മെട്രോപോളിസ് ഹെല്‍ത്ത്‌കെയറിനെ ആര് സ്വന്തമാക്കും, അദാനിയോ അപ്പോളോ ഹോസ്പിറ്റലോ?
അദാനി ഗ്രൂപ്പ് കഴിഞ്ഞ മാസം ആരോഗ്യമേഖലയിലേക്കുള്ള ചുവടുവെപ്പ് പ്രഖ്യാപിച്ചിരുന്നു
മെട്രോപോളിസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാനുള്ള നീക്കവുമായി ശതകോടീശ്വരന്‍ ഗൗതം അദാനിയും (Gautam Adani) ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റല്‍ ഓപ്പറേറ്റര്‍മാരായ അപ്പോളോ ഹോസ്പിറ്റല്‍സ് (Apollo Hospitals) എന്റര്‍പ്രൈസ് ലിമിറ്റഡും. ഡയഗ്‌നോസ്റ്റിക് ലാബുകളുടെ ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ശൃംഖലയായ മെട്രോപോളിസ് ലാബ്‌സിന്റെ (Metropolis Healthcare) ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കുന്നതിന് ഇരുകമ്പനികളും ബിഡ്ഡുകള്‍ വിലയിരുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെട്രോപോളിസുമായുള്ള അദാനിയുടേയോ അപ്പോളോയുടേയോ ഇടപാട് കുറഞ്ഞത് 1 ബില്യണ്‍ ഡോളറോ 7,765 കോടി രൂപയോ ആയിരിക്കും.
ഇന്ത്യയിലെ പ്രമുഖ ബിസിനസ് കമ്പനികളിലൊന്നായ അദാനി ഗ്രൂപ്പ് കഴിഞ്ഞ മാസം ആരോഗ്യമേഖലയിലേക്കുള്ള ചുവടുവെപ്പ് പ്രഖ്യാപിക്കുകയും വലിയ ആശുപത്രികളും ഡയഗ്‌നോസ്റ്റിക് ആസ്തികളും ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നതായും വ്യക്തമാക്കിയിരുന്നു. ഇതിനായി അദാനി ഹെല്‍ത്ത് വെഞ്ചേഴ്സ് (എഎച്ച്വിഎല്‍) എന്ന പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി സംയോജിപ്പിച്ചതായി മെയ് മാസത്തില്‍ അദാനി എന്റര്‍പ്രൈസസ് അറിയിച്ചു.
ഈ മേഖലയില്‍ ചുവടുറപ്പിക്കാന്‍, അദാനി ഗ്രൂപ്പ് നാല് ബില്യണ്‍ നീക്കിവച്ചതായാണ് റിപ്പോര്‍ട്ട്. 20 ബില്യണ്‍ ഡോളറിലധികം വാര്‍ഷിക വരുമാനമുള്ള അദാനി ഗ്രൂപ്പിന് ഓണ്‍ലൈന്‍ വഴിയും ഓഫ്ലൈന്‍ വഴിയും ഫാര്‍മസി മേഖലയിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍, ഊര്‍ജ്ജം, ഹരിത ഊര്‍ജം, അടിസ്ഥാന സൗകര്യങ്ങള്‍, വിമാനത്താവളങ്ങള്‍, ഭക്ഷ്യ സംസ്‌കരണം എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളിലായി 30 വ്യത്യസ്ത സ്ഥാപനങ്ങളെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്.
1980ല്‍ ആദ്യം ഒരു ലാബായി പ്രവര്‍ത്തനം ആരംഭിച്ച മെട്രോപോളിസ് ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ് നിലവില്‍ 19 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട്.