നിറപറയ്ക്ക് പിന്നാലെ ബ്രാഹ്‌മിന്‍സ്; വമ്പന്‍ ഏറ്റെടുക്കലുമായി വിപ്രോ

2003ല്‍ ചന്ദ്രിക സോപ്പിനെയും വിപ്രോ ഏറ്റെടുത്തിരുന്നു

Update:2023-04-20 14:18 IST

Image : Wipro website, Brahmins website


2003ല്‍ ചന്ദ്രിക സോപ്പിനെയും 2022ല്‍ ഭക്ഷ്യോത്പന്ന കമ്പനിയായ നിറപറയെയും ഏറ്റെടുത്ത വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്റ് ലൈറ്റിംഗ്, കേരളം ആസ്ഥാനമായുള്ള പ്രമുഖ വെജിറ്റേറിയന്‍ ഭക്ഷ്യോത്പന്ന നിര്‍മ്മാതാക്കളായ ബ്രാഹ്‌മിന്‍സിനെയും ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. ഏറ്റെടുക്കല്‍ തുക എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ബ്രാഹ്‌മിന്‍സ് എന്ന ബ്രാന്‍ഡ് നാമം നിലനിര്‍ത്തും.

അതിവേഗം വളരുന്ന ഭക്ഷ്യവിപണിയില്‍ സാന്നിദ്ധ്യം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാന്‍ഡുകളെ ഏറ്റെടുക്കുന്നതെന്ന് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഫുഡ് ബിസിനസ് പ്രസിഡന്റ് അനില്‍ ചുഗ് പറഞ്ഞു.

ബ്രാഹ്‌മിന്‍സിനെ വിപ്രോ ഏറ്റെടുക്കുന്നത് പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ബ്രാഹ്‌മിന്‍സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീനാഥ് വിഷ്ണു, വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഫുഡ്‌സ് ബിസിനസ് പ്രസിഡന്റ് അനില്‍ ചുഗ്, വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ് സി.എഫ്.ഒ സച്ചിന്‍ ബന്‍സാല്‍ എന്നിവര്‍

ഇനിയും ഏറ്റെടുക്കലുകള്‍

ഭക്ഷ്യോത്പന്ന രംഗത്തു നിന്നും അല്ലാതെയും കേരളത്തില്‍ നിന്ന് ഇനിയും ഏറ്റെടുക്കലുകളുണ്ടാകുമെന്ന സൂചനയും കമ്പനി നല്‍കിയിട്ടുണ്ട്. കൂടാതെ ഭക്ഷ്യ ബിസിനസില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വന്തം ബ്രാന്‍ഡുകള്‍ അവതരിപ്പിക്കാനും വിപ്രോയ്ക്ക് പദ്ധതിയുണ്ട്. ഇതിനകം ദേശീയതലത്തില്‍ 14 കമ്പനികളെ വിപ്രോ ഏറ്റെടുത്തുകഴിഞ്ഞു. 2022-23ല്‍ 10,000 കോടി രൂപയാണ് വിപ്രോയുടെ വിറ്റുവരവ്.

ബ്രാഹ്‌മിന്‍സ് വിറ്റുവരവ് 120 കോടി

2022-23ല്‍ 15 ശതമാനം വളര്‍ച്ചയോടെ 120 കോടി രൂപയുടെ വിറ്റുവരവാണ് ബ്രാഹ്‌മിന്‍സ് നേടിയതെന്ന് അനില്‍ ചുഗ് പറഞ്ഞു. നടപ്പുവര്‍ഷം 15-20 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യം. 2018-19ല്‍ 75 കോടി രൂപയും 2019-20ല്‍ 85 കോടി രൂപയും ആയിരുന്നു. നിലവില്‍ 300 ജീവനക്കാരാണ് ബ്രാഹ്‌മിന്‍സിലുള്ളത്. ഏറ്റെടുക്കലിനു ശേഷവും മുഴുവന്‍ ജീവനക്കാരെയും നിലനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്പനിക്ക് വളരാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ഓഹരികള്‍ വിറ്റഴിക്കുന്നതെന്ന് ബ്രാഹ്‌മിന്‍സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീനാഥ് വിഷ്ണു പറഞ്ഞു. ബ്രാഹ്‌മിന്‍സിന്റെ 100 ശതമാനം ഓഹരികളും വിപ്രോ ഏറ്റെടുത്തിരിക്കുകയാണ്. ഇനി ഉത്പാദനം ബാഹ്‌മിന്‍സും മാര്‍ക്കറ്റിംഗ്, ഡിസ്ട്രിബ്യൂഷന്‍ എന്നിവ വിപ്രോയുമായിരിക്കും. ഇതോടെ റിസര്‍ച്ച് ആന്റ്  ഡവലപ്‌മെന്റില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാകുമെന്നും ശ്രീനാഥ് വിഷ്ണു കൂട്ടിച്ചേര്‍ത്തു.

മസാല കൂട്ടുകള്‍ മുതല്‍ റെഡി ടു കൂക്ക് ഉത്പന്നങ്ങള്‍ വരെ

മെട്രോ നഗരങ്ങളിലും ഒന്നാം കിട നഗരങ്ങളിലുമുള്ള ശക്തമായ സാന്നിധ്യവും സാമ്പാര്‍ മസാലകളിലെ കീര്‍ത്തിയുമാണ് ബ്രാഹ്‌മിന്‍സിനെ ഏറ്റെടുക്കാന്‍ വിപ്രോ മുന്നോട്ടു വരാന്‍ പ്രധാന കാരണം. വെജിറ്റേറിയന്‍ കറി പൗഡറുകള്‍ക്ക് പുറമേ സുഗന്ധവ്യഞ്ജന കൂട്ടുകള്‍, അച്ചാറുകള്‍, അരിപ്പാടി, ഗോതമ്പ് പൊടി, റെഡി-ടു-കുക്ക് ഉത്പന്നങ്ങള്‍ എന്നിവയും വിപണിയിലെത്തിക്കുന്ന കമ്പനിയാണ് ബ്രാഹ്‌മിന്‍സ്.

ശക്തമായ സാന്നിധ്യം

തൊടുപുഴയാണ് ആസ്ഥാനമായുള്ള കമ്പനി പ്രവര്‍ത്തനം തുടങ്ങിയിട്ട് 36 വര്‍ഷം പിന്നിട്ട് കഴിഞ്ഞു. നാല് ഫാക്ടറികളാണ് കമ്പനിക്കുള്ളത്. തൊടുപുഴ, കിഴക്കമ്പലം (എറണാകുളം), രാമപുരം (കോട്ടയം), കോതമംഗലം പൈങ്ങോട്ടൂര്‍ (എറണാകുളം) എന്നിവിടങ്ങളിലാണവ. 12,000 ടണ്ണോളമാണ് മൊത്തം ഉത്പാദനശേഷി.

ബ്രാഹ്‌മിന്‍സിന്റെ ബിസിനസിന്റെ 66 ശതമാനവും കേരളത്തില്‍ നിന്നാണ്.

 നാല് ശതമാനം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 30 ശതമാനം വിദേശ വിപണികളില്‍ നിന്നുമാണ്. യു.കെയാണ് ബ്രാഹ്‌മിന്‍സിന്റെ മുഖ്യ വിദേശ വിപണി. തൊട്ടു പിന്നില്‍ ദുബൈ ആണ്. യു.എസ്, ജി.സി.സി, ആസ്‌ട്രേലിയ എന്നിവിടങ്ങളിലും ബ്രാഹ്‌മിന്‍സിന് സാന്നിധ്യമുണ്ട്.

ഏറ്റെടുക്കലിന് മറ്റ് കമ്പനികളും

വിപ്രോയ്ക്ക് പുറമേ മറ്റ് മുന്‍നിര ദേശീയ കമ്പനികളും കേരളത്തില്‍ നിന്നുള്ള ബ്രാന്‍ഡുകളെ ഏറ്റെടുക്കാന്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. കേരളത്തിലെ പ്രമുഖ മസാല വിപണന കമ്പനിയായ ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ 67.8 ശതമാനം ഓഹരികള്‍ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്‌ല 2020 ല്‍ 1360 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു.


Tags:    

Similar News