ഫെബ്രുവരിയില്‍ ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക ഇടിഞ്ഞത് 9.2 ശതമാനത്തോളം
ആറ് വര്‍ഷത്തിന് ശേഷം ഫെബ്രുവരി മാസമുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്
റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണി താഴ്ചയിലേക്ക് വീണതോടെ ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത് ആറ് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ്. ഇന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 211 പോയ്ന്റ് ഉയര്‍ന്ന് 26,662 ലെത്തിയെങ്കിലും ഫെബ്രുവരി മാസത്തില്‍ 9.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2016 ന് ശേഷമുള്ള ഫെബ്രുവരിയിലെ ഏറ്റവും കുത്തനെയുള്ള ഇടിവാണിത്. 2016 ഫെബ്രുവരിയില്‍ ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക 12.2 ശതമാനമായിരുന്നു ഇടിഞ്ഞത്.
കോവിഡ് മഹാമാരിയുടെ ആരംഭത്തില്‍ ഓഹരി വിപണി പാടെ തകര്‍ന്നപ്പോള്‍ 2020 മാര്‍ച്ചില്‍ ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 30 ശതമാനം ഇടിഞ്ഞിരുന്നു. 2008 ഒക്ടോബറില്‍ 32 ശതമാനം ഇടിഞ്ഞതാണ് ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചികയുടെ ഒരുമാസത്തെ ഏറ്റവും വലിയ തകര്‍ച്ച.
ബിഎസ്ഇ സ്മോള്‍ക്യാപ് സൂചികയില്‍ നിന്നുള്ള 891 ഓഹരികളില്‍ പകുതിയിലധികം (495 ഓഹരികള്‍) ഫെബ്രുവരിയില്‍ 10 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. സിന്‍കോം ഫോര്‍മുലേഷന്‍സ്, ജിഇ പവര്‍ ഇന്ത്യ, ബ്രൈറ്റ്കോം ഗ്രൂപ്പ്, മഹീന്ദ്ര ലോജിസ്റ്റിക്സ്, ഹിമത്സിങ്ക സെയ്ഡ്, ഇന്ത്യബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, ജെബിഎം, ഓട്ടോ, ഇന്‍ഡോ കൗണ്ട് എന്നിവയുടെ ഓഹരി വിലകള്‍ 25-30 ശതമാനം വരെയും ഇടിഞ്ഞു.
എന്നിരുന്നാലും, ബിഎസ്ഇ സ്മോള്‍ക്യാപിലെ 95 ഓഹരികള്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ചു. വാദിലാല്‍ ഇന്‍ഡസ്ട്രീസ്, ഓറിയന്റ് ബെല്‍, ശങ്കര ബില്‍ഡിംഗ് പ്രൊഡക്ട്സ്, എവറെഡി ഇന്‍ഡസ്ട്രീസ്, അംബിക കോട്ടണ്‍, സന്ധൂര്‍ മാംഗനീസ്, ടിസിപിഎല്‍ പാക്കേജിംഗ്, എക്സല്‍ ഇന്‍ഡസ്ട്രീസ് എന്നിവ ഫെബ്രുവരിയില്‍ 26 - 59 ശതമാനം നേട്ടമുണ്ടാക്കി.