ലാഭം കുറഞ്ഞു, വേതനം പാതിയാക്കി വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി
വേതനം 18.19 ലക്ഷം ഡോളറില്‍ നിന്ന് 9.5 ലക്ഷം ഡോളറായി കുറഞ്ഞു
പ്രമുഖ ഐ.ടി കമ്പനിയായ വിപ്രോ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായത്തില്‍ കുറവ് രേഖപ്പെടുത്തിയത് ചെയര്‍മാന്‍ റിഷാദ് പ്രേംജിയുടെ വേതനത്തിൽ 50 ശതമാനം കുറവിനിടയാക്കിയതായി റിപ്പോര്‍ട്ടുകള്‍. യു.എസ്. സെക്യൂരിറ്റി എക്‌സിചേഞ്ചിന് നല്‍കിയ ഫയലിംഗ് അനുസരിച്ച് 2023 സാമ്പത്തിക വര്‍ഷത്തെ ശമ്പളം 9,51,353 ഡോളറാണ്(7.9 കോടി രൂപ). തൊട്ടു മുന്‍ വര്‍ഷം ഇത് 18,19,022 ഡോളറായിരുന്നു.
മുന്‍ സാമ്പത്തിക വര്‍ഷങ്ങളിലെല്ലാം സംയോജിത അറ്റ ലാഭത്തിന്റെ 0.35 ശതമാനം നിരക്കില്‍ റിഷാദ് പ്രേംജിക്ക് കമ്മീഷന്‍ ലഭിച്ചിരുന്നു. എന്നാല്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തില്‍ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് കമ്മീഷന്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ശമ്പളവും അലവന്‍സുകളുമായി 8.6 ലക്ഷം ഡോളറും മറ്റു വരുമാന ഇനത്തില്‍ 15,390 ഡോളറും ദീര്‍ഘകാല കോംപന്‍സേഷനായി 74,343 ഡോളറുമാണ് 2023 സാമ്പത്തിക വര്‍ഷത്തില്‍ പ്രേംജിക്ക് ലഭിച്ചത്.
മുന്‍ സാമ്പത്തിക വര്‍ഷവുമായി നോക്കുമ്പോള്‍ ശമ്പളത്തില്‍ മാത്രം 23 ശതമാനത്തിന്റെ കുറവുണ്ട്. 11.19 ലക്ഷം ഡോളറായിരുന്നു 2022 സാമ്പത്തിക വര്‍ഷത്തെ ശമ്പളം. 2023 സാമ്പത്തിക വര്‍ഷത്തില്‍ വിപ്രോയുടെ അറ്റാദായം മുന്‍വര്‍ഷത്തേതില്‍ നിന്ന് 0.4 ശതമാനം കുറഞ്ഞ് 3,074 കോടി രൂപയാണ്.
ഇതാദ്യമായല്ല പ്രേംജി ശമ്പളം കുറയ്ക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകളിലും വേതനത്തില്‍ 31 ശതമാനം കുറവ് വരുത്തിയിരുന്നു. കമ്പനിയുടെ ലാഭത്തില്‍ കുറവ് വരുമ്പോള്‍ മിക്ക കമ്പനികളുടെയും നേതൃതലത്തിലുള്ളവര്‍ 25 മുതല്‍ 50 ശതമാനം വരെ വേതനം കുറയ്ക്കാറുണ്ട്. 2020 ല്‍ ടി.സി.എസ് സി.ഇ.ഒ രാജേഷ് ഗോപിനാഥിന്റെ ശമ്പളം 16.9 ശതമാനം കുറഞ്ഞിരുന്നു. എല്‍ ആന്‍ഡ് ടി, ഓയോ റൂസ് എന്നിവരുടെ മേധാവികളും ഇത്തരത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ശമ്പളത്തില്‍ കുറവ് വരുത്തിയിരുന്നു.