മുഖ്യമന്ത്രിയുടെ മകൾക്ക് 'മാസപ്പടി': വിവാദം ഉലച്ചില്ല, സി.എം.ആര്‍.എൽ ഓഹരി നേട്ടത്തില്‍

ഓഹരി വില ഇന്നലെ 5.52% ഇടിഞ്ഞിരുന്നു

Update: 2023-08-10 08:42 GMT

Image : Pinarayi Vijayan, Venna T, Exalogic (linkedin.com/in/veena) and CMRL website

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുമായും വീണയുടെ കമ്പനിയുമായും ബന്ധപ്പെട്ടുയര്‍ന്ന 'മാസപ്പടി' വിവാദത്തില്‍ ഉലയാതെ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍/CMRL) ഓഹരി.

വിവാദ പശ്ചാത്തലത്തില്‍ ഇന്നലെ 5.52 ശതമാനം ഇടിഞ്ഞ് 225.80 രൂപയിലായിരുന്നു സി.എം.ആര്‍.എല്‍ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് (ഓഗസ്റ്റ് 10) ഉച്ചവരെയുള്ള സെഷനില്‍ നേട്ടത്തിലാണ് ഓഹരിയുള്ളത്. 222 രൂപയില്‍ ഇന്ന് വ്യാപാരം തുടങ്ങിയ ഓഹരി, ഒരുവേള 220.10 രൂപവരെ താഴ്‌ന്നെങ്കിലും പിന്നീട് 232.90 രൂപവരെ കുതിച്ചു. ഇപ്പോള്‍ (ഒരു മണി) ഓഹരി വിലയുള്ളത് 1.46 ശതമാനം ഉയര്‍ന്ന് 229.95 രൂപയിലാണ്.
സി.എം.ആര്‍.എല്ലിന്റെ ജൂണ്‍പാദ പ്രവര്‍ത്തനഫലം നിരാശപ്പെടുത്തുന്നതായിരുന്നു. ജനുവരി-മാര്‍ച്ച് പാദത്തിലെ 12.99 കോടി രൂപയില്‍ നിന്ന് ലാഭം 2.27 കോടി രൂപയായി ഇടിഞ്ഞു. മൊത്ത വരുമാനം 109.86 കോടി രൂപയില്‍ നിന്ന് 67.53 കോടി രൂപയിലേക്കും താഴ്ന്നു.
കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരി വില 30 ശതമാനത്തോളം ഇടിഞ്ഞിട്ടുമുണ്ട്. ഒരുവേള 361 രൂപവരെ കയറിയ ഓഹരി വിലയാണ് പിന്നീട് താഴേക്ക് കുത്തനെയിറങ്ങിയത്. ഇതിനിടെ, ഇപ്പോഴുയര്‍ന്ന 'മാസപ്പടി' വിവാദം ഓഹരി വിലയില്‍ ചാഞ്ചാട്ടത്തിന് വഴിവയ്ക്കാനുള്ള സാദ്ധ്യത വിരളമല്ല.
സിന്തറ്റിക് റൂട്ടൈല്‍, ഫെറിക് ക്ലോറൈഡ്, ടൈറ്റാനിയം ഡൈ-ഓക്സൈഡ് എന്നിവ ഉത്പാദിപ്പിക്കുന്ന കമ്പനിയായ സി.എം.ആര്‍.എല്ലിന് 1989ല്‍ തുടക്കമിട്ടത് മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍.ശശിധരന്‍ കര്‍ത്തയും ഡയറക്ടര്‍ മാത്യു എം. ചെറിയാനും ചേര്‍ന്നാണ്. കരിമണല്‍ കമ്പനിയെന്നാണ് സി.എം.ആര്‍.എല്‍ പൊതുവേ അറിയപ്പെടുന്നത്. 
കഴിഞ്ഞ നവംബര്‍ 24 മുതല്‍ ഇക്കഴിഞ്ഞ ജൂണ്‍ 23 വരെയുള്ള കണക്കുപ്രകാരം മാത്രം മാത്യു എം. ചെറിയാന്‍ കമ്പനിയില്‍ തനിക്കുള്ള ഓഹരികളില്‍ നിന്ന് 2.10 ലക്ഷം ഓഹരികള്‍  (Click here) വിറ്റൊഴിഞ്ഞിട്ടുണ്ട്. ഇതോടെ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം 6.105 ശതമാനത്തില്‍ നിന്ന് 3.55 ശതമാനമായും കുറഞ്ഞിരുന്നു.
ഇല്ലാത്ത സേവനത്തിന് മാസപ്പടി!
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ, വീണയുടെ കമ്പനിയായ എക്‌സാലോജിക് എന്നിവയ്ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാസപ്പടിയായി മൊത്തം 1.72 കോടി രൂപ സി.എം.ആര്‍.എല്‍ നല്‍കിയെന്ന് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ചാണ് വ്യക്തമാക്കിയത്. മാസന്തോറും പണം നല്‍കിയെന്ന് സി.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയും വ്യക്തമാക്കിയിട്ടുണ്ട്. പ്രവര്‍ത്തനച്ചെലവ് പെരുപ്പിച്ച് കാട്ടി സി.എം.ആര്‍.എല്‍ നികുതി വെട്ടിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണവും ആദായ നികുതി വകുപ്പ് ഉന്നയിച്ചിട്ടുണ്ട്.
സി.എം.ആര്‍.എല്‍ ഉപയോഗിക്കുന്ന അക്കൗണ്ട് സോഫ്റ്റ്‌വെയറുകളുടെ പരിപാലനത്തിനുള്ള തുകയാണ് വീണയ്ക്കും കമ്പനിക്കും നല്‍കിയത്. എന്നാല്‍, സോഫ്റ്റ്‌വെയര്‍ പരിപാലത്തിന് വീണയുടെ കമ്പനിയുടെ ആവശ്യമില്ലെന്ന് അറിഞ്ഞിട്ടും തുക നല്‍കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍.
രാഷ്ട്രീയ വിവാദം
'മാസപ്പടി' വിവാദം കേരള രാഷ്ട്രീയത്തെയും പിടിച്ചുലയ്ക്കുകയാണ്. പിണറായി വിജയന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കള്‍ക്കും സി.എം.ആര്‍.എല്‍ പണം നല്‍കിയിട്ടുണ്ടെന്ന് സി.എം.ആര്‍.എല്‍ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്. സുരേഷ് കുമാറിന്റെ മൊഴിയുണ്ട്. പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവനയായാണ് പണം കൈപ്പറ്റിയതെന്നും അതില്‍ തെറ്റില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചിട്ടുണ്ട്.
Tags:    

Similar News