ഉറപ്പ് നല്‍കി ബിര്‍ള, വോഡാഫോണ്‍ ഐഡിയ ഓഹരികള്‍ കേന്ദ്രം ഏറ്റെടുക്കും
സര്‍ക്കാരിന് നല്‍കാനുള്ള തുക ഓഹരികളായി മാറ്റാന്‍ കഴിഞ്ഞവര്‍ഷം വിഐ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. പ്രൊമോട്ടര്‍മാര്‍ പുതിയ നിക്ഷേപം നടത്തുമെന്ന് ഉറപ്പ് നല്‍കുന്നത് വരെ തീരുമാനം നടപ്പാക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്
മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം വോഡാഫോണ്‍ ഐഡിയ (വിഐ) ഓഹരി കൈമാറ്റത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. സ്‌പെക്ട്രം കുടിശിക ഇനത്തിലും മറ്റും കമ്പനി നല്‍കാനുള്ള 16,133 കോടി രൂപ ഓഹരികളായി മാറ്റും. 33 ശതമാനം ഓഹരികളാണ് കേന്ദ്രത്തിന് ലഭിക്കുക. ഇതോടെ വിഐയിലെ ഏറ്റവും വലിയ ഓഹരി ഉടമകളായി കേന്ദ്ര സര്‍ക്കാര്‍ മാറും.
ഓഹരി കൈമാറ്റത്തിന് കഴിഞ്ഞ വര്‍ഷം തന്നെ വിഐ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. യൂണിയന്‍ ക്യാബിനറ്റും ഓഹരി കൈമാറ്റത്തില്‍ അനുകൂല നിലപാടാണ് എടുത്തത്. എന്നാല്‍ പ്രൊമോട്ടര്‍മാര്‍ പുതിയ നിക്ഷേപം നടത്തുമെന്ന് ഉറപ്പ് നല്‍കുന്നത് വരെ തീരുമാനം നടപ്പാക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. യുകെ കമ്പനി വോഡാഫോണിന്റെയും ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമാണ് വിഐ.
ബിര്‍ള നിക്ഷേപം നടത്തും
കമ്പനിയില്‍ കൂടുതല്‍ നിക്ഷേപം നടത്താമെന്ന് ബിര്‍ള ഗ്രൂപ്പ് കേന്ദ്രത്തിന് ഉറപ്പ് നല്‍കിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവാണ് അറിയിച്ചത്. ബിര്‍ള നേരിട്ടോ മറ്റ് പങ്കാളികളുമായി ചേര്‍ന്നോ ആവും പണം നിക്ഷേപിക്കുക. 2.2 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് വിഐയ്ക്കുള്ളത്. അതില്‍ 1.4 ലക്ഷം കോടിയും സ്‌പെക്ട്രം വാങ്ങിയ വകയിലുള്ളതാണ്. ബാങ്കുകള്‍ ഉള്‍പ്പടെയുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് 15,000 കോടി രൂപയാണ് നല്‍കാനുള്ളത്.
ഇന്നലെ 2.94 ശതമാനം ഉയര്‍ന്ന് 7 രൂപയിലാണ് വിഐ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.