വസീര്‍എക്‌സിന് സേവനങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ച് ബിനാന്‍സ്

ബിനാന്‍സ് വാലറ്റില്‍ നിന്നും ക്രിപ്‌റ്റോ പിന്‍വലിക്കാന്‍ വസീറെക്‌സിന് അനുവദിച്ച സമയം ഇന്നലെയാണ് അവസാനിച്ചത്. വസീറെക്‌സ് മറ്റൊരു വാലറ്റിലേക്ക് ക്രിപ്‌റ്റോ ഫണ്ടുകള്‍ മാറ്റിയെന്നാണ് വിവരം.

Update:2023-02-04 12:49 IST

ഇന്ത്യന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് വസീര്‍എക്‌സിന് നല്‍കിയിരുന്ന സേവനങ്ങള്‍ അവസാനിപ്പിച്ച് ബിനാന്‍സ്. ഫെബ്രുവരി മൂന്ന് വരെയായിരുന്നു ബിനാന്‍സ് വാലറ്റിലുണ്ടായിരുന്ന തുക പിന്‍വലിക്കാന്‍ വസീര്‍എക്‌സിന് അനുവദിച്ച സമയം. ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആണ് ബിനാന്‍സ്. ബിനാന്‍സില്‍ നിന്ന് തുക പിന്‍വലിക്കുന്നത് ആരംഭിച്ചെന്നും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാവുമെന്നും ഇന്നലെ വസീര്‍എക്‌സ് ട്വീറ്റ് ചെയ്തിരുന്നു.


എന്തുകൊണ്ടാണ് ബിനാന്‍സ് സേവനങ്ങള്‍ അവസാനിപ്പിച്ചത് ?

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് എന്നതിലുപരി വസീര്‍എക്‌സ് പോലുള്ള മറ്റ് എക്‌സ്‌ചേഞ്ചുകള്‍ക്ക് വാലറ്റ്, ടെക്‌നോളജി സേവനങ്ങള്‍ ബിനാന്‍സ് നല്‍കുന്നുണ്ട്. ബിനാന്‍സും വസീര്‍എക്‌സും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട് മാസങ്ങളായി. വസീര്‍എക്‌സില്‍ ക്രിപ്‌റ്റോ സൂക്ഷിക്കുന്നവര്‍ ബിനാന്‍സിലേക്ക് അവ മാറ്റണമെന്ന് സിഇഒ ചാംഗ്‌പെങ്ഗ് സാവോ കഴിഞ്ഞ ഓഗസ്റ്റില്‍ ട്വീറ്റ് ചെയ്തിരുന്നു. വസീര്‍എക്‌സിന്റെ വാലറ്റ് പ്രവര്‍ത്തന രഹിതമാക്കാന്‍ സാധിക്കുമെന്നും പക്ഷെ അത് ചെയ്യില്ലെന്നുമാണ് അന്ന് സാവോ പറഞ്ഞത്.


ഫണ്ട് ക്രമക്കേടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വസീര്‍എക്‌സിന്റെ അക്കൗണ്ട് മരവിപ്പിച്ചപ്പോള്‍ മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഇഡിയുടെ നടപടിക്ക് പിന്നാലെയാണ് വസീര്‍എക്‌സിനെ ഏറ്റെടുത്തിട്ടില്ലെന്ന് ബിനാന്‍സ് അറിയിച്ചത്. വസീര്‍എക്‌സിനെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് മൂന്ന് വര്‍ഷത്തിന് ശേഷമായിരുന്നു ബിനാന്‍സ് സിഇഒ ഇക്കാര്യം വെളിപ്പെടുത്തിയത്. അതേ സമയം വസീര്‍എക്‌സ് സിഇഒ നിശ്ചല്‍ ഷെട്ടി പറഞ്ഞത് ഏറ്റെടുക്കല്‍ ബിനാന്‍സ് പൂര്‍ത്തിയാക്കി എന്നാണ്.


തങ്ങളുടെ പേരില്‍ വസീര്‍എക്‌സ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ബിനാന്‍സ് ആരോപിച്ചത്. വസീര്‍എക്‌സിന് മേല്‍ യാതൊരു നിയന്ത്രണവും ഇല്ലെന്നും കമ്പനി വ്യക്തമാക്കി. തുടര്‍ന്ന് ഈ വര്‍ഷം ജനുവരി 26ന് ആണ് അവകാശ വാദങ്ങള്‍ പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ വാലറ്റ് സേവനങ്ങള്‍ അവസാനിപ്പിക്കുമെന്നും ബിനാന്‍സ് അറിയച്ചത്. എന്നാല്‍ നിലപാടില്‍ വസീര്‍എക്‌സ് മാറ്റം വരുത്തിയില്ല. ഇന്ത്യയില്‍ ക്രിപ്‌റ്റോ ബിസിനസ് നടത്തുന്നത് ലാഭകരമല്ലെന്ന് ബിനാന്‍സ് സിഇഒ അടുത്തിടെ പറഞ്ഞിരുന്നു. നികുതി നിരക്കുകകളാണ് ബിനാന്‍സിനെ ഇന്ത്യയില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ഘടകം.

Tags:    

Similar News