2023: കേരള ഓഹരികളില്‍ മിന്നിത്തിളങ്ങി കല്യാണ്‍ ജുവലേഴ്‌സും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും

കുതിച്ച് കേരള ആയുര്‍വേദ, ഫാക്ട്; നിരാശപ്പെടുത്തിയത് ഏതാനും കമ്പനികള്‍ മാത്രം

Update:2023-12-29 23:14 IST

Image : Canva

ഓഹരി സൂചികകളെ റെക്കോഡിലേക്ക് ഉയര്‍ത്തിയാണ് 2023ലെ വ്യാപാര ദിനങ്ങള്‍ക്ക് തിരശീല വീണത്. കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികള്‍ക്കും പൊതുവേ 2023 ആവേശത്തിന്റെ വര്‍ഷമായിരുന്നു. വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രമാണ് നിക്ഷേപകര്‍ക്ക് നഷ്ടം സമ്മാനിച്ചത്.

ഓഹരിവിപണിയിലെ കല്യാണമേളം
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ 2023ല്‍ നിക്ഷേപകര്‍ക്ക് ഏറ്റവുമധികം നേട്ടം സമ്മാനിച്ചത് പ്രമുഖ ജുവലറി ശൃംഖലയായ കല്യാണ്‍ ജുവലേഴ്‌സിന്റെ ഓഹരികളാണ്. 180.31 ശതമാനമാണ് കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ കുറിച്ചിട്ട കുതിപ്പ്.
2023ലെ കേരളത്തിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനികളുടെ പ്രകടനം

 

ഈ വര്‍ഷാദ്യം കല്യാണ്‍ ജുവലേഴ്‌സ് ഓഹരിക്ക് വില 126.45 രൂപ മാത്രമായിരുന്നു. വര്‍ഷാന്ത്യത്തില്‍ വില 354.45 രൂപയാണ്. 200 ഷോറൂമുകളെന്ന നാഴിക്കല്ല് ഈ വര്‍ഷം പിന്നിട്ട കമ്പനി ഏതാനും വർഷങ്ങൾക്കകം ഷോറൂമുകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ടൈറ്റന്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ജുവലറി കമ്പനിയായ കല്യാണ്‍ ജുവലേഴ്‌സിന്റെ വിപണിമൂല്യം 36,000 കോടി രൂപ ഭേദിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ഏറ്റവും മൂല്യമേറിയ 5 ലിസ്റ്റഡ് കമ്പനികളിലുമൊന്നാണ് കല്യാണ്‍.
മുന്നേറ്റത്തിന്റെ കപ്പല്‍ശാല; പൊറിഞ്ചുവിന്റെ ആയുര്‍വേദ
153.20 ശതമാനം നേട്ടം സമ്മാനിച്ച് 2023ല്‍ ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ കേരള കമ്പനിയെന്ന പട്ടം ചൂടിയത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡാണ്. 534 രൂപയില്‍ നിന്ന്  1,353 രൂപയിലേക്കാണ് ഓഹരി വില കുതിച്ചത്.
പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള ഓര്‍ഡറുകളും യൂറോപ്പില്‍ നിന്നടക്കമുള്ള കയറ്റുമതി ഓര്‍ഡറുകളും പകര്‍ന്ന ഊര്‍ജവുമായാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ കുതിച്ചത്. 2023 സെപ്റ്റംബര്‍ വരെയുള്ള കണക്കുപ്രകാരം മൊത്തം 22,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ കപ്പല്‍ശാലയ്ക്കുണ്ട്. പുതുതായി 488 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൂടി പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ചെന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വ്യക്തമാക്കിയിരുന്നു.
ഓഹരി വിഭജന പദ്ധതിയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ജനുവരി 10 ആണ് ഇതിനുള്ള റെക്കോഡ് തീയതി. 10 രൂപ മുഖവിലയുള്ള ഓഹരിയെ 5 രൂപ മുഖവിലയുള്ള രണ്ട് ഓഹരികളായാണ് വിഭജിക്കുക.
152.13 ശതമാനം നേട്ടവുമായി കേരള ആയുര്‍വേദയാണ് കേരള കമ്പനികളില്‍ നേട്ടത്തില്‍ മൂന്നാംസ്ഥാനത്ത്. 105.80 രൂപയില്‍ നിന്ന് 266.75 രൂപയായാണ് ഓഹരി വില ഉയര്‍ന്നത്. പ്രമുഖ നിക്ഷേപകനും പോര്‍ട്ട്‌ഫോളിയോ മാനേജരുമായ പൊറിഞ്ചു വെളിയത്ത് കേരള ആയുര്‍വേദയിലെ ഓഹരി പങ്കാളിത്തം 4.82 ശതമാനത്തില്‍ നിന്ന് 5.17 ശതമാനമായി അടുത്തിടെ ഉയര്‍ത്തിയിരുന്നു.
വണ്ടര്‍ലയും ഫാക്ടും
2023ല്‍ ഏറ്റവും തിളങ്ങിയ കേരള ഓഹരികളില്‍ നാലാംസ്ഥാനത്ത് വണ്ടര്‍ല ഹോളിഡെയ്‌സ് ആണ്. 341.80 രൂപയില്‍ നിന്ന് ഓഹരി വില 146.39 ശതമാനം കുതിച്ച് 842.15 രൂപയിലാണ് എത്തിയത്. ചെന്നൈയില്‍ 400 കോടി രൂപ നിക്ഷേപത്തോടെ പുതിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ആരംഭിക്കാന്‍ വണ്ടര്‍ലയ്ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി ലഭിച്ചത് ഓഹരികള്‍ക്ക് ആവേശമായിരുന്നു. ഒഡീഷയിലും പുതിയ പാര്‍ക്ക് സ്ഥാപിക്കാനുള്ള ഒരുക്കങ്ങളിലാണ് വണ്ടര്‍ല.
കൊച്ചി ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ വളം നിര്‍മ്മാണക്കമ്പനിയായ ഫാക്ട് ആണ് അഞ്ചാംസ്ഥാനത്ത്. 2023 ഫാക്ടിനെ സംബന്ധിച്ച് അവിസ്മരണീയവുമാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഫാക്ട് ഓഹരിക്ക് വില 371.70 രൂപയായിരുന്നു. ഇപ്പോള്‍ വില 806.25 രൂപ. മുന്നേറ്റം 116.91 ശതമാനം.
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ 50,000 കോടി രൂപ വിപണിമൂല്യം കവിയുന്ന രണ്ടാമത്തെ മാത്രം കമ്പനിയെന്ന നേട്ടവും ഫാക്ട് ഇക്കൊല്ലം സ്വന്തം പേരിലാക്കി. മുത്തൂറ്റ് ഫിനാന്‍സാണ് (59,231 കോടി രൂപ). ഒന്നാമത്. 52,024 കോടി രൂപയാണ് ഫാക്ടിന്റെ നിലവിലെ വിപണിമൂല്യം.
സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ്, കിംഗ്‌സ് ഇന്‍ഫ്ര, ആസ്റ്റര്‍, സി.എസ്.ബി ബാങ്ക്, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് എന്നിവയാണ് ടോപ് 10ലുള്ള മറ്റ് കമ്പനികള്‍. 71 മുതല്‍ 98.5 ശതമാനം വരെ നേട്ടമാണ് ഇവ കുറിച്ചത്.
ഇവരാണ് നിരാശാതാരങ്ങള്‍
യൂണിറോയല്‍ മറീന്‍ (21.58%) ആണ് കേരള കമ്പനികളില്‍ ഏറ്റവുമധികം നഷ്ടം 2023ല്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. 14.79 ശതമാനം ഇടിഞ്ഞ സ്‌കൂബിഡേയാണ് രണ്ടാമത്. 14.31 ശതമാനം നഷ്ടവുമായി എ.വി.ടി മൂന്നാമതും.
ഇന്‍ഡിട്രേഡ്, കെ.എസ്.ഇ., സെല്ല സ്‌പേസ് എന്നിവയുമാണ് ഈ വര്‍ഷം നഷ്ടത്തിലേക്ക് വീണ കേരള ഓഹരികള്‍. അടുത്തിടെ മാത്രം ഓഹരി വിപണിയിലെത്തിയ മുത്തൂറ്റ് മൈക്രോഫിന്‍ ഐ.പി.ഒയ്ക്ക് ശേഷം ഇതുവരെ 13.68 ശതമാനം നഷ്ടത്തിലാണുള്ളത്.
Tags:    

Similar News