ഇന്ത്യന്‍ ക്രിപ്‌റ്റോ മേഖല ഞെട്ടിക്കും, കേന്ദ്രം സൃഷ്ടിച്ച അവ്യക്തതകള്‍ താല്‍ക്കാലികം: കോയിന്‍ ഡിസിഎക്‌സ് സഹസ്ഥാപകന്‍

പുതിയ ഫണ്ടിംഗിലൂടെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായി കോയിന്‍ഡിസിഎക്‌സ് മാറി

Update: 2022-04-20 04:42 GMT

രാജ്യത്തെ ആദ്യ ക്രിപ്‌റ്റോ യുണീകോണാണ് കോയിന്‍ഡിസിഎക്‌സ്. ഇപ്പോള്‍  പുതിയ ഫണ്ടിംഗിലൂടെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായും കോയിന്‍ഡിസിഎക്‌സ്  മാറി. സീരീസ് ഡി ഫണ്ടിംഗില്‍ 136 മില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെ സ്ഥാപനത്തിന്റെ മൂല്യം 2.15 ബില്യണായി ഉയര്‍ന്നു.

കഴിഞ്ഞ മാസം ക്രിപ്‌റ്റോ നിക്ഷേപ പദ്ധതി കോയിന്‍ഡിസിഎക്‌സ് ആരംഭിച്ചിരുന്നു. ക്രിപ്‌റ്റോ വാങ്ങല്‍, വില്‍ക്കല്‍ എന്നതിലുപരി ഇത്തരം സേവനങ്ങള്‍ വിപുലീകരിക്കാനാവും ഫണ്ടിംഗിലൂടെ ലഭിച്ച തുക ഉപയോഗിക്കുകയെന്ന് കോയിന്‍ഡിസിഎക്‌സ്  സഹസ്ഥാപകനും സിഇഒയുമായ സുമിത് ഗുപ്ത അറിയിച്ചു.

സര്‍ക്കാര്‍ ഡിജിറ്റല്‍ ആസ്തികള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയത് ഒരു നല്ല സൂചനയാണ്. എന്നാല്‍ നികുതി, ക്രിപ്‌റ്റോ മേഖലയെ എങ്ങനെ ബാധിച്ചു എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ക്രിപ്‌റ്റോ മേഖലയില്‍ ഇപ്പോഴുള്ള അവ്യക്തത താല്‍ക്കാലികമാണെന്നും രാജ്യത്തെ നിക്ഷേപകര്‍ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഉള്ളവരാണെന്നും സുമിത് ഗുപ്ത പറയുന്നു. അവർ  ഇത്തരം നിയമപരമായ പ്രശ്‌നങ്ങള്‍ ലോകത്തെല്ലായിടത്തും കാണുന്നതാണ്. ക്രിപ്‌റ്റോ മേഖല വളരുന്നതിന് അനുസരിച്ച് സര്‍ക്കാര്‍ കൃത്യമായ നയങ്ങള്‍ അവതരിപ്പിക്കണം. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ ക്രിപ്‌റ്റോ ഇക്കോസിസ്റ്റത്തിന്റെ വളര്‍ച്ച ഞെട്ടിക്കുന്നതായിരിക്കുമെന്ന് സുമിത് ഗുപ്ത വ്യക്തമാക്കി.

വളരെ വേഗം വളരുന്ന മേഖലയാണ് ക്രിപ്‌റ്റോ. ഒരു ആഗോള ആസ്തി എന്ന നിലയില്‍ ക്രിപ്‌റ്റോയെ ഒരു രാജ്യത്തേക്കോ, ഏതെങ്കിലും അധികാര പരിധിയുടെ കീഴിലോ കൊണ്ടുവരാന്‍ സാധിക്കില്ല.അതുകൊണ്ട് തന്നെ സര്‍ക്കാര്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഗുണകരമാവില്ലെന്നും സുമിത് ഗുപ്ത ചൂണ്ടിക്കാട്ടി. അതേ സമയം വിവിധ ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകളിലെ കെവൈസി മാനദണ്ഡങ്ങളുടെ ഏകീകരണം, ക്രിപ്‌റ്റോ ആസ്തികളുടെ അസ്ഥിരതകളില്‍ നിന്ന് നിക്ഷേപകരെ എങ്ങനെ സംരക്ഷിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോയിന്‍ഡിസിഎക്‌സ് സിഇഒ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

Tags:    

Similar News