വിപണി മൂല്യം ഉയര്‍ന്നു; ആദ്യ പത്തില്‍ അദാനി കമ്പനി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് വിപണി മൂല്യത്തില്‍ രാജ്യത്ത് ഒന്നാമത്

Update: 2022-11-07 11:36 GMT

രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ച് അദാനി എന്റര്‍പ്രൈസസ് (Adani Enterprises Ltd). വിപണി മൂല്യത്തില്‍ അദാനി എന്റര്‍പ്രൈസസ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പത്താമതാണ്. 451571.54 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. ഐടിസിയെ ആണ് അദാനി പിന്തള്ളിയത്.

ഇന്ന് ബിഎസ്ഇയില്‍ 3,840 രൂപയ്ക്ക് വ്യാപാരം ആരംഭിച്ച അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയായ 4,015ല്‍ എത്തിയിരുന്നു. 128.80 രൂപ അഥവ 3.36 ശതമാനം ഉയര്‍ന്ന് 3,961.15 രൂപയിലാണ് അദാനി എന്റര്‍പ്രൈസസ് വ്യാപാരം അവസാനിപ്പിച്ചത്. 2022 തുടങ്ങിയ ശേഷം അദാനി ഓഹരികള്‍ ഉയര്‍ന്നത് 130.76 ശതമാനം ആണ്. നടപ്പ് സാമ്പത്തിക വര്‍ഷം (FY23) രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 460.94 കോടി രൂപയായിരുന്നു അദാനി എന്റര്‍പ്രൈസസിന്റെ അറ്റാദായം.

മുന്‍വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 212.41 കോടി രൂപയായിരുന്നു. 117 ശതമാനത്തിന്റെ വളര്‍ച്ചയാണ് അറ്റാദായത്തില്‍ ഉണ്ടായത്. അതേ സമയം 2022-23ലെ ആദ്യപാദത്തെ അപേക്ഷിച്ച് അറ്റാദായം 1.81 ശതമാനം ഇടിയുകയായിരുന്നു.  മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അദാനി എന്റര്‍പ്രൈസസിന്റെ വരുമാനം 183 ശതമാനം ഉയര്‍ന്ന് 38,441.46 കോടിയിലെത്തി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് വിപണി മൂല്യത്തില്‍ രാജ്യത്ത് ഒന്നാമത്. 1763157.48 കോടി രൂപയാണ് റിലയന്‍സിന്റെ വിപണി മൂല്യം. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് കമ്പനികള്‍.

Tags:    

Similar News