ആദിത്യ ബിര്‍ല സണ്‍ലൈഫ് അസറ്റ് മാനേജ്‌മെന്റ് ഐപിഒ 29ന് തുറക്കും: സമാഹരിക്കുന്നത് 2,768 കോടി, കൂടുതല്‍ വിവരങ്ങളിതാ

695-712 രൂപ പ്രൈസ് ബാന്‍ഡിലാണ് പ്രാരംഭ ഓഹരി വില്‍പ്പന

Update: 2021-09-25 05:47 GMT

ആദിത്യ ബിര്‍ല സണ്‍ലൈഫ് അസറ്റ് മാനേജ്‌മെന്റിന്റെ പ്രാരംഭ ഓഹരി വില്‍പ്പന സെപ്റ്റംബര്‍ 29 മുതല്‍ ഓക്ടോബര്‍ ഒന്നുവരെയായി നടക്കും. ഐപിഒയിലൂടെ 2,768 കോടി രൂപയാണ് സമാഹരിക്കുന്നത്. കൂടാതെ, മൊത്തം മൂല്യം 20,500 കോടി രൂപയായി ഉയര്‍ത്താനും ആഭ്യന്തര മ്യൂച്വല്‍ ഫണ്ട് ഹൗസ് ലക്ഷ്യമിടുന്നുണ്ട്. ഒരു ഓഹരിക്ക് 695-712 രൂപ പ്രൈസ് ബാന്‍ഡാണ് നിശ്ചയിച്ചിരിക്കുന്നത്.

ഐപിഒ പൂര്‍ണമായും പ്രമോട്ടര്‍മാരായ ആദിത്യ ബിര്‍ള ക്യാപിറ്റല്‍ (എബിസിഎല്‍), സണ്‍ ലൈഫ് എഎംസി എന്നിവയുടെ സെക്കന്‍ഡറി ഓഹരി വില്‍പ്പനയാണ്. ഏകദേശം 203 കോടി രൂപ സമാഹരിക്കാന്‍ എബിസിഎല്‍ 2.85 ദശലക്ഷം ഓഹരികളാണ് വില്‍ക്കുന്നത്, അതിന്റെ ഓഹരിയുടെ ഒരു ശതമാനത്തില്‍ താഴെയാണിത്. കനേഡിയന്‍ സ്ഥാപനമായ സണ്‍ ലൈഫ് 12.56 ശതമാനത്തോളം പങ്കാളിത്തവും ഓഹരിവില്‍പ്പനയിലൂടെ കൈമാറും. 36 ദശലക്ഷം ഓഹരികള്‍ വിറ്റഴിച്ച് 2565 കോടി രൂപയാണ് സണ്‍ ലൈഫ് എഎംസി സമാഹരിക്കുന്നത്. നിലവില്‍ 51 ശതമാനം ഓഹരികള്‍ ആദിത്യ ബിര്‍ള ക്യാപിറ്റലിന്റേതും ബാക്കി 49 ശതമാനം സണ്‍ ലൈഫിന്റേതുമാണ്. ഐപിഒ നടന്നുകഴിഞ്ഞാല്‍ ഫണ്ട് ഹൗസിലെ മൊത്തം പ്രൊമോട്ടര്‍ ഓഹരികള്‍ 100 ശതമാനത്തില്‍ നിന്ന് 86.5 ശതമാനമായി കുറയും.
കഴിഞ്ഞ ഏപ്രിലിലാണ് ആദിത്യ ബിര്‍ല സണ്‍ ലൈഫ് അസറ്റ് മാനേജ്മെന്റ് ഐപിഒയ്ക്കായി സെബിക്ക് മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചത്. ഓഗസ്റ്റോട് ഇത് അംഗീകരിക്കുകയും ചെയ്തു. 2021 ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം, മൂന്ന് ട്രില്യണ്‍ രൂപയിലധികം ആസ്തികളുള്ള രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ഇതര അഫിലിയേറ്റഡ് ഫണ്ട് ഹൗസാണ് ആദിത്യ ബിര്‍ള മ്യൂച്വല്‍ ഫണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഫണ്ട് ഹൗസ് നികുതിക്ക് ശേഷം 155 കോടി രൂപയുടെ ലാഭമാണ് നേടിയത്. മുന്‍കാലയളവിനേക്കാള്‍ 59 ശതമാനത്തിന്റെ വളര്‍ച്ച.


Tags:    

Similar News