ഒരു വര്‍ഷം മുമ്പത്തെ വിലപിടിച്ച 5 ഓഹരികള്‍, ഇന്ന് എവിടെ നില്‍ക്കുന്നു

കഴിഞ്ഞവര്‍ഷം നിക്ഷേപലോകം നോക്കിനിന്ന ഏറ്റവും വില പിടിച്ച 5 ഓഹരികളില്‍ ഏതൊക്കെ ഉയര്‍ന്നു ഏതൊക്കെ തളര്‍ന്നു, ഒരു തിരിഞ്ഞുനോട്ടം

Update:2022-02-17 12:54 IST

കോവിഡ് മഹമാരിയുടെ ആരംഭത്തോടെ കുത്തനെ ഇടിഞ്ഞ ഓഹരി വിപണി പിന്നീട് താണ്ടിയത് പുതിയ നേട്ടങ്ങളിലാണ്. സെന്‍സെക്‌സ് 50,000 പോയ്ന്റ് കടന്ന് 60,000 ഉം തൊട്ടു. ഇതിനിടെ പല ഓഹരികളും നിക്ഷേപകര്‍ക്ക് മികച്ച നേട്ടങ്ങളും നേടിക്കൊടുത്തു. അവയില്‍ ചെറിയ ഓഹരികള്‍ മുതല്‍ ഏറ്റവും വില പിടിപ്പുള്ള വമ്പന്‍ ഓഹരികള്‍ വരെയുണ്ട്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വില പിടിച്ച 5 ഓഹരികളില്‍ ഏതൊക്കെ ഉയര്‍ന്നു ഏതൊക്കെ ഇടിഞ്ഞു, ഒരു വിശകലനം (2021 ഫെബ്രുവരി 17 വിലയുമായി താരതമ്യം ചെയ്യുന്നു).

1. എംആര്‍എഫ് ലിമിറ്റഡ്:
ഏവരും ഒരു ലക്ഷം കടക്കുമെന്ന ഏറെ പ്രതീക്ഷിച്ച ഓഹരി, എന്നാല്‍ കഴിഞ്ഞ മാസങ്ങളായി ഈ കമ്പനി നേരിട്ടത് വലിയ ഇടിവാണ്. ഒരു വര്‍ഷം മുമ്പ് 89,184 രൂപയുണ്ടായിരുന്ന ആ കമ്പനിയുടെ ഓഹരി വില 65,914 രൂപയിലേക്കാണ് കുത്തനെ ഇടിഞ്ഞത്. 26 ശതമാനത്തിന്റെ ഇടിവ്. 1961ല്‍ ഇന്ത്യയില്‍ ആദ്യമായി ടയര്‍ നിര്‍മാണം ആരംഭിച്ച എംആര്‍എഫ് രാജ്യത്തെ ഏറ്റവും വിലപിടിച്ച ഓഹരിയായി നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. 10 രൂപയാണ് ഈ ഓഹരിയുടെ മുഖിവല.
2. ഹണിവെല്‍ ഓട്ടോമേഷന്‍:
മറ്റ് കമ്പനികള്‍ക്ക് സോഫ്റ്റ് വെയര്‍ ബിസിനസ് സൊലൂഷനുകള്‍ നല്‍കുന്ന കമ്പനിയാണിത്. ഉദാഹരണത്തിന് എയര്‍ക്രാഫ്റ്റുകള്‍ക്ക് കൂടുതല്‍ ഇന്ധനക്ഷമത ആര്‍ജിക്കാനും സമയക്ലിപ്ത പാലിക്കാനുമൊക്കെയുള്ള കാര്യങ്ങള്‍. മാനുഫാക്ചറിംഗ് പ്ലാന്റ്സ്, ബില്‍ഡിംഗുകള്‍, സപ്ലെ ചെയ്ന്‍ എന്നുവേണ്ട നിരവധി മേഖലകളില്‍ സ്മാര്‍ട്ടും സുസ്ഥിരവുമായ പ്രോസസ് ഒരുക്കാന്‍ ഈ കമ്പനി സേവനം നല്‍കുന്നു. 1987ല്‍ ടാറ്റ ഗ്രൂപ്പും അമേരിക്കയിലെ ഹണിവെല്‍ കമ്പനിയും ചേര്‍ന്നാണ് ഇത് രൂപീകരിച്ചത്. 2014ല്‍ സംയുക്ത പങ്കാളിത്തം അവസാനിച്ചു. ഒരു വര്‍ഷം മുമ്പ് 44,290 രൂപയായിരുന്നു ഈ ഓഹരിയുടെ വിലയെങ്കില്‍ ഇന്ന് 41,994 രൂപയിലേക്ക് താഴ്ന്നു. അതായത് 5 ശതമാനത്തിന്റെ ഇടിവ്. 10 രൂപയാണ് ഈ കമ്പനിയുടെ ഓഹരി വില.
3. പേജ് ഇന്‍ഡസ്ട്രീസ്:
ഇന്ത്യ, ബംഗ്ലദേശ്, യുഎഇ, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ ജോക്കി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനും ലൈസന്‍സുള്ള കമ്പനിയാണിത്. ജോക്കിക്ക് പുറമേ സ്പീഡോ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സും പേജിനുണ്ട്.
ഒരു വര്‍ഷം മുമ്പ് 28,309 രൂപയായിരുന്ന കമ്പനിയുടെ ഓഹരി വില 49 ശതമാനം ഉയര്‍ന്ന് ഇന്ന് 42,439 രൂപയിലാണ് എത്തി നില്‍ക്കുന്നത്. 10 രൂപയാണ് ഓഹരിയുടെ മുഖവില.
4. ശ്രീ സിമന്റ്സ്
ഇന്ത്യയില്‍ ഏറ്റവും വിലപിടിച്ച ഓഹരികളിലൊന്നാണ് സിമന്റ് കമ്പനിയായ ശ്രീയുടേത്. ഇന്ത്യയുടെ ഏതാണ്ടെല്ലാഭാഗത്തും ഇവര്‍ക്ക് സാന്നിധ്യമുണ്ട്. ഒരു വര്‍ഷം മുമ്പ് 28,268 രൂപയായിരുന്നു ഈ കമ്പനിയുടെ ഓഹരി വില. എന്നാല്‍ ഒരു വര്‍ഷത്തിനിടെ 11.90 ശതമാനം ഇടിഞ്ഞ് ഓഹരി വില ഇന്ന് 24,900 രൂപയിലെത്തി നില്‍ക്കുന്നു. 10 രൂപയാണ് ഓഹരിയുടെ മുഖവില.
5. 3എം ഇന്‍ഡസ്ട്രീസ്
ഏറ്റവും വൈവിധ്യമാര്‍ന്ന ബിസിനസിന്റെ ഉത്തമ ഉദാഹരണമാണ് 3എം. അടുക്കള പാത്രം വൃത്തിയാക്കുന്ന Scotch Brite മുതല്‍ സര്‍ജിക്കല്‍ സൊലൂഷന്‍ വരെ ഈ കമ്പനി നല്‍കുന്നുണ്ട്. ഒരു വര്‍ഷത്തിനിടെ 0.84 ശതമാനം ഉയര്‍ന്നതല്ലാതെ കാര്യമായ മാറ്റങ്ങളൊന്നും ഈ കമ്പനിയുടെ ഓഹരി വിലയിലുണ്ടായിട്ടില്ലെന്നതാണ് സവിശേഷത. ഇന്ന് 21,976 രൂപയാണ് ഈ കമ്പനിയുടെ ഓഹരി വില. അതിനിടെ 2021 മാര്‍ച്ച് 31ന് ഓഹരി വില 30,000 കടന്നിരുന്നു. 10 രൂപയാണ് ഓഹരിയുടെ മുഖവില.


Tags:    

Similar News