റെക്കോഡുകള്‍ തകര്‍ത്ത് ബജാജ് ഹൗസിംഗ് ഫിനാന്‍സ്, ലിസ്റ്റിംഗില്‍ നേട്ടം തുടരുമോ?
ഐ.പി.ഒയ്ക്ക് ലഭിച്ചത് 63.61 മടങ്ങ് അപേക്ഷകള്‍, അലോട്ട്‌മെന്റ് ലഭിച്ചോയെന്ന് അറിയാനുള്ള വഴി ഇതാ
ബജാജ് ഹൗസിംഗ് ഫിനാന്‍സിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഇന്നലെ തിരശീല വീണത് റെക്കോഡ് പെരുമയോടെയാണ്. 6,6560 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഓഹരിക്ക് ലഭിച്ചത് മൂന്ന് ലക്ഷം കോടി രൂപയുടെ ഓഹരികള്‍ക്കുള്ള അപേക്ഷകളാണ്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയർന്ന സബ്‌സ്‌ക്രിപ്ഷനാണിത്.
ഗ്രേ മാര്‍ക്കറ്റ് പ്രീമിയം നല്‍കുന്ന സൂചന
60-70 രൂപയായിരുന്നു ഐ.പി.ഒയുടെ ഓഫര്‍ വില. ബജാജ് ഫിനാന്‍സിന്റെ ബുക്ക് വാല്യുവിന്റെ 3.7 മടങ്ങാണ് അപ്പര്‍ പ്രൈസ് ബാന്‍ഡ്. സമാന മേഖലയിലെ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ മൂല്യത്തിലാണ് ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത്. ഗ്രേ മാര്‍ക്കറ്റില്‍ 74 രൂപ പ്രീമിയത്തിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. അതനുസരിച്ച് ലിസ്റ്റിംഗ് വില 143 രൂപ വരെയാകാമെന്നാണ് വിലയിരുത്തലുകള്‍. അതായത് 104.29 ശതമാനം ലിസ്റ്റിംഗ് നേട്ടം. മിക്ക ബ്രോക്കറേജുകളും പോസിറ്റീവ് ഔട്ട്‌ലുക്കാണ് ബജാജ് ഹൗസിംഗ് ഫിനാന്‍സ് ഐ.പി.ഒയ്ക്ക് നല്‍കിയിരുന്നത്. ചോള സെക്യൂരിറ്റീസ്, ഐ.ഡി.ബി.ഐ ക്യാപിറ്റല്‍, നിര്‍മല്‍ ബാംഗ് സെക്യൂരിറ്റീസ്, റിലയന്‍സ് സെക്യൂരിറ്റീസ് എന്നിവ സബ്‌സ്‌ക്രൈബ് ശിപാര്‍ശ നല്‍കിയിരുന്നു.
ഓഹരി കിട്ടിയോ? അറിയാം
ഐ.പി.ഒയില്‍ പങ്കെടുത്ത നിക്ഷേപകരില്‍ നിന്ന് അര്‍ഹരെ കണ്ടെത്താനുള്ള നടപടികള്‍ ഇന്നായിരുന്നു. സെപ്റ്റംബര്‍ 16നാണ് ഓഹരികള്‍ ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്യുക.