തായ്‌ലന്റിലെ ആനയുടെ സ്ഥിതിയിലാകുമോ കേരള ടൂറിസം?

വിദേശ സഞ്ചാരികളുടെ വരവ് നിലച്ച സ്ഥിതിയിലായതോടെ ആഭ്യന്തര സഞ്ചാരികളെ മാത്രം ആശ്രയിച്ച് പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണ് കേരളം

Update:2021-02-20 16:23 IST

കിഴക്കന്‍ തായ്ലാന്റിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തില്‍ പട്ടിണി മൂലം അവശനിലയിലായ ആനയുടെ ദുരവസ്ഥ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ലോകമാകെ വൈറലായ വാര്‍ത്തയായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിനോദ സഞ്ചാരമേഖല നിശ്ചലമായതോടെ പട്ടിണിയിലായ ആന എഴുന്നേറ്റു നില്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായി. കേരളത്തിലെ വിനോദ സഞ്ചാര മേഖല തായ്ലാന്റിലെ ആനയുടെ ഗതിയില്‍ അല്ലെങ്കിലും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷമാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖല വറുതിയുടെ പിടിയിലമരുന്നത്. 2018-ലും 19-ലും പ്രളയം വിനോദസഞ്ചാര സീസണുകള്‍ അപഹരിച്ചപ്പോള്‍ 2020-ല്‍ കോവിഡായിരുന്നു വില്ലന്‍. മൂന്നു സീസണുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ അതിജീവന ശേഷിയുള്ളവര്‍ എത്ര ബാക്കിയാവും എന്ന ചോദ്യം സുപ്രധാനമാണ്. 'മൂന്നു സീസണുകള്‍ കേരളത്തിന് നഷ്ടമായെന്ന നിരീക്ഷണം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്.

കേരളത്തിലെ മാത്രമല്ല ലോകമാകെയുള്ള വിനോദ സഞ്ചാര മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇപ്പോഴത്തെ നിലയില്‍ അസാധാരണമായ സംഭവവികാസങ്ങള്‍ ഒന്നുമുണ്ടായില്ലെങ്കില്‍ 2021-22 സീസണ്‍ സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയുടെ തിരിച്ചു വരവിനുള്ള വഴിയൊരുക്കും എന്നാണ് ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷ' ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എബ്രഹാം ജോര്‍ജ് പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലുള്ള ലോക ടൂറിസം സംഘടനയുടെ ഏറ്റവും പുതിയ വിലയിരുത്തലും ഈയൊരു പ്രതീക്ഷയെ പിന്തുണക്കുന്നു. (ടൂറിസം മേഖലയുടെ തിരിച്ചു വരവിന്റെ ഗതിവേഗം എന്ന സ്റ്റോറി കാണുക). കേരളത്തിന്റെ ടൂറിസം മേഖലയിലെ സഞ്ചാരികളില്‍ 90 ശതമാനവും ആഭ്യന്തര വിനോദസഞ്ചാരികള്‍ ആണെന്ന വസ്തുത മഹാമാരി സൃഷ്ടിച്ച ആഘാതത്തിന്റെ പ്രതിസന്ധി ഒരു പരിധിവരെ ലഘൂകരിക്കാന്‍ സഹായിക്കുമെന്ന നിരീക്ഷണം വിനോദസഞ്ചാര മേഖലയിലെ പ്രമുഖര്‍ പൊതുവെ പങ്കു വയ്ക്കുന്നു. കോവിഡിനെ കുറിച്ചുളള ഭീതി ഒഴിയുന്നതോടെ ഉത്തരേന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ കേരളത്തിലേക്കു വരുന്നത് ഗണ്യമായി ഉയരുമെന്നാണ് അവരുടെ പ്രതീക്ഷ. കോവിഡിന്റെ പാരമ്യത്തിലും 2020-21 സീസണില്‍ ഉത്തരേന്ത്യയില്‍ നിന്നും സാധാരണ വരുന്നതിന്റെ 20-25 ശതമാനം സഞ്ചാരികള്‍ കേരളത്തില്‍ എത്തിയിരുന്നു. അതൊരു ശുഭസൂചന ആണ്, ജോര്‍ജ് പറഞ്ഞു.

വിദേശ സഞ്ചാരികള്‍ എത്താന്‍ വൈകും
പുറമേ നിന്നുള്ള മറ്റു വിഷയങ്ങള്‍ ഒന്നുമില്ലെങ്കില്‍ വരുന്ന വര്‍ഷം സഞ്ചാരികളുടെ വരവ് സാധാരണ നിലയിലാവുമെന്നാണ് ശുഭാപ്തി വിശ്വാസികളുടെ വിലയിരുത്തല്‍. അതേ സമയം തിരിച്ചുവരവ് കേരളത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഒരേ താളത്തിലും, വോഗത്തിലും ആവണമെന്ന് നിര്‍ബന്ധമില്ലെന്ന വിലയിരുത്തലും വിദഗ്ധര്‍ പുലര്‍ത്തുന്നു. വിദേശ സഞ്ചാരികള്‍ പൊതുവെ ഇഷ്ടപ്പെടുന്ന വിലയേറിയ ഡെസ്റ്റിനേഷനുകള്‍ തിരിച്ചുവരവിന്റെ പാതയില്‍ എത്തുന്നതിന് കൂടുതല്‍ സമയമെടുത്താല്‍ അത്ഭുതപ്പെടാനില്ലെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. കുമരകം പോലുള്ള ഡെസ്റ്റിനേഷന്‍ ഉദാഹരണാമയി അവര്‍ ചൂണ്ടിക്കാട്ടുന്നു. 'പ്രധാനമായും വിദേശത്തു നിന്നുള്ളവരാണ് കുമരകത്തിന്റെ സഞ്ചാര മേഖലയുടെ ശക്തി. വിദേശ സഞ്ചാരികള്‍ യാത്രയുടെ താളം വീണ്ടെടുക്കുന്നതിന് കൂടുതല്‍ സമയമെടുക്കും', കുമരകത്തെ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു റിസോര്‍ട് മാനേജര്‍ പറഞ്ഞു.
കുമരകത്തെ പല റിസോര്‍ടുകളും ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനു വേണ്ടി നിരക്കുകളില്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നുവെങ്കിലും ഒരു പരിധിക്കപ്പുറും കിഴിവുകള്‍ നല്‍കാന്‍ ആരും തയ്യാറല്ല. 25,000 രൂപയുടെ പാക്കേജ് 20,000 രൂപക്കു നല്‍കുന്നതില്‍ കവിഞ്ഞ കിഴിവുകളൊന്നും ആരും നല്‍കുന്നില്ല, നേരത്തെ സൂചിപ്പിച്ച മാനേജര്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര മേഖലയിലെ ഹോട്ടലുകളും, റിസോര്‍ടുകളും അതിജീവനത്തിന്റെ പാതയിലാണെങ്കിലും ഈ മേഖലയുമായി ബന്ധപ്പെട്ട നിരവധി അനുബന്ധ വ്യവസായങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. ട്രാവല്‍ ഏജന്‍സികള്‍, ടൂര്‍ ഓപറേറ്റര്‍മാര്‍, ടൂറിസ്റ്റ് ടാക്സി സര്‍വീസ് നടത്തിപ്പുകാര്‍ തുടങ്ങിയ പലരും കനത്ത പ്രതിസന്ധിയിലാണ്. പല സ്ഥാപനങ്ങളും താല്‍ക്കാലികമായെങ്കിലും അടച്ചു പൂട്ടിയിരിക്കുകയാണ്.
മീറ്റിംഗ്സ്, ഇന്‍സെന്റീവ്സ്, കോണ്‍ഫെറന്‍സുകള്‍, എക്സിബിഷന്‍സ് അഥവാ മൈസ് എന്ന ചുരുക്കപ്പേരില്‍ അറിഞ്ഞിരുന്ന സെഗ്മന്റ് മുഴുവന്‍ കോവിഡിന്റെ വരവോടെ നിശ്ചലമായി. ഈയൊരു സെഗ്മന്റിന്റെ പുനരുജ്ജീവനത്തെ ആശ്രയിച്ചാണ് ടൂര്‍ ഓപറേറ്റര്‍, ട്രാവല്‍ ഏജന്‍സി, ടാക്സി ഓപറേറ്റേര്‍സ് തുടങ്ങിയവരുടെ ഭാവി. വിവാഹം പോലും പരിമിതമായ ആളുകളുടെ സാന്നിദ്ധ്യം മാത്രമുള്ള ചടങ്ങായതോടെ ആരാണ് ടാക്സി വിളിക്കുകയെന്നാണ് SRM ടാക്സി സര്‍വീസസിലെ ലക്ഷ്വറി വാഹനത്തിലെ ഡ്രൈവറായിരുന്ന സജി പരിതപിക്കുന്നു.
വിനോദ സഞ്ചാര മേഖലയുടെ തിരിച്ചുവരവിനെ പറ്റിയുള്ള ശുഭാപ്തി വിശ്വാസം എല്ലാവരും പുലര്‍ത്തുന്നുവെങ്കിലും ദൂരവ്യാപകമായ മാറ്റങ്ങള്‍ ഈ മേഖലയില്‍ സംഭവിക്കാന്‍ ഇടയുണ്ടെന്നു കരുതുന്നവര്‍ ഏറെയാണ്.
മാറ്റങ്ങളുണ്ടാകും
ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന വ്യക്തികളും, സ്ഥാപനങ്ങളുമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിയ്ക്കുകയെന്നാണ് അവരുടെ അഭിപ്രായം. പ്രതിസന്ധികള്‍ എല്ല വ്യവസായ മേഖലകളിലും പുതിയ തരത്തിലുള്ള കണ്‍സോളിഡേഷനുകള്‍ക്ക് വഴിതെളിക്കാറുണ്ട്. വിനോദ സഞ്ചാര മേഖലയും അത്തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായാല്‍ അത്ഭുതപ്പെടാനില്ല, കേരള ഹോംസ്റ്റേ അസ്സോസിയേഷന്റെ നേതാവായ എംപി ശിവദത്തന്‍ പറഞ്ഞു. സംസ്ഥാനത്തെ ഹൈറേഞ്ചു മേഖലകളിലെ ഹോം സ്റ്റേ സര്‍വീസ് നടത്തുന്നവര്‍ ആഭ്യന്തര സഞ്ചാരികളുടെ വരവോടെ നേട്ടമുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ അതേ സമയം ബാക്ക്വാട്ടര്‍. ബീച്ച് മേഖലകളില്‍ ഇത്തരത്തിലുള്ള സഞ്ചാരികളുടെ വരവ് വളരെ കുറവാണെന്ന് ശിവദത്തന്‍ ചൂണ്ടിക്കാട്ടി. നമ്മുടെ നാട്ടില്‍ നിന്നു തന്നെയുള്ള ആഭ്യന്തര സഞ്ചാരികള്‍ ടൂറിസ്റ്റുകളായി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രവണത വരും വര്‍ഷങ്ങളിലും തുടരുന്ന പക്ഷം ഹോം സ്റ്റേകള്‍ നടത്തുന്നവര്‍ക്ക് ഏറെ ഗുണകരമാകും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. താരതമ്യേന കുറഞ്ഞ നിരക്കുകള്‍, സുരക്ഷിതത്വം, നല്ല ഭക്ഷണം എന്നിവയാണ് കുടുബസമേതം യാത്ര ചെയ്യുന്ന നാടന്‍ ടൂറിസ്റ്റുകള്‍ ഹോംസ്റ്റേ സൗകര്യങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടാനുള്ള കാരണങ്ങള്‍. കഴിഞ്ഞയാഴ്ച കേരള സന്ദര്‍ശനത്തിന് കൊച്ചിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിനോദ സഞ്ചാര മേഖലയെ കുറിച്ച് നടത്തിയ പരാമര്‍ശം ഈ സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നു. സഞ്ചാരികള്‍ ഇല്ലാതാവുന്ന വിനോദ സഞ്ചാരത്തിന്റെ കാലമാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ അഭിപ്രായം. വിദേശത്തു നിന്നുള്ള സഞ്ചാരികള്‍ ഇല്ലാതാവുമ്പോള്‍ ആഭ്യന്തര സഞ്ചാരികളെ മുന്‍നിര്‍ത്തി വ്യവസായം നിലനിര്‍ത്തേണ്ടി വരുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വീക്ഷണം. കേരളത്തിലടക്കമുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ അത്തരം സാധ്യതകള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര സഞ്ചാരികള്‍ രക്ഷകരാകുമോ?
വിദേശത്തു നിന്നുള്ള സഞ്ചാരികള്‍ ഇല്ലാതാവുമ്പോള്‍ സ്വന്തം നാട്ടില്‍ നിന്നുതന്നെയുളള സഞ്ചാരികളുടെ പിന്‍ബലത്തില്‍ വിനോദസഞ്ചാര മേഖല മുന്നോട്ടു പോവണം എന്നെല്ലാമുള്ള ആശയങ്ങള്‍ വളരെ ആകര്‍ഷണീയമാണ്. എന്നാല്‍ അവ എത്രത്തോളം പ്രായോഗികമാണ് എന്ന വിഷയം ബാക്കി നില്‍ക്കുന്നു. വിനോദസഞ്ചാര മേഖലയിലെ മൂലധന നിക്ഷേപത്തിന് ആനുപാതികമായ വരവ് സ്വന്തം നാട്ടിലെ സഞ്ചാരികളില്‍ നിന്നും മാത്രമായി ലഭിക്കുമോ? ആദായകരമായ വരുമാനം ലഭിക്കാത്ത പക്ഷം നിക്ഷേപകരും, സംരഭകരും ഈ മേഖല ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതമാവില്ലേ? ഇപ്പോഴത്തെ പ്രതിസന്ധിഘട്ടം മറികടക്കുന്നതിന് നാടന്‍ ടൂറിസ്റ്റുകള്‍ തീര്‍ച്ചയായും സഹായകമാണ്. എന്നാല്‍ ദീര്‍ഘകാലടിസ്ഥാനത്തില്‍ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ച നാടന്‍ ടൂറിസ്റ്റുകളെ ആശ്രയിച്ചു മാത്രം നിലനിര്‍ത്താനാവില്ല. ഏതായാലും വിനോദസഞ്ചാര മേഖലയിലെ പദ്ധതികളും, നിക്ഷേപങ്ങളും പഴയ വേഗതയില്‍ ആവര്‍ത്തിക്കാനുള്ള സാധ്യത സമീപഭാവിയില്‍ വിരളമായിരിക്കും.
.
കേരള വിനോദ സഞ്ചാര മേഖല അടിസ്ഥാന സ്ഥിതി വിവരകണക്കുകള്‍
.
കേരളം സന്ദര്‍ശിച്ച വിദേശ ടൂറിസ്റ്റുകള്‍: 10,96,407
വിദേശ നാണയം സമ്പാദനം: 8,764.46 കോടി രൂപ
കേരളം സന്ദര്‍ശിച്ച ആഭ്യന്തര ടൂറിസ്റ്റുകള്‍: 1,56, 04, 661
വരുമാനം: 36,258.01 കോടി രൂപ.
(അവലംബം. ടൂറിസം ഡിപാര്‍ട്മെന്റ് 2018)



Tags:    

Similar News