ലോകത്തെ ആദ്യ 'ഹരിത ഹൈഡ്രജന്‍' കണ്ടെയ്‌നര്‍ കപ്പല്‍; നിർമ്മാണത്തിലേക്ക് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്
നോര്‍വേയിലെ കമ്പനിയില്‍ നിന്നാണ് കൊച്ചി കപ്പല്‍ശാലയ്ക്ക് കരാര്‍ ലഭിച്ചത്
ഹരിത ഹൈഡ്രജന്‍ (Green Hydrogen Fuel Cell) ഇന്ധനമായുള്ള ലോകത്തെ ആദ്യ കണ്ടെയ്‌നര്‍ ഫീഡര്‍ വെസ്സലിന്റെ നിര്‍മ്മാണത്തിലേക്ക് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. കപ്പലിന്റെ നിര്‍മ്മാണത്തിന് തുടക്കമിടുന്ന 'സ്റ്റീല്‍ കട്ടിംഗ്' ചടങ്ങ് ഇന്ന് വൈകിട്ട് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നടക്കും.
കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ഈ സീറോ എമിഷന്‍ ഫീഡര്‍ കണ്ടെയ്‌നര്‍ വെസ്സലിന്റെ നിര്‍മ്മാണ കരാര്‍ നോര്‍വേ കമ്പനിയായ സാംസ്‌കിപ്പ് ഗ്രൂപ്പില്‍ നിന്ന് കൊച്ചി കപ്പല്‍ശാല സ്വന്തമാക്കിയത്. 550 കോടി രൂപയുടേതാണ് ഈ അന്താരാഷ്ട്ര കരാര്‍. കരാറിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കി ആദ്യ വെസ്സല്‍ 2025ഓടെ കൈമാറും. 45 അടി നീളമുള്ള 365 കണ്ടെയ്‌നറുകൾ വഹിക്കാന്‍ ശേഷിയുള്ളതാകും വെസ്സല്‍. പ്രതിവര്‍ഷം 25,000 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് എമിഷന്‍ കുറയ്ക്കാന്‍ കപ്പലിന് കഴിയുമെന്നാണ് വിലയിരുത്തൽ.
ഹരിതപാതയില്‍
ഹൈഡ്രജന്‍ ഇന്ധനമായുള്ള, ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മ്മിത യാത്രാക്കപ്പല്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. കൊച്ചി കപ്പല്‍ശാലയിലാണ് ഇത് നിര്‍മ്മിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ ഗംഗാനദിയിലെ സര്‍വീസിനാണ് ഈ ബോട്ട് ഉപയോഗിക്കുക. ഒരുമാസം നീളുന്ന പരീക്ഷണങ്ങള്‍ക്ക് ശേഷം ബോട്ട് വാരാണസിയിലേക്ക് കൊണ്ടുപോകും. 50 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന ബോട്ടാണിത്.
കേന്ദ്രസര്‍ക്കാരിന്റെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും സഹകരണത്തോടെ 1,000 ഹരിത വെസ്സലുകള്‍ പുറത്തിറക്കുകയെന്ന ലക്ഷ്യം കൊച്ചി കപ്പല്‍ശാലയ്ക്കുണ്ട്. ഹൈഡ്രജന്‍, ഇലക്ട്രിക് വെസ്സലുകളാണ് ലക്ഷ്യമിടുന്നത്. ഉള്‍നാടന്‍ ജലഗതാഗത യാത്രയ്ക്ക് ഇവ പ്രയോജനപ്പെടുത്തും.
ഓഹരി നേട്ടത്തില്‍
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരിവില ഇന്ന് നേട്ടത്തിലാണുള്ളത്. 1.55 ശതമാനം ഉയര്‍ന്ന് 866.20 രൂപയാണ് നിലവില്‍ വില. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 283 ശതമാനം നേട്ടം (Return) കൊച്ചി കപ്പല്‍ശാലാ ഓഹരി സമ്മാനിച്ചിട്ടുണ്ട്. 22,800 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം (Market Cap).
ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയും കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ആഭ്യന്തര, അന്താരാഷ്ട്ര തലത്തില്‍ നിന്നായി നിലവില്‍ മൊത്തം 22,000 കോടിയോളം രൂപയുടെ ഓര്‍ഡറുകള്‍ കൈവശമുണ്ട്.