വനിതാ പ്രാതിനിധ്യം കൂട്ടാനൊരുങ്ങി സൊമാറ്റോ
ഈ വര്‍ഷാവസാനത്തോടെ വിതരണ ജീവനക്കാരില്‍ വനിതകളുടെ എണ്ണം 10 ശതമാനമായി വര്‍ധിപ്പിക്കും
ജീവനക്കാരില്‍ വനിതാ പ്രതിനിധ്യം കൂട്ടാനൊരുങ്ങി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ഈ വര്‍ഷാവസാനത്തോടെ വിതരണ ജീവനക്കാരില്‍ വനിതകളുടെ എണ്ണം 10 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് സൊമാറ്റോ വ്യക്തമാക്കി. നിലവില്‍ സൊമാറ്റോയുടെ വിതരണ ജീവനക്കാരില്‍ 0.5 ശതമാനം വനിതകള്‍ മാത്രമാണുള്ളത്. സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയലാണ് ഇക്കാര്യം വെബ്സൈറ്റിലെ ഒരു ബ്ലോഗിലൂടെ വ്യക്തമാക്കിയത്.
'തങ്ങളുടെ വിതരണ ജീവനക്കാരില്‍ വനിതകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് നടത്തുകയാണ്. 2021 അവസാനത്തോടെ ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളില്‍ വിതരണ ജീവനക്കാരില്‍ 10 ശതമാനം വനിതകളെന്ന ലക്ഷ്യം ഞങ്ങള്‍ കൈവരിക്കും' അദ്ദേഹം വ്യക്തമാക്കി.
മൂന്ന് നഗരങ്ങളില്‍ 10 ശതമാനം വനിതാ പങ്കാളിത്തം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള ഒരുക്കങ്ങളും കമ്പനി നടത്തും. എല്ലാ വനിതാ വിതരണ ജീവനക്കാര്‍ക്കുമായി സെല്‍ഫ് ഡിഫന്‍സ് പരിശീലനവും നല്‍കും. പ്രഥമ ശുശ്രൂഷ കിറ്റുകളും ശുചിത്വം പാലിക്കുന്നതിനായി സുരക്ഷാ കിറ്റുകളും ലഭ്യമാക്കും. കൂടാതെ എസ്ഒസ് സംവിധാനം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ തുടങ്ങിയ സംവിധാനങ്ങളും വനിതാ വിതരണ ജീവനക്കാരുടെ സുരക്ഷയ്ക്കായി ഒരുക്കുമെന്നും ഗോയല്‍ അറിയിച്ചു.
Starting today, we are making it our goal to increase women delivery partner participation in our fleet. Currently, there are less than ~0.5% women delivery partners in our fleet and this needs to change.
— Deepinder Goyal (@deepigoyal) June 25, 2021
Here's what we plan to do about it: https://t.co/NKOJXUw1r4 pic.twitter.com/f1jJoUIOin