അദാനിയും ഐ.ടിയും തുണച്ചു; രണ്ടാംനാളിലും സൂചികകളില്‍ നേട്ടം

19.55 ശതമാനം കുതിച്ച് അദാനി എന്റര്‍പ്രൈസസ്, 8% മുന്നേറി മുത്തൂറ്റ് ഫിനാന്‍സും കൊച്ചിന്‍ മിനറല്‍സും; 10% ഇടിഞ്ഞ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

Update: 2023-05-22 12:05 GMT

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ വീണ്ടും അദാനി ഓഹരികളുടെ തേരോട്ടം. ഹിന്‍ഡന്‍ബര്‍ഗ് തൊടുത്തുവിട്ട ആരോപണശരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പാനല്‍ അദാനി ഗ്രൂപ്പിനും സെബിക്കും അനുകൂലമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഇതോടെ, ഇന്നത്തെ ദിനത്തില്‍ കണ്ടത് അദാനി ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകരുടെ വലിയ തിരക്ക്. ഗ്രൂപ്പിന് കീഴിലെ എല്ലാ ഓഹരികളും ഇന്ന് മുന്നേറി. ഗ്രൂപ്പിന്റെ സംയുക്ത വിപണിമൂല്യം വെള്ളിയാഴ്ചത്തെ (മെയ് 19) 9.34 ലക്ഷം കോടി രൂപയില്‍ നിന്ന് 10 ലക്ഷം കോടി രൂപയും കടന്ന് ഇന്ന് കുതിച്ചു.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 


 സെന്‍സെക്‌സ് 234 പോയിന്റ് (0.38 ശതമാനം) ഉയര്‍ന്ന് 61,963.68ലും നിഫ്റ്റി 111 (0.61 ശതമാനം) നേട്ടവുമായി 18,314.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് ഓഹരികള്‍ നേട്ടത്തിലേറുന്നത്. അമേരിക്കയിലെ ഡെറ്റ് സീലിംഗ് ചര്‍ച്ചകള്‍ മന്ദഗതിയിലാണെങ്കിലും സമവായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകലോകം. യൂറോപ്യന്‍ ഓഹരികള്‍ നിര്‍ജീവമായിരുന്നു. എന്നാല്‍, ഏഷ്യയില്‍ ചൈനയുടെ ഷാങ്ഹായ്, ജപ്പാന്റെ നിക്കേയ്, ഹോങ്കോംഗ് വിപണികള്‍ നേട്ടത്തിലായിരുന്നു. ഈ ഉണര്‍വ് ഇന്ത്യയിലും അലയടിച്ചു. അമേരിക്കയിലെ സമവായനീക്കം, അവിടം മികച്ച വരുമാനസ്രോതസ്സായ ഇന്ത്യന്‍ ഐ.ടി കമ്പനികളും ഇന്ന് നേട്ടത്തിന്റേതാക്കി മാറ്റി. നിഫ്റ്റി ഐ.ടി സൂചികയുടെ മുന്നേറ്റം ഇന്ന് 2.49 ശതമാനമാണ്. നിഫ്റ്റി മെറ്റല്‍ സൂചികയുടെ 3.19 ശതമാനം കുതിപ്പും ആവേശം പകര്‍ന്നു.

നേട്ടത്തിലേറിയവര്‍
19.55 ശതമാനം മുന്നേറി അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസസ് തന്നെയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ കമ്പനി. അദാനി വില്‍മാര്‍ 9.99 ശതമാനം മുന്നേറി. മുത്തൂറ്റ് ഫിനാന്‍സ്, ഡിക്‌സണ്‍ ടെക്‌നോളജീസ്, ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ കമ്പനികള്‍. ശ്രേയസ് ഷിപ്പിംഗ് ഓഹരികളും ഇന്ന് 20 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തി.
ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഓഹരികൾ 

 

ടെക് മഹീന്ദ്ര, വിപ്രോ, ടി.സി.എസ്., ഇന്‍ഫോസിസ്, എച്ച്.സി.എല്‍ ടെക്, സണ്‍ഫാര്‍മ, എല്‍ ആന്‍ഡ് ടി എന്നീ വന്‍കിട ഓഹരികളില്‍ ദൃശ്യമായ മികച്ച വാങ്ങല്‍ ട്രെന്‍ഡും ഓഹരികള്‍ക്ക് ഇന്ന് നേട്ടത്തിലേക്ക് വഴിതുറന്നു. വാഹനം, എഫ്.എം.സി.ജി., ഫാര്‍മ. പി.എസ്.യു ബാങ്ക് ഓഹരികളും ഇന്ന് നേട്ടത്തിലായിരുന്നു.
നിരാശപ്പെടുത്തിയവര്‍
ഗ്ലാന്‍ഡ് ഫാര്‍മ, സിയമന്‍സ്, സൊമാറ്റോ, ദേവയാനി ഇന്റര്‍നാഷണല്‍, പി.ബി. ഫിന്‍ടെക് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയവ. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയും നഷ്ടത്തിലാണ്.
ഇന്ന് ഏറ്റവുമധികം നിരാശപ്പെടുത്തിയവർ 

 

നാലാംപാദ ലാഭം 72 ശതമാനം കുറഞ്ഞതും തെലങ്കാനയിലെ പ്ലാന്റ് മോശം ഡിമാന്‍ഡിന്റെ പശ്ചാത്തലത്തില്‍ അടയ്‌ക്കേണ്ടി വന്നതും ഗ്ലാന്‍ഡ് ഫാര്‍മയ്ക്ക് തിരിച്ചടിയായി. 16.12 ശതമാനം ഇടിവാണ് കമ്പനിയുടെ ഓഹരികളില്‍ ഇന്നുണ്ടായത്. നിഫ്റ്റി ബാങ്ക്, മീഡിയ, പ്രൈവറ്റ് ബാങ്ക് ഓഹരികളും ഇന്ന് നഷ്ടത്തിലായിരുന്നു.
രൂപയും സ്വര്‍ണവും ക്രൂഡോയിലും
രൂപ ഇന്ന് ഡോളറിനെതിരെ 16 പൈസ താഴ്ന്ന് 82.83ലാണ് വ്യാപാരാന്ത്യമുള്ളത്. അമേരിക്കയിലെ ഡെറ്റ് സീലിംഗ് ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഡോളര്‍ മറ്റ് പ്രമുഖ രാജ്യാന്തര കറന്‍സികള്‍ക്കെതിരെ മുന്നേറിയതോടെ രൂപയും ദുര്‍ബലമാകുകയായിരുന്നു. സ്വര്‍ണത്തിന് രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് വില 5.51 ഡോളര്‍ താഴ്ന്ന് 1,975.4 ഡോളറായിട്ടുണ്ട്. ക്രൂഡോയില്‍ വില 0.10-0.15 ശതമാനം വരെ നേട്ടത്തിലാണ്. ഡബ്ല്യു.ടി.ഐ ക്രൂഡ് വില ബാരലിന് 71.62 ഡോളറിലെത്തി; ബ്രെന്റ് ക്രൂഡിന് വില 75.69 ഡോളര്‍.
മുന്നേറി മുത്തൂറ്റ്, തളര്‍ന്ന് കൊച്ചി കപ്പല്‍ശാല
നാലാംപാദ പ്രവര്‍ത്തനഫലത്തില്‍ ലാഭക്കണക്കില്‍ വലിയ മുന്നേറ്റമുണ്ടായില്ലെങ്കിലും സ്വര്‍ണവായ്പകളിലെ റെക്കോഡ് വര്‍ദ്ധനയുടെയും ഉയര്‍ന്ന ഡിവിഡന്‍ഡിന്റെയും പശ്ചാത്തലത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ ഇന്ന് 8.72 ശതമാനം ഉയര്‍ന്നു. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ഓഹരികളും 8.30 ശതമാനം നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ ഇന്നത്തെ നിലവാരം 

 

അതേസമയം, പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത പ്രവര്‍ത്തനഫലം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെയും മുത്തൂറ്റ് കാപ്പിറ്റലിന്റെയും ഓഹരികളില്‍ ഇന്ന് കനത്ത വില്‍പ്പന സമ്മര്‍ദ്ദം സൃഷ്ടിച്ചു; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിവില 10.07 ശതമാനം ഇടിഞ്ഞു. മുത്തൂറ്റ് കാപ്പിറ്റല്‍ ഓഹരികള്‍ നേരിട്ട നഷ്ടം 8.89 ശതമാനം. സ്‌കൂബിഡേ 3.85 ശതമാനം, വെര്‍ട്ടെക്‌സ് 4.78 ശതമാനം എന്നിവയും നഷ്ടത്തിലാണ്. വണ്ടര്‍ല, നിറ്റ ജെലാറ്റിന്‍, കല്യാണ്‍ ജുവലേഴ്‌സ്, ധനലക്ഷ്മി ബാങ്ക്, ആസ്റ്റര്‍, അപ്പോളോ ടയേഴ്‌സ് എന്നിവ ഭേദപ്പെട്ട നേട്ടം കുറിച്ചു.
Tags:    

Similar News