ആറില്‍ അഞ്ചും നിക്ഷേപകര്‍ക്ക് നഷ്ടം, മെഗാ ഐ.പി.ഒകളുടെ കഥ ഇങ്ങനെ, ചരിത്രം തിരുത്തുമോ ഹ്യുണ്ടായ്?

ആദ്യ ദിനത്തില്‍ ഇതു വരെ 14 മടങ്ങ് സബ്‌സ്‌ക്രിപ്ഷാനാണ് ഹ്യുണ്ടായ് ഐ.പി.ഒയ്ക്ക് ലഭിച്ചത്

Update:2024-10-15 15:55 IST

Image: Canva

ഇന്ത്യന്‍ ഓഹരി വിപണികണ്ട ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഇന്ന് തുടക്കമായി. 28,000 കോടി സമാഹരണം ലക്ഷ്യമിട്ടു നടക്കുന്ന ഐ.പി.ഒയ്ക്ക് മികച്ച സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചതായാണ് ഇതു വരെയുള്ള കണക്കുകള്‍ കാണിക്കുന്നത്. ഐ.പി.ഒ 17നാണ് അവസാനിക്കുക. രണ്ടു മണിവരെയുള്ള  കണക്കനുസരിച്ച് 14 മടങ്ങ് സബ്‌സ്‌ക്രിപ്ഷനാണ് ഐ.പി.ഒയ്ക്ക് ലഭിച്ചത്.

ഈ സാഹചര്യത്തില്‍ ഇതിനുമുമ്പുള്ള മെഗാ ഐ.പി.ഒകളുടെ പ്രകടനം വിലയിരുത്താം. 10,000 കോടിക്കു മുകളില്‍ സമാഹരണം ലക്ഷ്യമിട്ട് ആറോളം ഐ.പി.ഒകളാണ് നടന്നത്. ഇതില്‍ അഞ്ചും നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടാക്കിയതായാണ് കണക്കുകള്‍ കാണിക്കുന്നത്.

എല്‍.ഐ.സിയും പേയ്ടിഎമ്മും പിന്നെ ജി.ഐ.സിയും

2022 മേയില്‍ നടന്ന എല്‍.ഐ.സി ഐ.പി.ഒയാണ് ഇതിനു മുമ്പ് വിപണി കണ്ട ഏറ്റവും വലിയ പബ്ലിക് ഇഷ്യു. ഐ.പി.ഒയ്ക്ക് വിപണിയില്‍ ആവേശകരമായ  പ്രതികരണം നേടാനായെങ്കിലും ലിസ്റ്റിംഗില്‍ പക്ഷെ നിക്ഷേപകരെ നിരാശരാക്കി. ഇഷ്യു വിലയേക്കാള്‍ എട്ട് ശതമാനം ഇടിഞ്ഞായിരുന്നു ലിസ്റ്റിംഗ്. 948 രൂപയായിരുന്നു ഇഷ്യു വില. ലിസ്റ്റിംഗില്‍ വില 904 രൂപയായി. നിലവില്‍ 960 രൂപയിലാണ് ഓഹരിയുടെ വ്യാപാരം. ലിസ്റ്റിംഗ് മുതല്‍ നോക്കിയാല്‍ വെറും 1.2 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്.

18,300 കോടിയുടെ സമാഹരണ ലക്ഷ്യവുമായി എത്തിയ പേയ്ടിഎമ്മിന്റെ ഐ.പി.ഒയ്ക്കും പറയാനുള്ളത്  ലിസ്റ്റിംഗിലെ നഷ്ടക്കഥയാണ്. ലിസ്റ്റിംഗ് ദിനത്തില്‍ ഓഹരിയുടെ മൂല്യം 27 ശതമാനം ഇടിഞ്ഞു. 2,150 രൂപ ലിസ്റ്റിംഗ് വിലയുണ്ടായിരുന്ന ഓഹരി ഇപ്പോള്‍ വ്യാപാരം നടത്തുന്നത് 724 രൂപയ്ക്കടുത്താണ്. അതായത്  പേയ്ടിഎമ്മിന്റെ ഐ.പി.ഒ സമയത്ത് പണം മുടക്കിയവര്‍ ഇപ്പോഴും കനത്ത നഷ്ടത്തില്‍ തന്നെയാണ് തുടരുന്നത്. ഇഷ്യു വിലയേക്കാള്‍ 66 ശതമാനത്തോളം വില താഴ്ന്നു.

ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ 11,257 കോടി സമഹാരണ ലക്ഷ്യവുമായാണ് 2017ല്‍ വിപണിയിൽ  എത്തിയത്. ലിസ്റ്റിംഗ് ദിനത്തില്‍ നിക്ഷേപകര്‍ക്ക് 4.5 ശതമാനം നഷ്ടമാണ് ഓഹരി സമ്മാനിച്ചത്. ഇതുവരെയും ആ നഷ്ടം നികത്താന്‍ നിക്ഷേപകര്‍ക്ക് സാധിച്ചിട്ടുമില്ല. 2018ല്‍ ഓഹരിയൊന്നിന് ഒന്നെന്ന അനുപാതത്തില്‍ ബോണസ് ഇഷ്യു നല്‍കിയിരുന്നു. ഇത് അഡ്ജസ്റ്റ് ചെയ്ത ശേഷവും 14 ശതമാനത്തോളം നഷ്ടത്തിലാണ് ഓഹരി.

അതേപോലെ എസ്.ബി.ഐ കാര്‍ഡ്സ് , റിലയന്‍സ് പവര്‍ എന്നിവയും 10,000 കോടിയ്ക്കുമുകളില്‍ സമാഹരിച്ച ഐ.പി.ഒകളാണ്. ഇവ രണ്ടും നിക്ഷേപകര്‍ക്ക് സമ്പത്തില്‍ നഷ്ടമുണ്ടാക്കി. 2017 നവംബറില്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് 9,586 കോടി രൂപയുടെ ഐ.പി.ഒയുമായെത്തിയിരുന്നു. ലിസ്റ്റിംഗില്‍ ഓഹരിക്ക് ഒമ്പത് ശതമാനത്തോളം നഷ്ടമുണ്ടായി. ഐ.പി.ഒ വിലയേക്കാള്‍ 49 ശതമനം താഴ്ന്നായിരുന്നു ഓഹരിയുടെ വ്യാപാരം.

വേറിട്ട് കോള്‍ ഇന്ത്യ

കോള്‍ ഇന്ത്യ മാത്രമാണ് മെഗാ ഐ.പി.ഒകളില്‍ വേറിട്ട് നിന്നത്. 15,199 കോടി രൂപ സമാഹരിച്ച കോള്‍ ഇന്ത്യ ലിസ്റ്റിംഗ് ദിനത്തില്‍ 40 ശതമാനം അടിച്ചു കയറി. ഓഫര്‍ പ്രൈസിനേക്കാള്‍ 96 ശതമാനത്തിലധികം ഉയര്‍ന്നായിരുന്നു ഓഹരിയുടെ വ്യാപാരം. നിലവില്‍ ഓഹരി വില 500 രൂപയ്ക്കടുത്താണ്. 104 ശതമാനത്തോളം നേട്ടവുമായി നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ ഓഹരിയായി കോള്‍ ഇന്ത്യ മാറി.

രാജ്യത്തെ 10 വലിയ ഐ.പി.ഒകളെടുത്താല്‍ ആറും ലിസ്റ്റിംഗ് ദിനത്തില്‍ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഇതില്‍ ഏഴ് ഓഹരികള്‍ ലിസ്റ്റിംഗിന് ഒരു വര്‍ഷത്തിനു ശേഷവും നഷ്ടത്തിലായിരുന്നു.

ചരിത്രം തിരുത്തുമോ ഹ്യുണ്ടായ്?

ഹ്യുണ്ടായ് ഐ.പി.ഒയ്ക്ക് 12 ഓളം ബ്രോക്കറേജുകളാണ് 'സബ്‌സ്‌ക്രൈബ്' സ്റ്റാറ്റസ് നല്‍കിയത്. കമ്പനിയുടെ മികച്ച പ്രവര്‍ത്തന ഫലങ്ങളും ഇന്‍ഡസ്ട്രിയിലെ മേധാവിത്വവും കരുത്തുറ്റ എസ്.യു.വി നിരയുമൊക്കെയാണ് കമ്പനിക്ക് അനുകൂലഘടകങ്ങളായി വിലയിരുത്തുന്നത്. എന്നാല്‍ ലിസ്റ്റിംഗില്‍ വലിയ നേട്ടം ബ്രോക്കറേജുകള്‍ പ്രവചിക്കുന്നില്ല. മധ്യ-ദീര്‍ഘകാലത്തില്‍ ഓഹരി രണ്ടക്ക വളര്‍ച്ച നല്‍കുമെന്നാണ് ഐ.സി.ഐ.സി.ഒ ഡയറക്ട് വ്യക്തമാക്കിയത്.നിലവിലെ കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ മികച്ച ഭാവിയാണ് കാണുന്നതെന്ന് ബജാജ് ബ്രോക്കിംഗും പറയുന്നു.

ഹ്യുണ്ടായി ഓഹരികളുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം താഴെയാണെന്നത് ലിസ്റ്റിംഗില്‍ വലിയ ഉയര്‍ച്ചയുണ്ടായേക്കില്ല എന്ന സൂചനയാണ് നല്‍കുന്നത്. ഓഹരി വിപണിക്കു പുറത്തുള്ള ഓഹരി വില്‍പ്പനയാണ്ഗ്രേ മാര്‍ക്കറ്റ്. ലിസ്റ്റിംഗ് വിലയുടെ ഒരു സൂചകമായാണ്  ഗ്രേ മാര്‍ക്കറ്റ് പ്രീമിയത്തെ പൊതുവെ കാണുന്നത്. കഴിഞ്ഞ മാസം അവസാനം 570 രൂപ വരെ പ്രീമിയത്തിലായിരുന്നു ഓഹരിയുടെ വ്യാപാരം. കഴിഞ്ഞയാഴ്ച ഇത് 150 രൂപയ്ക്ക് താഴെയായി. പിന്നീട് 65 രൂപയായി കുറഞ്ഞു. ഇന്നലെ അത് 30 രൂപ വരെ താഴ്ന്നു. ഇന്ന് 45 രൂപയായി ഉയരുകയും ചെയ്തു. അതേസമയം, ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ലിസ്റ്റിംഗില്‍ അതേ പോലെ പ്രതിഫലിക്കണമെന്നില്ല.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News