ഗംഭീര തിരിച്ചു വരവില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് പവര്‍, മോദി 3.0യില്‍ കുതിക്കുമോ?
ഇന്ന് റിലയന്‍സ് പവര്‍ ഓഹരി 10 ശതമാനത്തിലധികം ഉയര്‍ന്നു;
ഒരു കാലത്ത് മുകേഷ് അംബനിയേക്കാളുമോ അതിനൊപ്പമോ ശ്രദ്ധ നേടിയ ബിസിനസുകാരനാണ് സഹോദരന്‍ അനില്‍ അംബാനി. ലോക കോടീശ്വര പട്ടികയില്‍ ആറാം സ്ഥാനം വരെയെത്തിയ അനില്‍ അംബാനിക്ക് പക്ഷെ ഇടയ്‌ക്കെപ്പൊഴൊ കാലിടറി. യു.കെ കോടതി പാപ്പരായി പ്രഖ്യാപിച്ചതോടെ ബിസിനസ് ലോകത്ത് വര്‍ഷങ്ങളോളം അനില്‍ അംബാനിയുടെ പേര് ഉയര്‍ന്നു കേട്ടതേയില്ല. എന്നാല്‍ ഇപ്പോള്‍ ഗംഭീര തിരിച്ചു വരവിനൊരുങ്ങുകയാണ് അനില്‍ അംബാനിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള റിലയന്‍സ് പവറും.
മോദി 3.0യുടെ തിരിച്ചു വരവ് ഉറപ്പായതിനു ശേഷം ഏകദേശം 34 ശതമാനത്തോളം മുന്നേറ്റമാണ് റിലയന്‍സ് പവര്‍ കാഴ്ചവച്ചത്. ഇന്ന് 10 ശതമാനത്തിലധികം ഉയര്‍ന്ന് 31.54 രൂപയിലെത്തി ഓഹരി. ഇന്നത്തെ ഉയര്‍ച്ച കൂടിയാകുമ്പോള്‍ കഴിഞ്ഞ അഞ്ച് വ്യാപാര സെഷനില്‍ മാത്രം ഓഹരി ഉയര്‍ന്നത് 28 ശതമാനമാണ്. ഓഹരികള്‍
2008ല്‍, കമ്പനിയുടെ പ്രതാപ കാലത്ത് 260.78 രൂപ വരെയുണ്ടായിരുന്ന ഓഹരി വില പിന്നീട് 2020 മാര്‍ച്ച് 27ന് വെറും 1.13 രൂപയിലെത്തി. എന്നാൽ കൃത്യമായ കണക്കുകൂട്ടലുകളോടെ പോയ കമ്പനി തിരിച്ചു വരവിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 100 ശതമാനത്തോളം നേട്ടം നല്‍കാന്‍ റിലയന്‍സ് പവറിന് സാധിച്ചു. അഞ്ച് വര്‍ഷക്കാലയളവില്‍ ഓഹരിയുടെ നേട്ടം 425 ശതമാനമാണ്.
കത്തിക്കയറാന്‍ കാരണം
കമ്പനി കടബാധ്യതകളില്‍ നിന്ന് പൂര്‍ണമായും മുക്തമായെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ഓഹരിയെ മുന്നേറ്റത്തിലേക്ക് നയിച്ചത്. ഇതുവരെയുണ്ടായിരുന്ന കടബാധ്യതകളെല്ലാം ഒറ്റയ്ക്ക് തന്നെ വീട്ടാന്‍ റിലയന്‍സ് പവറിന് സാധിച്ചു. ഏകദേശം 800 കോടി രൂപയുടെ കടമാണ് റിലയന്‍സ് പവറിന് ഉണ്ടായിരുന്നത്. അടുത്തിടെ ബാങ്കുകള്‍ക്ക് നല്‍കാനുണ്ടായിരുന്ന ഈ കുടിശികകളെല്ലാം കമ്പനി അടച്ചു തീര്‍ത്തു. ഇതോടെ കടമില്ലാ കമ്പനിയായി മാറി റിലയന്‍സ് പവര്‍.
ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഡി.ബി.എസ്, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവയുള്‍പ്പെടെ നിരവധി ബാങ്കുകളുമായി റിലയന്‍സ് പവര്‍ വായ്പ തിരിച്ചടക്കൽ കരാറുകള്‍ ഒപ്പു വച്ചിരുന്നു. ഇതുപ്രകാരമുള്ള മുഴുവന്‍ ബാധ്യതകളും തീര്‍ത്തതോടെയാണ് കമ്പനി കടരഹിതമായി മാറിയത്. നിലവില്‍ 11,520 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
മോദി 3.0യില്‍ മുന്നേറുമോ?
പുതിയ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഊർജമേഖലയ്ക്ക് ഫലപ്രദമായ കൂടുതല്‍ നയങ്ങള്‍ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. ഇത് അനില്‍ അംബാനി കമ്പനിക്കും ഗുണമാകും. രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് ഗൗതം അദാനിയുടെ അദാനി പവറും അനില്‍ അംബാനിയുടെ റിലയന്‍സ് പവറും നിക്ഷേപകര്‍ക്ക് മികച്ച നേട്ടമാണ് നല്‍കിയത്. വിതരണ ശൃംഖലകളും മൂലധനവിഹിതവും ഉയര്‍ത്തുന്ന കമ്പനികളില്‍ നിക്ഷേപിക്കാന്‍ ഇനി നിക്ഷേപകര്‍ തയ്യാറാകും. ഇതുകൂടി ഉറപ്പാക്കിയാല്‍ റിലയൻസ് പവറിന് ഇനിയും മുന്നേറാനാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇലക്ട്രിക് വാഹന മേഖലയിലേക്കും മറ്റ് ഇതര ഊര്‍ജസാധ്യതകളിലേക്കും കടക്കുന്ന കമ്പനികള്‍ക്കും വളര്‍ച്ച നേടാനാകുമെന്നും കരുതുന്നുണ്ട്.