അമേരിക്കയില്‍ ട്രംപ് അധികാരത്തിലേറുമെന്ന ഉറപ്പില്‍ കഴിഞ്ഞ രണ്ടു ദിവസമായി മുന്നേറ്റം നടത്തിയ ഇന്ത്യന്‍ സൂചികകള്‍ക്ക് ഇന്ന് ആവേശം നഷ്ടമായി. ഫെഡറല്‍ റിസര്‍വിന്റെ പലിശ തീരുമാനം ഇന്നു പുറത്തു വരാനിരിക്കെ ആഗോള വിപണികളില്‍ നിന്നുള്ള സമ്മിശ്രപ്രകടനങ്ങളും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പിന്‍വലിക്കലുമാണ് വിപണിയെ താഴ്ത്തിയത്. സെന്‍സെക്‌സ് 1.06 ശതമാനം ഇടിഞ്ഞ് 79,541.79ലും നിഫ്റ്റി 1.18 ശതമാനം ഇടിഞ്ഞ് 24,194.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നലത്തെ നേട്ടമെല്ലാം ഒറ്റ ദിവസം കൊണ്ട് കാറ്റില്‍ പറത്തിയാണ് വിപണിയുടെ പോക്ക്. കമ്പനികളുടെ രണ്ടാം പാദത്തിലെ മോശം പ്രവര്‍ത്തന ഫലങ്ങളും ഉയര്‍ന്ന വാല്വേഷന്‍ പ്രശ്‌നങ്ങളുമൊക്കെ വീണ്ടും വിപണിയില്‍ തലപൊക്കി. ട്രംപ് വിജയിച്ചതോടെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ നേരിയ കുറവു വരുത്താനാണ് സാധ്യത എന്ന പൊതുവിശ്വാസത്തിലേക്ക് വിപണിയെ നയിച്ചു.
ട്രംപ് കോര്‍പ്പറേറ്റ് നിരക്കുകള്‍ വെട്ടി കുറയ്ക്കുമെന്നും യു.എസ് ചെലവുകള്‍ മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഓഹരി വിപണിയിലെ ചാഞ്ചാട്ടം വരും നാളുകള്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തലുകള്‍.
എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നഷ്ടം രുചിച്ചു. മെറ്റലാണ് ഇന്നത്തെ വീഴ്ചയുടെ ആഘാതം കൂടുതലറിഞ്ഞത്. രണ്ട് ശതമാനത്തിലധികമാണ് സൂചികയുടെ ഇടിവ്. ട്രംപിന്റെ വിജയം കമ്മോഡിറ്റി വിലകളിലെല്ലാം ചാഞ്ചാട്ടമുണ്ടാക്കിയിരുന്നു.
ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് താരിഫ് ഉയര്‍ത്തുമെന്നതാണ് മെറ്റല്‍ ഓഹരികള്‍ക്ക് വിനയായത്. പി.എസ്.യു ബാങ്ക് സൂചിക കയ്യാലപ്പുറത്തെ തേങ്ങപോലെ നഷ്ടത്തിലും ലാഭത്തിലുമല്ലാതെ നിന്നു.
മിഡ് ക്യാപ് സൂചിക 0.43 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.75 ശതമാനവും ഇടിഞ്ഞു.
ഓഹരികളുടെ നേട്ടവും നഷ്ടവും
സെന്‍സക്‌സ് ഓഹരികളില്‍ ബജാജ് ഫിന്‍സെര്‍വ്, അള്‍ട്രാടെക് സിമന്റ് പവര്‍ ഗ്രിഡ്, ഐ.സി.ഐ.ഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, കോട്ടക് മഹീന്ദ്ര ബാങ്ക്, അദാനി പോര്‍ട്‌സ്, നെസ്‌ലെ ഓഹരികളാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ടത്.
എച്ച്.സി.എല്‍ ടെക്, ടി.സി.എസ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് നേട്ടത്തില്‍ ചുവടുറപ്പിച്ചത്.
സെപ്റ്റംബര്‍ പാദത്തില്‍ 758.84 കോടി രൂപ ലാഭം നേടിയത് ടാറ്റ സ്റ്റീല്‍ ഓഹരികളെ ഒരു ശതമാനം നേട്ടത്തിലാക്കി.
അപ്പോളോ ഹോസ്പിറ്റല്‍ എന്റര്‍പ്രൈസസ് ഓഹരി ഇന്ന് 6.34 ശതമാനം ഉയര്‍ച്ചയിലാണ്. ഓഹരി വില 7,409.95 രൂപയിലെത്തി. രണ്ടാം പാദ ലാഭത്തില്‍ അപ്പോളോ ഹോസ്പിറ്റല്‍ 59 ശതമാനം ഉയര്‍ച്ച നേടിയിരുന്നു. വരുമാനത്തില്‍ 13 ശതമാനം ഉയര്‍ച്ചയുണ്ട്.
നൈകയുടെ മാതൃബ്രാന്‍ഡായ എഫ്.എസ്.എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് 5.97 ശതമാനം നേട്ടത്തിലായിരുന്നു.
അദാനി ഗ്രീന്‍ എനര്‍ജി സൊല്യൂഷന്‍സാണ് ഇന്ന് കൂടുതല്‍ വീഴ്ച നേരിട്ട ഓഹരി. 10.62 ശതമാനമാണ് ഓഹരിയുടെ ഇടിവ്. ഓഹരി പുന:ക്രമീകരണത്തിന്റെ ഭാഗമായി .എസ്.സി.ഐ സ്റ്റാര്‍ഡേര്‍ഡ് ഇന്‍ഡെക്‌സില്‍ നിന്ന് നവംബർ 25 മുതൽ ഒഴിവാകുന്ന ഓഹരിയാണിത്. ഈ ഓഹരിയില്‍ നിന്ന് 173 മില്യണ്‍ ഡോളറിന്റെ നിക്ഷേപം പിന്‍വലിക്കപ്പെടുമെന്നാണ് നുവാമ കണക്കാക്കുന്നത്.
കരുത്തോടെ കിറ്റെക്‌സും സ്‌കൂബി ഡേയും
വിപണിയുടെ ഇന്നത്തെ വീഴ്ചയ്ക്കിടയിലും കരുത്ത് കാട്ടിയത് രണ്ട് കേരള ഓഹരികളാണ്. കിറ്റെക്‌സും സ്‌കൂബി ഡേ ഗാര്‍മെന്റ്‌സും. കിറ്റെക്‌സ് ഓഹരി വില അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടപ്പോള്‍ സ്‌കൂബി ഡേ ഓഹരി വില അപ്പര്‍ സര്‍ക്യൂട്ടിന് തോട്ടടുത്ത് വ്യാപാരം അവസാനിപ്പിച്ചു.
കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ് ഓഹരി വില അഞ്ച് ശതമാനത്തോളം ഉയര്‍ന്നു. ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 399.90 രൂപ വരെ എത്തിയ ശേഷം 391.90 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു.
ആഡ്‌ടെക് സിസ്റ്റംസ് (3.59 ശതമാനം), മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് (3.31 ശതമാനം) എന്നിവയാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.
സഫ സിസ്റ്റംസ് (4.97 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (3.69 ശതമാനം) എന്നിവയാണ് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ ഓഹരികള്‍.
ഇന്ന് രണ്ടാം പാദഫലം പ്രഖ്യാപിക്കുന്ന കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി വില നേരിയ താഴ്ചയിലാണ്. 0.64 ശതമാനം ഇടിഞ്ഞ് 1,527 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.