അറ്റാദായം 32 ശതമാനം ഉയര്‍ന്നു, ലാഭവിഹിതം പ്രഖ്യാപിച്ച് ഏഷ്യന്‍ പെയിന്റ്‌സ്

പ്രതീക്ഷിച്ച ലാഭം നേടാനാവാത്തത് ഓഹരി വിപണിയില്‍ തിരിച്ചടിയായി

Update: 2022-10-20 09:52 GMT

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (ജൂലൈ-ഓഗസ്റ്റ്) 803 കോടി രൂപയുടെ അറ്റാദായം (Net Profit) നേടി ഏഷ്യന്‍ പെയിന്റ്‌സ് (Asian Paints Ltd). മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 32 ശതമാനം വര്‍ധനവാണ് ഉണ്ടായത്. അതേ സമയം ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തിലേക്കാള്‍ അറ്റാദായം 22 ശതമാനം ഇടിഞ്ഞു.

കഴിഞ്ഞ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 1,036 കോടി രൂപയായിരുന്നു ഏഷ്യന്‍ പെയിന്റ്‌സിന്റെ അറ്റാദായം. ലാഭം പ്രതീക്ഷിച്ച രീതിയില്‍ ഉയരാഞ്ഞത് ഓഹരി വിപണിയില്‍ കമ്പനിക്ക് തിരിച്ചടിയായി. നിലവില്‍ 94.85 രൂപ അഥവാ 2.95 ശതമാനം ഇടിഞ്ഞ് 3,120 രൂപയിലാണ് (2.30 PM) ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികളുടെ വ്യാപാരം നടക്കുന്നത്.

ജൂലൈ-ഓഗസ്റ്റ് കാലയളവില്‍ കമ്പനിയുടെ ഏകീകൃത വരുമാനം 19 ശതമാനം ഉയര്‍ന്ന് 8457 കോടി രൂപയിലെത്തി. അതേ സമയം മുന്‍പാദത്തെ അപേക്ഷിച്ച് വരുമാനം 1.7 ശതമാനം ഇടിയുകയാണ് ചെയ്തത്. രാജ്യത്തെ മണ്‍സൂണ്‍ നീണ്ടതാണ് ഏഷ്യന്‍ പെയ്ന്റ്‌സിന്റെ വരുമാനം കുറയാന്‍ കാരണം.

ഏഷ്യന്‍ പെയിന്റ്‌സിന്റെ ഇന്റര്‍നാഷണല്‍ ബിസിനസ് 15.3 ശതമാനം വളര്‍ച്ച നേടി. ബാത്ത് ഫിറ്റിംഗ്, കിച്ചണ്‍ ബിസിനസുകള്‍ യഥാക്രമം നേടിയത് 10.9 ശതമാനം, 14.2 ശതമാനം വീതം വളര്‍ച്ചയാണ്. ഓഹരി ഒന്നിന് 4.40 രൂപ ഇടക്കാല ലാഭ വിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ പത്തിനോ അതിന് ശേഷമോ ആവും നിക്ഷേപകര്‍ക്ക് ലാഭവിഹിതം ലഭിക്കുക.

Tags:    

Similar News