ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസ് ഓഹരികളില്‍ സംഭവിക്കുന്നതെന്ത്?

ലിസ്റ്റിംഗിനു ശേഷം മൂന്നാം വ്യാപാരദിനത്തിലും ഓഹരി 5% ലോവര്‍ സര്‍കീട്ടില്‍, നിക്ഷേപകര്‍ക്ക് നഷ്ടം 23,700 കോടി രൂപ

Update: 2023-08-23 14:30 GMT

Image : Canva

സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ജെ.എഫ്.എസ്) ഓഹരികള്‍ തുടര്‍ച്ചയായ മൂന്നാം വ്യാപാര സെഷനിലും 5 ശതമാനം ലോവര്‍ സര്‍കീട്ടിലായി. ആഗസ്റ്റ് 21 നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെട്ട ധനകാര്യ കമ്പനിയായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. ബി.എസ്.ഇയില്‍ 265 രൂപയ്ക്കും എന്‍.എസ്.ഇയില്‍ 262 രൂപയ്ക്കുമാണ് ഓഹരി ലിസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ ഭാഗത്ത് നിന്നുള്ള കനത്ത വില്‍പ്പനയും പാസീവ് ഫണ്ടുകള്‍ ഓഹരി വിറ്റൊഴിയുന്നതും മൂലം തുടക്കം മുതല്‍ 5 ശതമാനം ലോവര്‍ സര്‍കീട്ടിലാണ് ഓഹരി. മൂന്ന് ദിവസം കൊണ്ട് 23,700 കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്ക് ഉണ്ടായ
ത്.
 ഇന്ന് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ 4.99 ശതമാനം ഇടിഞ്ഞ് 224.65 രൂപയിലെത്തി. നിലവില്‍ ഈ ഓഹരിയില്‍ ഒരു ദിവസം അനുവദനീയമായ പരമാവധി വില വ്യതിയാനം അഞ്ച് ശതമാനമാണ്.
ഇന്‍ഡെക്‌സ് ഫണ്ടുകളുടെ വിറ്റൊഴിയല്‍

അടിസ്ഥാനപരമായ കാരണങ്ങളേക്കാള്‍ സാങ്കേതികമായ കാരണങ്ങളാണ് ഓഹരിയില്‍ ഇടിവുണ്ടാക്കുന്നെന്നാണ് ഓഹരി വിപണി നിരീക്ഷകരുടെ അഭിപ്രായം. ഇന്‍ഡെക്‌സ് ഫണ്ടുകളുടെ വില്‍പ്പനയാണ് ഓഹരി വില ഇടിയാന്‍ പ്രാധന കാരണം. സൂചികയില്‍ ഉള്‍പ്പെടാത്ത ഓഹരികള്‍ ഇന്‍ഡെക്‌സ് ഫണ്ടുകള്‍ക്ക് കൈവശം വയ്ക്കാനാകില്ല. അതിനാല്‍ ജെ.എഫ്.എസ് ഓഹരികള്‍ ഇന്‍ഡെക്‌സ് ഫണ്ടുകള്‍ക്ക് വില്‍ക്കേണ്ടതുണ്ട്.

കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിഫ്റ്റിയുടെയും മറ്റ് പ്രധാന സൂചികകളുടെയും ഭാഗമാണ്. അത്തരം സൂചികകള്‍ പിന്തുടരുന്ന ഇന്‍ഡെക്‌സ് ഫണ്ടുകള്‍ക്കും വിഭജന ശേഷം ഒന്നിനൊന്നെന്ന കണക്കില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ ലഭിച്ചിട്ടുണ്ട്. സൂചികയില്‍ നിന്ന് ജെ.എഫ്.എസ് ഒഴിവാക്കപ്പെടുമ്പോള്‍ ഈ ഫണ്ടുകള്‍ക്ക് ഈ ഓഹരികള്‍ വിൽക്കേണ്ടി വരും.

സൂചികകളില്‍ തുടരുന്നു

സൂചികകളില്‍ (നിഫ്റ്റി, സെന്‍സെക്‌സ്) നിന്ന് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസിനെ ഓഗസ്റ്റ് 23 ന് ഓഹരിയെ ഒഴിവാക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ ലിസ്റ്റിംഗിനുശേഷം തുടര്‍ച്ചയായ രണ്ടാം ദിനവും ഓഹരി ലോവര്‍ സര്‍കീട്ടിലായതിനെ തുടര്‍ന്ന് തീയതി ഓഗസ്റ്റ് 28 ലേക്ക് നീക്കിയിട്ടുണ്ട്. അതേസമയം, അടുത്ത രണ്ട് ദിവസം കൂടി ഓഹരി ലോവര്‍ സര്‍കീട്ടിലെത്തിയാല്‍ സൂചികയില്‍ നിന്ന് ഒഴിവാക്കുന്നത് മൂന്ന് ദിവസം കൂടി നീട്ടും.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വരവറിയിക്കും മുന്‍പ് ജെ.എഫ്.എസിന്റെ വിപണി മൂല്യം 1.66 ലക്ഷം കോടി രൂപയായിരുന്നു. ബജാജ് ഫിനാന്‍സിനും ബജാജ് ഫിന്‍ സെ വിനും പിന്നില്‍ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്ക്-ഇതര ധനകാര്യ കമ്പനി എന്ന സ്ഥാനവും ഉറപ്പാക്കിയിരുന്നു. ഇന്നത്തെ വിലയനുസരിച്ച് കമ്പനിയുടെ വിപണി മൂല്യം 1.43 ലക്ഷം കോടിയായി കുറഞ്ഞു.
പ്രതീക്ഷയില്‍ നിരീക്ഷകര്‍
വില്‍പ്പന സമ്മര്‍ദ്ദം നേരിടുന്ന വേളയിലും നിരീക്ഷകര്‍ക്ക് ജെ.എഫ്.എസ് ഓഹരിയില്‍ ശുഭപ്രതീക്ഷയാണ്. ഡിജിറ്റല്‍, റീറ്റെയ്ല്‍ ബിസിസുകളിലുള്ള റിലയന്‍സിന്റെ വിപുലമായ സാന്നിധ്യം ജിയോയ്ക്ക് നേട്ടമാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. റിലയന്‍സിന്റെ കൈവശമുള്ള വിപുലമായ ഡാറ്റകള്‍ വായ്പാ രംഗത്ത് മുന്നേറാന്‍ ജിയോ ഫിനാന്‍സിന് കരുത്തേകും.

എന്നാല്‍ നിലവില്‍ കമ്പനി പ്രവര്‍ത്തനമൊന്നും നടത്തുകയോ വരുമാനം നേടുകയോ ചെയ്യുന്നില്ല. റിലയന്‍സ് ഇന്‍ഡസ്ട്രീല്‍ ജെ.എഫ്.എസിനുള്ള 6.1 ശതമാനം , അതയാത് 41.3 കോടി ഓഹരികളാണ് കമ്പനിയുടെ മൂല്യത്തിന്റെ മുഖ്യപങ്കും. ഏകദേശം 1.04 ലക്ഷം കോടി രൂപ വരുമിത്.

Tags:    

Similar News