വിളിച്ചാല്‍ പോലും വരാന്‍ ആളില്ല; കേരളത്തിലെ ടാക്‌സിക്കാര്‍ക്ക് ഇതെന്തുപറ്റി ?

കോവിഡ് കാലത്ത് മറ്റ് പണികള്‍ തേടി പോയവരില്‍ വലിയൊരു പങ്കും പിന്നീട് ടാക്‌സി സ്റ്റാന്റുകളിലേക്ക് മടങ്ങിയെത്തിയില്ല

Update:2022-06-01 17:24 IST

കോവിഡിന് ശേഷം പഴയ വേഗം കൈവരിക്കാനുള്ള ശ്രമത്തിലാണ് കേരളം. ഇതിനിടയില്‍ നമ്മുടെ നാട്ടില്‍ നിന്ന് ഒരു തൊഴില്‍ വിഭാഗം തന്നെ പതുക്കെ അപ്രത്യക്ഷരാവുകയാണ്. പറഞ്ഞുവരുന്നത് നാട്ടിലെ ടാക്‌സി ഓടിക്കുന്നവരെക്കുറിച്ചാണ്. കോവിഡിന്റെ സമയത്ത് ഏജന്‍സികള്‍ ഉപേക്ഷിച്ച് മറ്റ് പണികള്‍ തേടിപ്പോയവരും സ്വന്തം വണ്ടികളില്‍ കച്ചവടം നടത്താന്‍ ഇറങ്ങിത്തിരിച്ചവരും പിന്നീട് ടാക്‌സി സ്റ്റാന്‍ഡുകളിലേക്ക് തിരിച്ചെത്തിയില്ല.

പത്തിലധികം കാറുകളുടെ ബുക്കിംഗ് ഒന്നിച്ചെത്തിയാല്‍ സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് എറണാകുളം നഗരത്തിലെ പല ഏജന്‍സികളും ചൂണ്ടിക്കാട്ടുന്നത്. വണ്ടി ഉണ്ടായിട്ടും ഓടിക്കാന്‍ ഡ്രൈവര്‍മാരെ കിട്ടാനില്ല. ചെറുപ്പക്കാരായ ഡ്രൈവര്‍മാരില്‍ അധികവും ഇന്നോവ ക്രിസ്റ്റ പോലുള്ള വണ്ടികള്‍ ഓടിക്കാനാണ് ഇഷ്ടപ്പെടുന്നത്. മറ്റ് ചെറിയ കാറുകളോട് അവര്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് രണ്ട് പതിറ്റാണ്ടോളമായി എറണാകുളത്ത് ട്രാവല്‍ ഏജന്‍സി നടത്തുന്ന ഒരാള്‍ പറഞ്ഞത്.

കോവിഡ് കാലത്ത് ഓട്ടമില്ലാത്തതിനെ തുടര്‍ന്ന് പെയിന്റ് പണി മുതല്‍ പല മേഖലയിലേക്കും ഡ്രൈവര്‍മാര്‍ പോയി. സ്വന്തമായി വണ്ടിയുണ്ടായിരുന്ന പലരും വാഹനങ്ങള്‍ വിറ്റു. അല്ലാത്തവര്‍ കാറില്‍ പച്ചക്കറി മുതല്‍ ബിരിയാണിക്കച്ചവടം വരെ തുടങ്ങി. ടാക്‌സി ഓടുന്നതിനെക്കാള്‍ മെച്ചമാണ് മറ്റ് പണികള്‍ എന്ന് തോന്നിയതുകൊണ്ടാണ് പലരും തിരിച്ചെത്താത്തത് എന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.

20 ശതമാനം ബാറ്റയും താമസ സൗകര്യവുമാണ് ഏജന്‍സികള്‍ ഡ്രൈവര്‍മാര്‍ക്ക് പൊതുവെ നല്‍കുന്നത്. അതായത് 100 രൂപയ്ക്ക് ഓടിയാല്‍ ഡ്രൈവറിന് 20 രൂപ ലഭിക്കും. ഏതെങ്കിലും സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഓടുന്നവര്‍ക്കാണ് മാസശമ്പളം ലഭിക്കുന്നത്. ഓണ്‍ലൈന്‍ ടാക്‌സി ഓടുന്നവര്‍ക്ക് തുകയുടെ 25 ശതമാനം ആണ് കിട്ടുക. നിലവില്‍ ഊബര്‍ ഉള്‍പ്പടെ ഓണ്‍ലൈന്‍ ടാക്‌സി ഓടിക്കുന്നവരുടെയും എണ്ണം കുറഞ്ഞിട്ടുണ്ട്. കൊച്ചി നഗരത്തില്‍ നിന്ന് ഓണ്‍ലൈനില്‍ ടാക്‌സി ബുക്ക് ചെയ്താല്‍, പലപ്പോഴും കിട്ടാറില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ദൂരം കുറഞ്ഞ ഓട്ടമാണെങ്കില്‍ ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ക്ക് താല്‍പ്പര്യം കുറവാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

കോവിഡിൽ ടാക്‌സി മേഖലയോടുള്ള സര്‍ക്കാര്‍ സമീപനവും തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായെന്ന് ഏജന്‍സികള്‍ പറയുന്നു. ലോക്ക്ഡൗണ്‍ സമയത്ത് 7 സീറ്റിന് മുകളിലുള്ള കോണ്‍ട്രാക്ട് ക്യാരിയേജുകള്‍ക്ക് മാത്രമാണ് നികുതി ആനുകൂല്യങ്ങള്‍ ലഭിച്ചത്. കോവിഡ് കാലത്ത് സര്‍ക്കാര്‍ ഉപയോഗിച്ച ടാക്‌സികളുടെ വാടക നല്‍കാത്തതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കേണ്ട സാഹചര്യം പോലും കേരളത്തിലെ ഡ്രൈവര്‍മാര്‍ക്ക് ഉണ്ടായി. വിനോദ സഞ്ചാരികള്‍ എത്താന്‍ തുടങ്ങിയതും ബിസിനസ് മീറ്റുകള്‍ വ്യാപകമായതും ടാക്‌സി മേഖലയ്ക്ക് അനക്കം വെക്കാന്‍ കാരണമായിട്ടുണ്ട്. കൃത്യമായി ഓട്ടം കിട്ടുകയാണെങ്കില്‍ ഡ്രൈവര്‍മാര്‍ എത്തുമെന്നാണ് ഏജന്‍സികളുടെ വിലയിരുത്തല്‍.

Tags:    

Similar News