാങ്ക് 3250 കോടി വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. ബാങ്ക് സിഇഒ ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പ് പ്രമോട്ടര്‍ വേണുഗോപാല്‍ ധൂത് തുടങ്ങിയവര്‍ക്കെതിരെയാണ് അന്വേഷണം.

2012-ല്‍ കമ്പനിക്കു ലഭിച്ച 2ജി ടെലികോം കരാര്‍ സ്‌പെക്ട്രം സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് വീഡിയോകോണ്‍ പ്രതിസന്ധിയിലേക്കു നീങ്ങിയത്. ഫ്രിഡ്ജ്, ടിവി,വാഷിംഗ് മെഷീന്‍, മൊബൈല്‍ ഫോണ്‍ ഉല്‍പ്പന്നങ്ങളിറക്കി ഇന്ത്യന്‍ വിപണിയില്‍ തരംഗമുണ്ടാക്കാന്‍ കഴിഞ്ഞ ചരിത്രം സ്വന്തമായുള്ള കമ്പനിയാണ് ഇപ്പോള്‍ ലിക്വിഡേഷനിലേക്കു നീങ്ങുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News