സമയപരിധി പാലിക്കാനായില്ല, എന്നിട്ടും വൊഡാഫോണ്‍ ഐഡിയ ഓഹരി കുതിപ്പ് തുടരുന്നു
കഴിഞ്ഞ രണ്ട് വ്യാപാര ദിനത്തിലായി 30 ശതമാനത്തിലധികമാണ് ഓഹരി ഉയര്‍ന്നത്.
പ്രമുഖ ടെലികോം സേവനദാതാക്കളായ വൊഡാഫോണ്‍-ഐഡിയയയ്ക്ക് പുതിയ നിക്ഷേപകരെ കണ്ടെത്തുന്നതിനായി ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് നിശ്ചയിച്ച സമയപരിധി പാലിക്കാനായില്ല. പുതിയ വായ്പ നല്‍കാന്‍ ബാങ്കുകള്‍ വിസമ്മതിച്ചതായാണ് സൂചന. പ്രമോട്ടര്‍മാര്‍ പുതിയ മൂലധനം ഇറക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ബാങ്കുകള്‍ വീണ്ടും വായ്പ നല്‍കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു.
ഡെഡ്‌ലൈന്‍ പാലിക്കാനായില്ലെങ്കിലും വൊഡാഫോണ്‍ ഓഹരികള്‍ ഇന്നും കയറ്റത്തിന്റെ പാതയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച 20 ശതമാനത്തിലധികമുയര്‍ന്ന ഉയര്‍ന്ന ഓഹരി ഇന്ന് 10 ശതമാനത്തോളം ഉയര്‍ന്നു. രണ്ടു ദിവസത്തിനുള്ളില്‍ 30 ശതമാനത്തിലധികം ഉയര്‍ച്ചയാണ് ഓഹരി നേടിയത്.
ഡിസംബര്‍ 31ന് മുന്‍പായി ഫണ്ടിംഗ് നേടുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ഒരാഴ്ചയിലധികമായി ഓഹരികള്‍ നേട്ടത്തിലായിരുന്നു. അതിനു പിന്നിലെ മറ്റൊരു പ്രധാന കാരണം 2022ല്‍ സ്‌പെക്ട്രം വാങ്ങിയ ഇനത്തിലുള്ള 1700 കോടി രൂപ ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കിയതാണ്. ഇതു കൂടാതെ 5ജി സ്‌പെക്ട്രത്തിനായി വെണ്ടര്‍മാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന വെളിപ്പെടുത്തലും നിക്ഷേപകരില്‍ വിശ്വാസം ഉണര്‍ത്തി.
ബാങ്കുകള്‍ക്ക് വിശ്വാസമില്ല
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് പുതിയ ഫണ്ടിംഗ് ഉണ്ടാകുമെന്ന് കമ്പനി പറഞ്ഞിരുന്നെങ്കിലും അതില്‍ നടപടിയാകാത്തതാണ് ബാങ്കുകളെ പിന്നോട്ട് വലിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൊഡാഫോണ്‍ ഐഡിയയുടെ നിലവാരത്തില്‍ ബാങ്കുകള്‍ക്ക് തൃപ്തിയുണ്ടെങ്കിലും നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ വായ്പ കൂട്ടുന്നത് ബുദ്ധിയല്ലെന്നാണ് ബാങ്കുകളുടെ പക്ഷം. കമ്പനിയുടെ പ്രവര്‍ത്തനഫലങ്ങളും ബിസിനസ് ഓപ്പറേഷന്‍സും ദീര്‍ഘകാല ഭാവിയെ കുറിച്ച് മികച്ച സൂചന നല്‍കുന്നില്ലെന്നാണ് ബാങ്കുകള്‍ കരുതുന്നത്. ആസ്തി
രക്ഷകനായെത്തുമോ മസ്‌ക്
മോറട്ടോറിയം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍ വൊഡാഫോണ്‍-ഐഡിയയ്ക്ക് ആശ്വാസം പകര്‍ന്നിരുന്നു. കേന്ദ്രത്തിന് ലഭിക്കേണ്ട 16,133 കോടി രൂപയുടെ അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യു (AGR) ഉള്‍പ്പെടെയുള്ള കുടിശികകള്‍ കമ്പനിയില്‍ ഓഹരി പങ്കാളിത്തമാക്കി മാറ്റുകയും ചെയ്തു. ഇതോടെ 33.1 ശതമാനം വിഹിതവുമായി വൊഡാഫോണ്‍-ഐഡിയയുടെ ഏറ്റവും വലിയ ഓഹരി പങ്കാളിയുമായി കേന്ദ്ര സര്‍ക്കാര്‍. നിക്ഷേപകരില്‍ നിന്ന് പുതു മൂലധനം സമാഹരിക്കുമെന്ന പ്രതീക്ഷിയിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഇതേ തുടര്‍ന്ന് വി.ഐ പുതിയ ബിസിനസ് പ്ലാനുമായി വായ്പാദാതാക്കളെ സമീപിച്ചിരുന്നു. ഉടന്‍ ഇതിലൊരു നടപടിയാകുമെന്നാണ് നിക്ഷേപകരും പ്രതീക്ഷിച്ചിരുന്നത്.
ഇതിനിടെ അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് വി.ഐയ്ക്ക് പിന്തുണ നല്‍കിയേക്കുമെന്നും വിപണിയില്‍ അഭ്യൂഹങ്ങളുണ്ട്. രാജ്യത്തെ ബ്രോഡ്ബാന്‍ഡ് വിപണിയില്‍ സാറ്റലൈറ്റ് സര്‍വീസുമായി ഇലോണ്‍ മസ്‌ക് ഉടന്‍ എത്തിയേക്കുമെന്നാണ് കരുതുന്നത്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെയും യു.കെയിലെ വൊഡാഫോണ്‍ ഗ്രൂപ്പിന്റെയും സംയുക്ത സംരഭമാണ് വൊഡാഫോണ്‍-ഐഡിയ (വീ).