നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്, വാറന്‍ ബഫറ്റും ചുവടുമാറ്റുന്നു

വന്‍കിട ബാങ്കിംഗ് ഓഹരികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്ന വാറന്‍ ബഫറ്റ് ഇപ്പോള്‍ നിക്ഷേപിക്കുന്നത് ഇവിടെയാണ്

Update:2021-06-11 16:06 IST

ലോകപ്രശസ്ത നിക്ഷേപകന്‍ വാറന്‍ ബഫറ്റ് പരമ്പരാഗത ബാങ്കുകളെ ഉപേക്ഷിക്കുകയാണോ? വന്‍കിട ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളില്‍ വന്‍ നിക്ഷേപം നടത്തുന്ന വാറന്‍ ബഫറ്റ് അടുത്തിടെ ശ്രദ്ധിക്കുന്നത് പരമ്പരാഗത ബാങ്കുകളുടെ എതിരാളികളായ ഡിജിറ്റല്‍ ബാങ്കുകളെയാണ്. വാറന്‍ ബഫറ്റിന്റെ ബെര്‍ക്ക്‌ഷെയര്‍ ഹാത്്‌വെ ബ്രസീലിലെ ഫിന്‍ടെക് കമ്പനിയായ ന്യുബാങ്കില്‍ ഈയാഴ്ച നിക്ഷേപിച്ചിരിക്കുന്നത് 500 മില്യണ്‍ ഡോളറാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ നിയോബാങ്കുകളിലൊന്നാണിത്. ഈ കമ്പനിക്ക് ലാറ്റിന്‍ അമേരിക്കയില്‍ 40 ദശലക്ഷം ഉപയോക്താക്കളാണുള്ളത്.

ഗോള്‍ഡ്മാന്‍ സാക്‌സിലെ നിക്ഷേപം വാറന്‍ ബഫറ്റ് കഴിഞ്ഞ വര്‍ഷം കുറച്ചിരുന്നു. 2019ല്‍ ബെര്‍ക്ക്‌ഷെയറിന്റെ മൊത്തം നിക്ഷേപത്തിന്റെ 41 ശതമാനവും പരമ്പരാഗത ധനകാര്യ സ്ഥാപനങ്ങളിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 23.6 ശതമാനമായി ചുരുക്കിയിരിക്കുകയാണ്.

കോവിഡ് വന്നതോടെ ജനങ്ങള്‍ ശാഖകള്‍ തുറന്നുവെച്ച് ബാങ്കിംഗ് സേവനം നല്‍കുന്നവരിലേക്കാവില്ല മറിച്ച് ഓണ്‍ലൈനും ഓഫ്‌ലൈനും ഒരുമിച്ച് ചേര്‍ത്ത് സേവനങ്ങള്‍ നല്‍കുന്നവരെയാകും കൂടുതല്‍ സമീപിക്കുകയെന്ന കാഴ്ചപ്പാടാണ് നിക്ഷേപ രംഗത്തെ ചുവടുമാറ്റത്തിനും ബെര്‍ക്ക്‌ഷെയറിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

ബ്രസീലിലെ പേയ്‌മെന്റ് സ്ഥാപനമായ സ്റ്റോണ്‍കോ ലിമിറ്റഡ്, ഇന്ത്യയിലെ പേടിഎം എന്നിവിടങ്ങളില്‍ ബെര്‍ക്ക്‌ഷെയറിന് നിക്ഷേപമുണ്ട്. നിയോബാങ്കുകള്‍ക്ക് വന്‍ വളര്‍ച്ചാ സാധ്യതയുള്ള ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ കമ്പനികളിലാണ് വാറന്‍ ബഫറ്റ് നിക്ഷേപിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഈ മേഖലയിലെ പരമ്പരാഗത ബാങ്കുകള്‍ കാര്യക്ഷമത കുറഞ്ഞതും ചെലവേറിയതും താരതമ്യേന ദുര്‍ബലവുമാണെന്നാണ് നിരീക്ഷണം. മാത്രമല്ല ബാങ്കിംഗ് സേവനം ഇതുവരെ എത്താത്ത ദശലക്ഷക്കണക്കിന് ആളുകള്‍ ഈ മേഖലയിലുണ്ട്. ഇതെല്ലാം നിയോബാങ്കുകള്‍ക്ക് അനുകൂലഘടകമാകും.


Tags:    

Similar News