നിക്ഷേപകരേ, ബെഞ്ചമിന്‍ ഗ്രഹാമിന്റെ ഈ 3 അടിസ്ഥാന പ്രമാണങ്ങള്‍ അറിയാതെ ഇന്‍വെസ്റ്റ് ചെയ്യരുത്!
എടുത്തുചാട്ടവും സെന്‍സില്ലാത്ത പെരുമാറ്റവും അതിവേഗം സമ്പത്ത് ആര്‍ജിക്കാനുള്ള ആര്‍ത്തിയും കൂടെ ചേരുമ്പോള്‍ നിക്ഷേപകര്‍ അപകടത്തില്‍ ചെന്നുചാടുക തന്നെ ചെയ്യും. അതിനാല്‍ അനുയോജ്യമായ സ്ട്രാറ്റജിയോടെ മുന്നോട്ട് പോകണം
വാല്യു ഇന്‍വെസ്റ്റിംഗിന് മൂന്ന് അടിസ്ഥാന പ്രമാണങ്ങളാണുള്ളത്. ബെഞ്ചമിന്‍ ഗ്രഹാം പറഞ്ഞിരിക്കുന്ന അടിസ്ഥാന പ്രമാണങ്ങളില്‍ ഈ മൂന്നെണ്ണം വളരെ പ്രധാനമാണ്. നിക്ഷേപകര്‍ ഈ പ്രമാണങ്ങള്‍ പിന്തുടരാത്ത പക്ഷം അവര്‍ക്ക് വാല്യു ഇന്‍വെസ്റ്റിംഗ് നടത്താനും കഴിയില്ല. എങ്ങനെയാണ് ശരിയായ നിക്ഷേപ തന്ത്രം മെനയുക? എങ്ങനെയാണ് അടിസ്ഥാന തത്വങ്ങള്‍ മനസ്സിലാക്കി ശരിയായ സമയത്ത് നീക്കങ്ങള്‍ നടത്തുക? ഇതാ ഈ പ്രമാണങ്ങള്‍ വായിക്കൂ.
മൂന്ന് അടിസ്ഥാന പ്രമാണങ്ങള്‍
1. 'മിസ്റ്റര്‍ മാര്‍ക്കറ്റ്' അങ്ങേയറ്റം കിറുക്കനാണ്. എന്നാല്‍ എല്ലാ സമയവും എല്ലാ കാര്യത്തിലും കിറുക്കാനാകണമെന്നുമില്ല. അതുകൊണ്ട് മിസ്റ്റര്‍ മാര്‍ക്കറ്റിനെ അനുകൂലമായി ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് സെന്‍സിബ്ളായ ഒരു സ്ട്രാറ്റജി വേണം. എന്തുകൊണ്ടാണ് വിപണി കിറുക്കനാകുന്നതെന്നതിന്റെ കാരണം കണ്ടെത്തണം. അത് ആര്‍ത്തി കൊണ്ടാണോ പേടി കൊണ്ടാണോ? സാധ്യമെങ്കില്‍ അതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുക.
2. രണ്ടാമതായി, നാം സ്വന്തമാക്കുന്ന ഓഹരികളുടെ കാര്യത്തില്‍ പുലര്‍ത്തേണ്ട തത്വശാസ്ത്രമാണ്. ഒരു കമ്പനിയുടെ ഓഹരി വാങ്ങുകയെന്നാല്‍ ആ കമ്പനിയുടെ ഉടമസ്ഥാവകാശത്തിന്റെ ചെറിയൊരു ഭാഗം വാങ്ങുകയെന്നതാണ്. നിക്ഷേപകന് വാങ്ങുന്നത് ബിസിനസിന്റെ ഭാഗമാണ്. അതുകൊണ്ട് എന്ത് ബിസിനസാണ് നിങ്ങള്‍ വാങ്ങുന്നത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ വേണം. അറിയാത്ത ബിസിനസ് നിങ്ങള്‍ വാങ്ങുമോ? ഓഹരിയില്‍ നിക്ഷേപം നടത്തുമ്പോള്‍ കമ്പനിയുടെ ഉടമയുടെ മനോഭാവമാണ് വേണ്ടത്. അടുത്ത ത്രൈമാസത്തിലേക്കോ അല്ലെങ്കില്‍ അടുത്ത വര്‍ഷത്തിലേക്കോ മാത്രം നോക്കിയല്ലല്ലോ നാം ബിസിനസ് നടത്തുക?
3. ഗ്രഹാം മുന്നോട്ട് വെയ്ക്കുന്ന മൂന്നാമത്തെ പ്രമാണം, മാര്‍ജിന്‍ ഓഫ് സേഫ്റ്റിയാണ്. ബിസിനസുകള്‍ വാങ്ങുന്നതിന്റെ, അതായത് ഓഹരികള്‍ വാങ്ങുന്ന വിലയുമായി ബന്ധപ്പെട്ടുള്ളതാണിത്. ഓഹരികള്‍ എന്ത് വിലയ്ക്കും വാങ്ങരുത്. ഗ്രഹാം പറയുന്നു: ''മാര്‍ജിന്‍ ഓഫ് സേഫ്റ്റി യുടെ സാരാംശം, ഭാവിയെ കുറിച്ചുള്ള കൃത്യമായ കണക്കുകൂട്ടല്‍ നടത്തുന്നത്തിന്റെ ആവശ്യകതയെ ഇല്ലാതാക്കുക എന്നതാണ്. വാങ്ങുന്ന കമ്പനിയുടെ മൂല്യവും നല്‍കുന്ന വിലയും തമ്മില്‍ വലിയ മാര്‍ജിനുണ്ടെങ്കില്‍ അത് നിക്ഷേപ കാലാവധികാലത്തെ ചാഞ്ചാട്ടങ്ങളില്‍ നിന്ന് നിക്ഷേപകനു സംരക്ഷണം നല്‍ക്കും.''
അടിസ്ഥാന പ്രമാണങ്ങള്‍ നല്‍കുന്ന പ്രായോഗിക പാഠങ്ങള്‍
ഈ മൂന്ന് അടിസ്ഥാന പ്രമാണങ്ങളെ കുറിച്ച് സാമാന്യ ബോധത്തോടെ ചിന്തിക്കുന്നവരില്‍ സെന്‍സിബ്ളായ നിക്ഷേപ സ്വഭാവം ഉടലെടുക്കും. വിപണിയുടെ ആര്‍ത്തി, പേടി ഘട്ടങ്ങളില്‍ സന്തുലിതമായ കാഴ്ച്ചപ്പാട് ഉള്ളില്‍ വളരാനും ആള്‍ക്കൂട്ട മനോഭാവത്തിന്റെ പിറകെ പോകാതെ ആലോചിച്ചുറപ്പിച്ച തീരുമാനത്തില്‍ തുടരാനും ഇത് സഹായിക്കും. ഇത് നമ്മളെ ഒരു കമ്പനിയുടെ ഉടമ എന്ന നിലയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കും. അതോടെ നാം ദീര്‍ഘകാലം മുന്നില്‍ കണ്ട് ചിന്തിക്കാനും ബിസിനസുകളുടെ ഫണ്ടമെന്റലുകള്‍ ശരിയാണോയെന്ന് സ്വയം പരിശോധിക്കാനും തുടങ്ങും.
നാം തെറ്റായ പാതയിലൂടെ മുന്നോട്ട് പോകേണ്ടി വന്നാലും പണം നഷ്ടപ്പെടാതിരിക്കാന്‍ സാധ്യമായത്ര സുരക്ഷാ വേലികള്‍ ഒരുക്കണമെന്ന കാര്യത്തെ കുറിച്ച് നാം ചിന്തിക്കുകയും അതെല്ലാം കണ്ടെത്തി അതിനനുസരിച്ച് നിക്ഷേപം നടത്തുകയും ചെയ്യും. ഈ അടിയുറച്ച മനോഭാവത്തോടെ മുന്നോട്ട് പോകുന്ന നിക്ഷേപകര്‍ ഏത് വിപണി സാഹചര്യങ്ങളിലും ഏത് കാലത്തും നേട്ടം സ്വന്തമാക്കിയിട്ടേയുള്ളൂ. എടുത്തുചാട്ടവും സെന്‍സില്ലാത്ത പെരുമാറ്റവും അതിവേഗം സമ്പത്ത് ആര്‍ജിക്കാനുള്ള ആര്‍ത്തിയും കൂടെ ചേരുമ്പോള്‍ നിക്ഷേപകര്‍ അപകടത്തില്‍ ചെന്നുചാടുക തന്നെ ചെയ്യും.
(ജനുവരി ആദ്യ ലക്കം പ്രസിദ്ധീകരിച്ച ധനം മാഗസിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ഗൈഡില്‍ പൊറിഞ്ചുവെളിയത്ത് എഴുതിയ ലേഖനത്തില്‍ നിന്നും. പൂര്‍ണമായ വായനയ്ക്ക് Click Here: https://subscribe.dhanamonline.com/