വിമാനക്കമ്പനികള്‍ക്കായി 12,000 കോടി രൂപയുടെ രക്ഷാ പദ്ധതിയൊരുങ്ങി

Update: 2020-03-19 12:10 GMT

കൊറോണ വൈറസ് വ്യാപിച്ചതോടെ വന്‍ നഷ്ടം നേരിടുന്ന വ്യോമയാന മേഖലയെ രക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 12,000 കോടി രൂപയുടെ (1.6 ബില്യണ്‍ ഡോളര്‍) സാമ്പത്തിക സഹായ പാക്കേജ് തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. ആഗോളവ്യാപകമായി തകര്‍ന്നുകൊണ്ടിരിക്കുന്ന ഈ മേഖലയെ നിലനിര്‍ത്താന്‍ 200 ബില്യണ്‍ ഡോളറിലേറെ സാമ്പത്തിക സഹായം ആവശ്യമായി വരുമെന്ന അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ നിരീക്ഷണത്തിനു പുറമേ ഓഹരി വില്‍പ്പന നടത്താനുദ്ദേശിക്കുന്ന എയര്‍ ഇന്ത്യയുടെ കാര്യത്തിലുള്ള പ്രത്യേക താല്‍പ്പര്യവുമാണ് മോദി സര്‍ക്കാരിനെ ഈ നടപടിക്കു പ്രേരിപ്പിച്ചതെന്നാണ് സൂചന.

ഇന്ധന നികുതി ഉള്‍പ്പെടെ വ്യോമയാന മേഖലയിലെ വിവിധ നികുതികള്‍ ഈടാക്കുന്നതില്‍ താത്കാലികമായുള്ള ഇളവുകളും കേന്ദ്ര ധനമന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യോമയാന ഗതാഗതം താറുമാറായതോടെ ഗോ എയര്‍, ഇന്‍ഡിഗോ, വിസ്താര എന്നീ വിമാന കമ്പനികളുടെ ഒട്ടേറെ വിമാനങ്ങള്‍ വിവിധ വിമാനത്താവളങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. താത്കാലിക ജീവനക്കാരുടേതടക്കം നിരവധി ജീവനക്കാരുടെ ജോലിയും പ്രതിസന്ധിയിലായി. യു.എസ് എയര്‍ലൈനുകള്‍ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിന് 50 മില്ല്യണ്‍ ഡോളറിന്റെ വായ്പ നല്‍കാന്‍ ട്രംപ് ഭരണകൂടം കോണ്‍ഗ്രസിന്റെ അനുമതി തേടിയിരുന്നു.

ലോകമെമ്പാടുമുള്ള മിക്ക എയര്‍ലൈനുകളിലും സ്ഥിതി സമാനമാണ്. കുറഞ്ഞത് ആറ് ആഗോള വിമാനക്കമ്പനികള്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിട്ടുണ്ട്. ചില പ്രധാന വിമാനക്കമ്പനികളായ കാതേ പസഫിക്, ഫിന്‍എയര്‍, ക്വാണ്ടാസ് എന്നിവയുടെ ഷെഡ്യൂളിന്റെ 10% മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇന്ത്യയില്‍, ഗോ എയറും ഇപ്പോള്‍ വിസ്താരയും എല്ലാ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മറ്റ് വിമാനക്കമ്പനികളും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യ ഓഹരി വില്‍പനയിലെ ഉത്ക്കണ്ഠ കൂടുതല്‍ തീവ്രമാക്കുന്ന അവസ്ഥയാണ് കോവിഡിലൂടെ വന്നുപെട്ടത്. വിമാനക്കമ്പനിയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാനുദ്ദേശിച്ച്  ജനുവരിയില്‍ സര്‍ക്കാര്‍ പ്രാഥമിക വിവര മെമ്മോറാണ്ടം (പിഎം) പുറപ്പെടുവിച്ചിരുന്നു. വറ്റാത്ത നഷ്ടം ഉണ്ടാക്കുന്ന പൊതുമേഖലാ കമ്പനിയില്‍ നിന്ന് രക്ഷപ്പെടാനുള്ള മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ശ്രമമാണിത്.എയര്‍ലൈന്‍ കമ്പനികളുടെ തളര്‍ച്ച ബാങ്ക് എന്‍പിഎകളുടെ വര്‍ദ്ധനവിന് ഇടയാക്കുമെന്നതും സര്‍ക്കാരിന് പരിഗണിക്കാതെ വയ്യ.

എയര്‍ ഇന്ത്യ അതിജീവിക്കണമെങ്കില്‍ കൂടുതല്‍ ഫണ്ട് പമ്പ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്ന് വൈറസ് വരുംമുമ്പേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.കമ്പനി ജീവനോടെ തുടരുന്നതിന് അടിയന്തര ഇടക്കാല ധനസഹായമായി സര്‍ക്കാര്‍ 3000 കോടി രൂപ എയര്‍ ഇന്ത്യയില്‍ നിക്ഷേപിക്കേണ്ടതുണ്ടെന്ന് സിഎപിഎ അഭിപ്രായപ്പെട്ടിരുന്നു.ഇപ്പോഴാകട്ടെ ആ തുക എങ്ങുമെത്തില്ല.ഓഹരി വിറ്റഴിക്കല്‍ വരെ കമ്പനി വീഴാതെ നിലനിര്‍ത്താന്‍ ആയിരക്കണക്കിന് കോടി രൂപ ഇനിയും നല്‍കേണ്ടിവരും.

നിലവിലെ പ്രതിസന്ധി നേരിടാന്‍ അമേരിക്ക 58 ബില്യണ്‍ ഡോളര്‍ യാത്രാ വിമാനക്കമ്പനികള്‍ക്കും 60 ബില്യണ്‍ ഡോളര്‍ ചരക്ക് വിമാനക്കമ്പനികള്‍ക്കും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി സിഎപിഎ പറയുന്നു. ഓസ്‌ട്രേലിയയിലും യുകെയിലും സര്‍ക്കാര്‍ സഹായം ലഭ്യമാക്കിയിട്ടുണ്ട്.

ജിഎസ്ടിയുടെ കീഴില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം കൊണ്ടുവരിക, ആഭ്യന്തര എണ്ണക്കമ്പനികള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കു നല്‍കേണ്ട പേയ്മെന്റുകള്‍ക്കായി ഒരു ഹ്രസ്വകാല മൊറട്ടോറിയം അല്ലെങ്കില്‍ വിപുലീകൃത ക്രെഡിറ്റ് നിബന്ധനകള്‍ നടപ്പിലാക്കുക എന്നിവയാണ്  മറ്റ് നിര്‍ദ്ദേശങ്ങള്‍.ഇന്ധന വിലയില്‍ പ്രതിവാര പരിഷ്‌കരണം, എയര്‍പോര്‍ട്ട് ചാര്‍ജുകളില്‍ ഇളവുകള്‍ എന്നീ ആവശ്യങ്ങളുമുണ്ട്. ഇന്ത്യന്‍ വിമാനക്കമ്പനികളുടെ 150 ഓളം വിമാനങ്ങള്‍ ഇതിനകം തന്നെ നിശ്ചലമായിക്കിടപ്പാണെന്നും  യാത്രക്കാരുടെ എണ്ണത്തില്‍ 50% കവിഞ്ഞ  ഇടിവാണുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ഫോര്‍വേഡ് ബുക്കിംഗുകള്‍ ഇതിനകം 30% കുറഞ്ഞു.

സമീപഭാവിയില്‍ യാത്രാ നിയന്ത്രണങ്ങള്‍ മാറിയാലും സ്ഥിതി മെച്ചപ്പെടാന്‍ ഏറെ സമയമെടുക്കുമെന്നതിനാല്‍ കൂടിയാണ് സഹായ പദ്ധതി അനിവാര്യമാകുന്നതെന്ന് സിഎപിഎ നിരീക്ഷിച്ചിരുന്നു. ഒരു എയര്‍ലൈനിന്റെ പ്രവര്‍ത്തനച്ചെലവിന്റെ 40% ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ ( എടിഎഫ് )നാണ്. പരമാവധി നികുതി ഈടാക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. കേന്ദ്രം എക്‌സൈസ് തീരുവയും കൗണ്ടര്‍വെയിലിംഗ് ഡ്യൂട്ടിയും ഈടാക്കുന്നു.സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലെവിയുമുണ്ട്. അങ്ങനെ മൊത്തം നികുതി 30-50% വരെയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News