നാളെയാണ്... നാളെ! ഓഹരി വിപണിക്ക് പ്രത്യേക വ്യാപാരം; നിബന്ധനകള്‍ ബാധകം
ജനുവരിയില്‍ നടത്താനിരുന്ന പ്രത്യേക വ്യാപാരമാണ് മാര്‍ച്ച് രണ്ടിലേക്ക് മാറ്റിയത്
ഇന്ത്യന്‍ ഓഹരി വിപണികളായ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും (BSE) നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും (NSE) നാളെ (മാര്‍ച്ച് 02, ശനിയാഴ്ച) പ്രത്യേക വ്യാപാരം സംഘടിപ്പിക്കും. ജനുവരി 20ന് (ശനി) നടത്താനിരുന്ന പ്രത്യേക വ്യാപാരമാണ് നാളേക്ക് മാറ്റിയത്.
ജനുവരി 20ന് പ്രത്യേക വ്യാപാരം നിശ്ചയിച്ചിരുന്നെങ്കിലും അത് പിന്നീട് സമ്പൂര്‍ണ വ്യാപാരദിനമായി മാറ്റിയിരുന്നു. അന്ന് സാധാരണ ദിവസത്തിലെന്നോണം വ്യാപാരം നടന്നു. അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടന്ന ജനുവരി 22ന് (തിങ്കള്‍) അവധിയും നല്‍കി.
നാളെയാണ്.. നാളെ...
ഓഹരി വിപണിയില്‍ നിലവില്‍ വ്യാപാരം നടക്കുന്നത് പ്രൈമറി സൈറ്റിലാണ് (Primary Site/PR). ഇതില്‍ നിന്ന് ഡിസാസ്റ്റര്‍ റിക്കവറി സൈറ്റിലേക്ക് (Disastor Recovery Site/DR) പ്രവര്‍ത്തനം മാറ്റുന്ന നടപടിക്രമങ്ങള്‍ക്കായാണ് ശനിയാഴ്ച ദിവസമായ നാളെ പ്രത്യേക വ്യാപാരം സംഘടിപ്പിക്കുന്നത്.
വിപണിയില്‍ അപ്രതീക്ഷിതമോ അസാധാരണമോ ആയ തടസ്സങ്ങളുണ്ടായാല്‍ തത്സമയം പ്രശ്‌നങ്ങള്‍ പരിഹരിച്ച് വ്യാപാരം തുടരാന്‍ സഹായിക്കുന്നതാണ് ഡി.ആര്‍ സൈറ്റ്.
എങ്ങനെയാണ് വ്യാപാരം?
പി.ആര്‍ സൈറ്റില്‍ നിന്ന് ഇന്‍ട്രാ-ഡേ മാറ്റമാണ് (സ്വിച്ച്-ഓവര്‍) ഡി.ആര്‍ സൈറ്റിലേക്ക് നാളെ നടക്കുക. ഓഹരി, ഓഹരി ഡെറിവേറ്റീവ് വിഭാഗങ്ങളിലാണ് പ്രത്യേക വ്യാപാരം.
പി.ആര്‍ സൈറ്റില്‍ ഓഹരി വിഭാഗത്തില്‍ (കാപ്പിറ്റല്‍മാര്‍ക്കറ്റ്/CM Segment) രാവിലെ 8.45ന് ബ്ലോക്ക് ഡീല്‍ വിന്‍ഡോ തുറക്കും. 9ന് അവസാനിപ്പിക്കും. 9ന് പ്രീ-ഓപ്പണ്‍ സെഷന്‍ തുടങ്ങി 9.08ന് നിറുത്തും. തുടര്‍ന്ന്, സാധാരണ വ്യാപാരത്തിന് (Normal Trading Session) 9.15ന് തുടക്കമാകും. 10ന് ക്ലോസ് ചെയ്യും.
തുടര്‍ന്ന് ഡി.ആര്‍ സൈറ്റില്‍ രാവിലെ 11.15ന് പ്രീ-ഓപ്പണ്‍ സെഷന്‍ ആരംഭിക്കും; 11.23ന് ക്ലോസ് ചെയ്യും. 11.30ന് സാധാരണ വ്യാപാരം തുടങ്ങും. 12.30ന് നോര്‍മല്‍ മാര്‍ക്കറ്റ് ക്ലോസ് ചെയ്യും. 12.40ന് ക്ലോസിംഗ് സെഷന്‍ തുടങ്ങി 12.50ന് അവസാനിപ്പിക്കും.
എഫ് ആന്‍ഡ് ഒ വിഭാഗത്തില്‍
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് (F&O) ശ്രേണിയില്‍ പി.ആര്‍ സൈറ്റില്‍ 9.15ന് നോര്‍മല്‍ മാര്‍ക്കറ്റ് തുറക്കും. 10ന് അവസാനിപ്പിക്കും. തുടര്‍ന്ന് ഡി.ആര്‍ സൈറ്റില്‍ 11.30ന് ആരംഭിച്ച് 12.30ന് അവസാനിപ്പിക്കും.
നിബന്ധനകളുണ്ട്
ഓഹരിക്കും ഡെറിവേറ്റീവ്‌സിനും നാളെ പ്രൈസ് ബാന്‍ഡ് 5 ശതമാനമായിരിക്കും. അതായത്, 5 ശതമാനം വരെ ഉയര്‍ന്നാലും താഴ്ന്നാലും അപ്പര്‍, ലോവര്‍-സര്‍കീട്ടുകളിലെത്തും. നിലവില്‍ രണ്ട് ശതമാനം പ്രൈസ് ബാന്‍ഡുള്ളവയ്ക്ക് അതുതന്നെ നാളെയും തുടരും.
ഇന്ന് നടക്കുന്ന ഓഹരി ഇടപാടുകളുടെ സെറ്റില്‍മെന്റ് നാളെ നടക്കില്ല. കാരണം, നാളെ സംഘടിപ്പിക്കുന്നത് സമ്പൂര്‍ണ വ്യാപാരമല്ല, പ്രത്യേക വ്യാപാര സെഷന്‍ മാത്രമാണ്. പി.ആര്‍ സൈറ്റില്‍ നിന്ന് ഡി.ആര്‍ സൈറ്റിലേക്ക് മാറാനുള്ള ടെസ്റ്റിംഗ് വ്യാപാരമാണ് നാളെ നടക്കുന്നത്.