ടെക്കികള്‍ക്ക് വര്‍ക്കേഷന്‍ പദ്ധതിയുമായി കെ.ടി.ഡി.സി
വര്‍ക് ഫ്രം ഹോം, വര്‍ക് നിയര്‍ ഹോം പോലുള്ള പുതുയുഗ തൊഴില്‍ രീതികളുടെ മറ്റൊരു പതിപ്പാണിത്
ഐ.ടി അനുബന്ധ മേഖലകളില്‍ ജോലിയെടുക്കുന്നവര്‍ക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ 'വര്‍ക്കേഷന്‍' പദ്ധതിയുമായി ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനും ടെക്നോപാര്‍ക്കും. അവധിക്കാല ആഘോഷങ്ങളെ തൊഴിലിടവുമായി സംയോജിപ്പിക്കുന്ന പദ്ധതി കേരളത്തില്‍ പ്രാബല്യത്തിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ധാരണാപത്രം കെ.ടി.ഡി.സിയും ടെക്നോപാര്‍ക്കും ഇന്ന് കൈമാറും.
ജീവനക്കാരെ കൂടുതല്‍ ഊര്‍ജസ്വലരാക്കും
ഐ.ടി മേഖലയിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് ടൂറിസം ഡെസ്റ്റിനേഷനുകളില്‍ സമയം ചെലവഴിക്കുന്നതിനൊപ്പം ഓണ്‍ലൈനില്‍ ജോലിയും ചെയ്യാനാകുന്ന പദ്ധതിയാണ് വര്‍ക്കേഷന്‍. വര്‍ക് ഫ്രം ഹോം, വര്‍ക് നിയര്‍ ഹോം പോലുള്ള പുതുയുഗ തൊഴില്‍ രീതികളുടെ മറ്റൊരു പതിപ്പാണിത്. ജീവനക്കാരെ കൂടുതല്‍ ഊര്‍ജസ്വലരാക്കുന്നതിന് ആഗോള കമ്പനികള്‍ വര്‍ക്കേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്.
കുടുംബവുമൊത്തോ സുഹൃത്തുക്കളുമൊത്തോ ഒറ്റയ്ക്കോ ഉള്ള വിനോദസഞ്ചാരത്തിനൊപ്പം ജോലി ചെയ്യേണ്ടി വരുന്നവര്‍ക്കായി ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ പ്രത്യേക ക്രമീകരണങ്ങള്‍ ഓരോ ടൂറിസം ഡെസ്റ്റിനേഷനുകളിലും ഒരുക്കാനുള്ള തയാറെടുപ്പുകളിലാണ് കെ.ടി.ഡി.സി. ഇതിന്റെ ഭാഗമായി ടെക്നോപാര്‍ക്ക് കമ്പനികള്‍ക്ക് പ്രത്യേക പാക്കേജായി ഈ സൗകര്യം ലഭ്യമാക്കുന്നതിനാണ് ധാരണ.