ഇപ്പോൾ ഓഹരി വിൽക്കണോ, വാങ്ങണോ? പൊറിഞ്ചു വെളിയത്ത് പറയുന്നത് എന്ത്?

ഓഹരി വിപണി ഇപ്പോള്‍ തന്നെ ഉയര്‍ന്ന തലത്തിലെത്തിയോ അതോ നിക്ഷേപം തുടരുന്നതാണോ ബുദ്ധി?

Update: 2021-10-11 07:38 GMT

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളില്‍ സംഭവിച്ച ഓഹരി വിപണിയിലെ ഇടിവിന് ശേഷം പിന്നീടുണ്ടായ റാലി സാധാരണക്കാരായ നിക്ഷേപകരെ വിഭ്രമിപ്പിക്കുന്നുണ്ട്. അതുകൊണ്ട് നമുക്ക് ഇതിനെ ചരിത്രപരമായ കാഴ്ചപ്പാടില്‍ വിശകലനം ചെയ്യാം. അത്തരമൊരു വിശകലനം ഭാവി സാധ്യതകളെ കൃത്യമായി വിലയിരുത്താന്‍ നിങ്ങളെ സഹായിച്ചേക്കും.

  • ദീര്‍ഘകാല ട്രെന്‍ഡിലേക്ക് ഉള്ള മടക്കം മാത്രം...സമരേഖീയമായല്ല വിപണിയുടെ ചലനം. അത് ഏവരും മനസ്സിലാക്കുകയും വേണം. എന്നാല്‍ മാത്രമേ വിശാലമായ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് കാര്യങ്ങളെ വിശകലനം ചെയ്യാന്‍ സാധിക്കൂ. 1980 ജനുവരി തൊട്ടുള്ള ദശകങ്ങളിലെ ബിഎസ്ഇ - സെന്‍സെക്‌സ് റിട്ടേണ്‍ നമുക്ക് പരിശോധിക്കാം. ബോക്‌സ് -1 നോക്കുക.
ആ പട്ടിക പരിശോധിച്ചാല്‍ മനസ്സിലാകുന്ന കാര്യം 20% വാർഷിക വളർച്ച എന്നത് മുന്‍ദശകങ്ങളില്‍ നേടിയിരുന്ന ശരാശരി മുന്നേറ്റം മാത്രമാണ്. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോഴത്തെ റാലി ദീര്‍ഘകാല ട്രെൻഡിലേക്കു ഉള്ള മടക്കം മാത്രമാണ്. 2008ന് ശേഷമുള്ള കാലയളവ് തണുപ്പനായതുകൊണ്ടുമാത്രമാണ് മുൻദശകത്തിൽ നേട്ടം കുറഞ്ഞത്.
കഴിഞ്ഞ നാല് ദശകങ്ങള്‍ കൊണ്ട് സെന്‍സെക്‌സ് 600 മടങ്ങ് വര്‍ധിച്ചു. എന്നാല്‍ അത്തരമൊരു നേട്ടത്തെ കുറിച്ച് സംശയാലുക്കളായ നിക്ഷേപകര്‍ക്കൊന്നും തന്നെ അമ്പരിപ്പിക്കുന്ന ഈ നേട്ടം ലഭിച്ചിട്ടുമില്ല.
ഇതില്‍ നിന്നുള്ള പാഠം ഇതാണ്: ഓഹരി വിപണിയില്‍ ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപം തുടരുക. ദീര്‍ഘകാല നേട്ടത്തില്‍ തന്നെയായിരിക്കണം മുഴുവന്‍ ശ്രദ്ധയും. ഏതാനും സാമ്പത്തിക പാദങ്ങളോ അല്ലെങ്കില്‍ കുറച്ചുവര്‍ഷങ്ങളോ മാത്രം കാലയളവ് നല്‍കി നിക്ഷേപം നടത്തി പിന്‍വലിക്കുന്നത് മൂലം ദീര്‍ഘകാല കോമ്പൗണ്ടിംഗിന്റെ നേട്ടമാണ് നഷ്ടമാകുന്നത്. ആഴത്തില്‍ ചിന്തിക്കാത്ത സംശയാലുക്കള്‍ സെന്‍സെക്‌സ് 10,000, 20,000, അല്ലെങ്കില്‍ 40,000 ഒക്കെ ആയല്ലോ എന്നോർത്ത് പകച്ചു നിൽക്കുക മാത്രമേ ഉണ്ടാകൂ. ഇവര്‍ക്ക് സമ്പത്ത് ആര്‍ജ്ജിക്കാനുള്ള അവസരം കൂടിയാണ് ഇത്തരം സംശയത്താൽ നഷ്ടമാകുന്നത്.
  • കഴിഞ്ഞ ഒരു ദശകത്തിനിടെ ബിസിനസ് സാഹചര്യങ്ങള്‍ അടിമുടി മാറി...കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ രാജ്യത്ത് ദൂരവ്യാപക ഫലങ്ങളുളവാക്കുന്ന ഒട്ടനവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കപ്പെട്ടിട്ടുണ്ട്. പാപ്പര്‍ ചട്ടം കൊണ്ടുവന്നു. ഒരു രാജ്യം ഒരു നികുതി എന്ന ആശയത്തിലൂന്നി ജിഎസ്ടി വന്നു, കാര്‍ഷികോല്‍പ്പന്ന വിപണിയില്‍ ഉദാരവല്‍ക്കരണം നടപ്പാക്കി, RERAയിലൂടെ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ചട്ടകൂട് കൊണ്ടുവന്നു. ഇന്ത്യന്‍ റെയ്ല്‍വേയുടെ റീ ഓര്‍ഗനൈസേഷന്‍, ഡിഫന്‍സ് പ്രൊക്യുയര്‍മെന്റില്‍ കൊണ്ടുവന്ന ചരിത്രപരമായ തീരുമാനങ്ങള്‍, അതിനിര്‍ണായകമായ അടിസ്ഥാന സൗകര്യ വികസനപദ്ധതികള്‍ക്ക് നല്‍കുന്ന ഊന്നല്‍, വിവിധ മേഖലകളില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തല്‍, രാജ്യമുഴുവന്‍ സാനിറ്റൈസേഷന്‍, വൈദ്യുതീകരണം എന്നിവയ്ക്കായി സ്വീകരിച്ചിരിക്കുന്ന കാര്യങ്ങള്‍, ഭരണതലത്തിലെ ഡിജിറ്റൈസേഷന്‍, എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷാ സേവനങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍, സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള ധനസഹായങ്ങളും പിന്തുണയും അര്‍ഹതയുള്ളവരിലേക്ക് നേരിട്ട് എത്തിക്കാന്‍ വേണ്ടി കാര്യക്ഷമതയോടെ ഡിജിറ്റല്‍ ടെക്‌നോളജികള്‍ ഉപയോഗിക്കുന്നത്, മറ്റ് സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, നിക്ഷേപകരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്ന ഉല്‍പ്പാദന ബന്ധിത ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമുകള്‍ എന്നിവയെല്ലാം അത്തരത്തിലുള്ളതാണ്.
  • കോര്‍പ്പറേറ്റ് ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്...നേരത്തെ പറഞ്ഞ പരിഷ്‌കരണ നടപടികള്‍ക്കൊപ്പം തന്നെ കോര്‍പ്പറേറ്റ് ബാലന്‍സ് ഷീറ്റുകളും ക്ലീന്‍ അപ്പായതായി ഞാന്‍ കാണുന്നു. ഇത് മുന്‍പൊരിക്കലും കാണാത്ത ആരോഗ്യകരമായ ഒരു കാര്യമാണ്. കമ്പനികളുടെ മൊത്തം കടം കുത്തനെ കുറഞ്ഞിട്ടുണ്ട്. മാത്രമല്ല പുതിയൊരു നിക്ഷേപ ചക്രം ആരംഭിച്ചിട്ടുണ്ടെന്നാണ് എന്റെ പക്ഷം.
  • ഇറക്കുമതി, കയറ്റുമതി പ്രോത്സാഹന സൂചനകള്‍ ശക്തം...പിഎല്‍ഐ സ്‌കീം പോലുള്ള പുതിയ ചുവടുവെപ്പുകളും അതൊടൊപ്പം ആഗോളതലത്തിലെ സപ്ലൈ ചെയ്ല്‍ ഡിസ്‌റപ്ഷനും ഇന്ത്യന്‍ ബിസിനസുകളുടെ എക്‌സ്‌പോര്‍ട്ട് സാധ്യതകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ രാജ്യത്തെ കണ്‍സ്യൂമര്‍ സ്‌പെന്‍ഡിംഗും കൂടി വരികയാണ്. പല മേഖലകളിലെയും സര്‍ക്കാര്‍ ചെലവിടല്‍ നല്ല രീതിയില്‍ കൂടിയിട്ടുണ്ട്.
ഇതെല്ലാം തന്നെ കോര്‍പ്പറേറ്റ് വരുമാനം കൂടുന്നതിനുള്ള കാരണങ്ങളാകും. ഇപ്പോള്‍ മാര്‍ക്കറ്റിലെ റാലിയെ, ചരിത്രപരമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വേണം ശരിയായി വിലയിരുത്താന്‍. മുകളില്‍ പറഞ്ഞ എല്ലാ കാരണങ്ങള്‍ കൊണ്ടും കോര്‍പ്പറേറ്റ് വരുമാനം കൂടും. ഇന്ത്യന്‍ ബിസിനസുകളില്‍ വിശ്വസിച്ച് നിക്ഷേപിക്കുന്നവര്‍ക്ക് വരും വര്‍ഷങ്ങളില്‍ അതിന്റെ ഗുണം കിട്ടുക തന്നെ ചെയ്യും. ''നിക്ഷേപം തുടരുക' ഇത് തന്നെയാണ് വ്യക്തമായും ശക്തമായും പറയാനുള്ളത്.
ഗ്രന്ഥകാരനും നിക്ഷേപകനുമായി തോമസ് ഫെല്‍പ്‌സിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഞാന്‍ നിര്‍ത്താം. അമേരിക്കയില്‍ വെച്ച് വര്‍ഷങ്ങള്‍ മുമ്പ് അദ്ദേഹം പറഞ്ഞ ഈ വാക്കുകള്‍ ഇന്നത്തെ ഇന്ത്യയിലും പ്രസക്തമാണ്.
_''ബുദ്ധിപൂര്‍വ്വമല്ലാത്ത (ഓഹരി) വാങ്ങല്‍ മൂലം നഷ്ടമായ പണത്തേക്കാള്‍ മിക്കവാറും പലമടങ്ങ് അധികമായിരിക്കും, ഇതുപോലെ മഹത്തായ, അതിവേഗം വളരുന്ന രാജ്യത്ത് തെറ്റായ മാര്‍ഗനിര്‍ദേശം മൂലം (ഓഹരി) വില്‍പ്പന നടത്തുമ്പോഴുണ്ടാകുന്ന പണനഷ്ടം.''_

Tags:    

Similar News