കല്യാണ്‍ ജുവലേഴ്‌സ് ഉള്‍പ്പെടെ നാല് ഓഹരികള്‍ മോര്‍ഗാന്‍ സ്റ്റാന്‍ലി സൂചികയിലേക്ക്, എച്ച്.ഡി.എഫ്.സിക്ക് വെയിറ്റേജ് കൂട്ടി
നവംബര്‍ 25നാണ് പുനക്രമീകരണം പ്രാബല്യത്തിലാകുക
കേരളത്തില്‍ നിന്നുള്ള പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാണ്‍ ജുവലേഴ്‌സിന്റേതടക്കം അഞ്ച് ഓഹരികള്‍ കൂടി മോര്‍ഗന്‍ സ്റ്റാന്‍ലി ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് സൂചികയില്‍ (MSCI Global Standard Index) ഇടം പിടിക്കും. എം.എസ്.സി.ഐ ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡെക്‌സ് പുന:ക്രമീകരണത്തിന്റെ ഭാഗമായാണ് പുതിയ ഓഹരികള്‍ ഉള്‍പ്പെടുത്തുന്നത്.
ബി.എസ്.ഇ, വോള്‍ട്ടാസ്, ആല്‍കെം ലബോറട്ടറീസ്, ഒബ്‌റോയ് റിയല്‍റ്റി എന്നിവയാണ് മറ്റ് ഓഹരികള്‍. ഇ.ടി.എഫുകള്‍ പോലുള്ള ആഗോള പാസീവ് ഫണ്ടുകള്‍ എം.എസ്.സി.ഐ സൂചികകളെ അടിസ്ഥാനമാക്കിയാണ് നിക്ഷേപം നടത്തുന്നത്. അതുകൊണ്ട് തന്നെ വെയിറ്റേജില്‍ ഉണ്ടാകുന്ന മാറ്റം അനുസരിച്ച് അവ പുതിയ നിക്ഷേപം നടത്തും. നവംബര്‍ 25നാണ് പുനക്രമീകരണം പ്രാബല്യത്തിലാകുക.
നിക്ഷേപം ഒഴുകും
സൂചികയില്‍ ഉള്‍പ്പെടുന്നതു വഴി കല്യാണ്‍ ജുവലേഴ്‌സിലേക്ക് 241 മില്യണ്‍ ഡോളര്‍ (ഏകദേശം 2,000 കോടി രൂപ) നിക്ഷേപം എത്തുമെന്നാണ് നുവാമ ആള്‍ട്ടര്‍നേറ്റീവ് ആന്‍ഡ് ക്വാണ്ടിറ്റേറ്റീവ് റിസര്‍ച്ചിന്റെ വിലയിരുത്തല്‍.
ഏറ്റവും കൂടുതല്‍ നിക്ഷേപമെത്തുന്നത് വോള്‍ട്ടാസ് ഓഹരിയിലാണ്. 300 മില്യണ്‍ ഡോളര്‍ (ഏകദേശം 2,500 കോടി രൂപ) ആണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്. ബി.എസ്.ഇ ഓഹരിയില്‍ 260 മില്യണ്‍ ഡോളറും ഒബ്‌റോയ് റിയൽറ്റി 215 മില്യണ്‍ ഡോളറും ആല്‍കെം ലബോറട്ടറീസിൽ 204 മില്യണ്‍ ഡോളറും നിക്ഷേപം എത്തിയേക്കും എന്നാണ് നുവാമ കണക്കാക്കുന്നത്.
കല്യാണ്‍ ഓഹരിക്ക് നേട്ടം
എം.എസ്.സി.ഐ സൂചികയില്‍ ഇടം പിടിക്കുമെന്ന വാര്‍ത്തകള്‍ വന്നതോടെ ഇന്നലെ കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ എട്ട് ശതമാനം കുതിച്ചു കയറിയിരുന്നു. ഈ വര്‍ഷം ഇതു വരെ 95.51 ശതമാനം നേട്ടം നിക്ഷേപകർക്ക് നല്‍കിയിട്ടുള്ള ഓഹരിയാണ് കല്യാണ്‍ ജുവലേഴ്‌സ്. ഒരു വര്‍ഷക്കാലയളവില്‍ 109.82 ശതമാനം നേട്ടവും നല്‍കിയിട്ടുണ്ട്. അഞ്ച് വര്‍ഷക്കാലയളവില്‍ 838.58 ശതമാനമാണ് ഓഹരിയുടെ വളര്‍ച്ച. കേരള കമ്പനികളില്‍ 72,970 കോടി രൂപയുമായി വപണി മൂല്യത്തില്‍ രണ്ടാം സ്ഥാനത്താണ് കല്യാണ്‍ ജുവലേഴ്‌സ്. മുത്തൂറ്റ് ഫിനാന്‍സാണ് 73,207 കോടി രൂപ വിപണി മൂല്യവുമായി ഒന്നാം സ്ഥാനത്ത്. ഇന്ന് ഓഹരി ഒരു ശതമാനത്തോളം നേട്ടത്തില്‍ 709 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
സ്വര്‍ണ വില കുതിച്ചുയരുന്നത് കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ക്ക് വലിയ നേട്ടമാകുന്നുണ്ട്. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കല്യാണ്‍ ജുവലേഴ്‌സ് വരുമാനത്തില്‍ 24 ശതമാനം വളര്‍ച്ച നേടിയിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം 130ലധികം പുതിയ ഷോറൂമുകള്‍ തുറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 51 പുതിയ ഷോറൂമുകള്‍ കഴിഞ്ഞ പാദത്തില്‍ തുറന്നു.
വെയിറ്റേജ് കൂട്ടി എച്ച്.ഡി.എഫ്.സി ബാങ്ക്.
എം.എസ്.സി.ഐ സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡെക്‌സിലെ പുന:ക്രമീകരണത്തിന്റെ ഭാഗമായി എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വെയിറ്റേജ് ഉയര്‍ത്തും. ഇതോടെ ഓഹരിയില്‍ 188 കോടി ഡോളര്‍ നിക്ഷേപം എത്താനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലും എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വെയിറ്റേജ് ഉയര്‍ത്തിയിരുന്നു. രണ്ട് ഘട്ടങ്ങളിലായാണ് വെയിറ്റേജ് ഉയര്‍ത്തുകയെന്ന് നേരത്തെ പ്രഖ്യാച്ചിരുന്നു.
ടാറ്റ പവര്‍, ജെ.എസ്.ഡബ്ല്യു എനര്‍ജി, സംവര്‍ദനമതേഴ്‌സണ്‍, ജെ.എസ്.പി.എല്‍, പി.ബി ഫിന്‍ടെക്, എ.പി.എല്‍ അപ്പോളോ ട്യൂബ്‌സ് എന്നിവയുടെ വെയിറ്റേജും ഉയരും. അതേസമയം അദാനി ഗ്രീന്‍ എനര്‍ജി, ജി.എം.ആര്‍.എയര്‍പോര്‍ട്‌സ് ഇന്ത്യ, അദാനി പവര്‍ എന്നിവയുടെ വെയിറ്റേജ് കുറയും.