114 യുദ്ധ വിമാനങ്ങള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ച ഇന്ത്യയ്ക്ക് സവിശേഷ ഓഫറുമായി യുഎസ് കമ്പനി. ആധുനിക യുദ്ധ വിമാനമായ എഫ് 21 വാങ്ങാന്‍ ഇന്ത്യ തയാറായാല്‍ ഭാവിയില്‍ മറ്റൊരു രാജ്യത്തിനും ഇത് വില്‍ക്കില്ലെന്നാണ് നിര്‍മാതാക്കളായ യു എസ് എയ്‌റോസ്‌പേസ് കമ്പനിയായ ലോക് ഹീഡ് മാര്‍ട്ടിന്‍ ഉറപ്പു നല്‍കുന്നത്.
കരാര്‍ തങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ ഇതിന്റെ സാങ്കേതിക വിദ്യയോ മറ്റു കാര്യങ്ങളോ വേറൊരു രാജ്യത്തിനും ലഭ്യമാക്കില്ലെന്ന് കമ്പനിയുടെ ബിസിനസ് ഡെവലപ്‌മെന്റ്, സ്ട്രാറ്റജി വിഭാഗം വൈസ് പ്രസിഡന്റ് വിവേക് ലാല്‍ പറഞ്ഞു. ഇന്ത്യയിലെ 60 എയര്‍ ഫോഴ്‌സ് സ്‌റ്റേഷനുകളില്‍ നിന്നും പ്രവര്‍ത്തിപ്പിക്കാനാകുന്ന തരത്തിലാണ് ഇതിന്റെ ഡിസൈന്‍ എന്നും മികച്ച കരുത്താര്‍ന്ന എന്‍ജിന്‍, ഇലക്ട്രോണിക് വാര്‍ ഫെയര്‍ സിസ്റ്റം, കൂടുതല്‍ ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷി എന്നിവയാണ് ഈ യുദ്ധ വിമാനത്തിന്റെ പ്രധാന സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് 114 വിമാനങ്ങള്‍ വാങ്ങുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചത്. ഏകദേശം 1800 കോടി അമേരിക്കന്‍ ഡോളര്‍ വില മതിക്കുന്നതാകും ഈ ഇടപാടെന്നാണ് കരുതുന്നത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ലോകത്തെ ഏറ്റവും വലിയ ആയുധ ഇടപാടായി ഇത് മാറും. എഫ് 21ന് പുറമേ, ബോയിംഗിന്റെ എഫ് എ 18, ദാസ്സോ ഏവിയേഷന്റെ റഫാല്‍, റഷ്യന്‍ എയര്‍ ക്രാഫ്റ്റ് മിഗ് 35 തുടങ്ങിയവയാണ് യുദ്ധ വിമാനങ്ങള്‍ നല്‍കാനായി രംഗത്തുള്ളത്.
ടാറ്റ ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ തന്നെ ഈ യുദ്ധ വിമാനങ്ങള്‍ നിര്‍മിക്കുമെന്ന് മാത്രമല്ല, രാജ്യത്തിന്റെ പ്രതിരോധ ഉല്‍പ്പന്ന നിര്‍മാണ രംഗത്ത് പുതിയ ഇക്കോ സിസ്റ്റം തന്നെ ഇത് സൃഷ്ടിക്കുമെന്നും വിവേക് ലാല്‍ പറയുന്നു. ലോക്ക് ഹീഡിന്റെ തന്നെ എഫ് 16 ബ്ലോക്ക് 70 ജെറ്റുമായി കാഴ്ചയില്‍ സാമ്യം തോന്നാമെങ്കിലും എഫ് 21 അടിമുടി വ്യത്യസ്തമാണെന്ന് അദ്ദേഹം പറയുന്നു