അഞ്ചുലക്ഷം കോടി രൂപയ്ക്കുമേൽ ലാഭം വാരിക്കൂട്ടി പൊതുമേഖലയിലെ ഈ വമ്പന്മാർ

ഇവരാണ് ലാഭത്തിൽ ആദ്യ 10ൽ ഇടംപിടിച്ചവർ

Update:2024-06-01 15:16 IST

Image : Canva

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത (BSE PSU Index) 56 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) സ്വന്തമാക്കിയത് 5 ലക്ഷം കോടിയിലധികം രൂപയുടെ ലാഭം.
നികുതികള്‍ക്ക് ശേഷം 48 ശതമാനം വളര്‍ച്ചയോടെ 5.07 ലക്ഷം കോടി രൂപയുടെ ലാഭമാണ് ഇവ സംയുക്തമായി രേഖപ്പെടുത്തിയത്. തൊട്ടുമുന്‍ വര്‍ഷം ഇത് 3.43 ലക്ഷം കോടി രൂപയായിരുന്നു. ഈ കമ്പനികളുടെ സംയോജിത വരുമാനം 53 ലക്ഷം കോടി രൂപയാണ്. ഇവ നികുതിയായി 1.68 ലക്ഷം കോടി രൂപയും അടച്ചു.
മുന്നില്‍ എസ്.ബി.ഐ
14 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10,000 കോടി രൂപയ്ക്കുമേല്‍ ലാഭം നേടി. 56,558 കോടി രൂപയില്‍ നിന്ന് 68,138 കോടി രൂപയായി ലാഭം ഉയര്‍ത്തിയ എസ്.ബി.ഐയാണ് ഇന്ത്യയില്‍ ലാഭത്തില്‍ ഏറ്റവും മുന്നിലുള്ള പൊതുമേഖലാ സ്ഥാപനം.
34,012 കോടി രൂപയില്‍ നിന്ന് 54,705 കോടി രൂപയായി ലാഭമുയര്‍ത്തി ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ONGC) രണ്ടാമതെത്തി. 41,615 കോടി രൂപയുടെ ലാഭവുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് (IOCL) മൂന്നാമത്. 2022-23ല്‍ 10,842 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.
കോള്‍ ഇന്ത്യയും എല്‍.ഐ.സിയും
ഏറ്റവുമധികം ലാഭം കുറിച്ച ആദ്യ 5 കമ്പനികളില്‍ നാലാംസ്ഥാനത്ത് കോള്‍ ഇന്ത്യയാണ്. 36,942 കോടി രൂപയാണ് കമ്പനിയുടെ കഴിഞ്ഞവര്‍ഷ ലാഭം. 2022-23ലെ 31,731 കോടി രൂപയില്‍ നിന്നാണ് വളര്‍ച്ച.
അഞ്ചാംസ്ഥാനത്ത് എല്‍.ഐ.സിയാണ്. 36,844 കോടി രൂപയാണ് ലാഭം. 2022-23ലെ 31,812 കോടി രൂപയേക്കാള്‍ 16 ശതമാനം അധികം.
പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (26,461 കോടി രൂപ), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (25,793 കോടി രൂപ), എന്‍.ടി.പി.സി (18,697 കോടി രൂപ), ബാങ്ക് ഓഫ് ബറോഡ (18,410 കോടി രൂപ) എന്നിവ ആറ് മുതല്‍ 9 വരെ സ്ഥാനങ്ങള്‍ യഥാക്രമം നേടിയപ്പോള്‍ 16,164 കോടി രൂപയുടെ ലാഭവുമായി പവര്‍ ഗ്രിഡ് കോര്‍പ്പറേഷനാണ് പത്താംസ്ഥാനത്ത്.
Tags:    

Similar News