ഓഹരി വിപണിയില്‍ 'ബൈബാക്ക് കാലം', ഓഗസ്റ്റില്‍ തിരികെ വാങ്ങിയത് ₹5,388 കോടിയുടെ ഓഹരികള്‍

ഒക്ടോബര്‍ ഒന്ന് മുതല്‍ ഓഹരി ബൈബാക്ക് നികുതിയില്‍ മാറ്റം

Update:2024-08-28 13:17 IST

ഓഹരി വിപണിയില്‍ ഇത് ഓഹരി തിരിച്ചു വാങ്ങല്‍ (share buyback) കാലം. ഓഗസ്റ്റില്‍ ഇതു വരെ 11 കമ്പനികള്‍ സംയുക്തമായി തിരികെ വാങ്ങിയത് 5,388 കോടി രൂപയുടെ ഓഹരികള്‍. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും വലിയ ഓഹരി ബൈബാക്കാണ് ഈ മാസമുണ്ടായതെന്ന് പ്രൈം ഡേറ്റ ബേസിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഓഹരി തിരിച്ചു വാങ്ങുമ്പോഴുള്ള നികുതി നിരക്കില്‍ വരുത്തിയ പുതിയ മാറ്റമാണ് കമ്പനികളുടെ എണ്ണം കൂടാന്‍ ഇടയാക്കിയത്. ഒക്ടോബര്‍ ഒന്നു മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.

നികുതി മാറ്റം ഇങ്ങനെ

ഇക്കഴിഞ്ഞ ജൂലൈയില്‍ നടന്ന കേന്ദ്ര ബജറ്റിലാണ് ഓഹരി ബൈബാക്കിനുള്ള നികുതി ബാധ്യത കമ്പനികളില്‍ നിന്ന് ഓഹരി ഉടമകളിലേക്ക് മാറ്റിയത്. നിലവില്‍ ഓഹരി തിരിച്ചു വാങ്ങല്‍ പ്രഖ്യാപിക്കുന്ന കമ്പനികള്‍ 20 ശതമാനം നികുതി നല്‍കണം. അതേ സമയം ഓഹരികള്‍ തിരിച്ചു നല്‍കുന്ന ഓഹരി ഉടമകള്‍ക്ക് യാതൊരു നികുതി ബാധ്യതയുമില്ല.
ഒക്ടോബര്‍ ഒന്നു മുതല്‍ ഓഹരി തിരിച്ചു നല്‍കുന്നതു വഴി നിക്ഷേപകര്‍ക്ക് ലഭിക്കുന്ന തുക ഡിവിഡന്റ് ആയി കണക്കാക്കി സ്ലാബ് അനുസരിച്ച് നികുതി ഈടാക്കും. ബൈബാക്കില്‍ ഓഹരി ഏറ്റെടുക്കാനായുള്ള ചെലവ് മൂലധന നഷ്ടമായി കണക്കാക്കും. ഇത് മറ്റ് മൂലധനനേട്ടത്തിനെതിരായി കൂട്ടിക്കിഴിക്കാനോ കാരി ഫോര്‍വേഡ് ചെയ്യാനോ സാധിക്കും.
നിക്ഷേപകരെ സംബന്ധിച്ച് പുതിയ നിയമം ഓഹരി തിരിച്ചു നല്‍കാനുള്ള അവരുടെ ഉത്സാഹം കുറയ്ക്കാനിടയാക്കും. അതാണ് ഒക്ടോബറിന് മുമ്പ് ഓഹരി തിരികെ വാങ്ങാന്‍ കമ്പനികള്‍ തിടുക്കം കാണിക്കുന്നത്.
ഓഹരി ബൈബാക്കുമായി ഇവര്‍

ഈ വര്‍ഷം മാര്‍ച്ചിനു ശേഷം നടന്ന ഏറ്റവും വലിയ ഓഹരി ബൈബാക്കാണ് ഓഗസ്റ്റിലുണ്ടായത്. 4,038 കോടിയുടെ ബൈബാക്കാണ് മാര്‍ച്ചില്‍ നടന്നത്. ജൂണില്‍ 666 കോടിയുടേയും ജൂലൈയില്‍ 852 കോടിയുടേതുമായിരുന്നു ഓഹരി ബൈബാക്ക്.

ഇന്‍ഡസ് ടവേഴ്‌സ്, അരബിന്ദോ ഫാര്‍മ, വെല്‍സ്പണ്‍ ലിവിംഗ്, ടി.ടി.കെ പ്രസ്റ്റീജ്, നവനീത് പബ്ലിക്കേഷന്‍ എന്നിവ ചേര്‍ന്ന് 4,491 കോടിയുടെ ഓഹരികളാണ് നിലവിലുള്ള ഓഹരി ഉടമകളില്‍ നിന്ന് ഈ മാസം തിരിച്ചു വാങ്ങിയത്.

സിംഫണി, സെറ സാനിറ്ററി വെയര്‍, സവിത ഓയില്‍ ടെക്‌നോളജീസ്, ധനുക അഗ്രിടെക്, ചമന്‍ ലാല്‍ സേത്തിയ എക്‌സ്‌പോര്‍ട്‌സ്, എ.ഐ.എ എന്‍ജിനീയറിംഗ് എന്നീ ആറ് കമ്പനികളുടെ ഓഹരി ബൈബാക്ക് നിലവില്‍ നടന്നു വരുന്നു. ഓഗസ്റ്റ് 30ന് അവസാനിക്കും.
ആരതി ഡ്രഗ്‌സ്, ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നൂക്ലിയസ് സോഫ്റ്റ്‌വെയര്‍ എക്‌സ്‌പോര്‍ട്‌സ്, കെ.ഡി.ഡി.സി, ടെക്‌നോക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ്, മയൂര്‍ യൂണിക്വാട്ടേഴ്‌സ് എന്നീ കമ്പനികളുടെ ഓഹരി ബൈബാക്കിന് അനുമതി ലഭിച്ചിട്ടുണ്ട്. തീയതി പ്രഖ്യാപിച്ചിട്ടില്ല.

എന്താണ് ഷെയര്‍ ബൈബാക്ക്?

ഓപ്പണ്‍ മാര്‍ക്കറ്റിലുള്ള കമ്പനിയുടെ ഓഹരികള്‍ കുറയ്ക്കുന്നതിനായി കമ്പനികള്‍ സ്വീകരിക്കുന്ന നടപടിയാണ് ഓഹരി തിരികെ വാങ്ങല്‍ അഥവാ ഷെയര്‍ ബൈബാക്ക്. മുന്‍കൂട്ടി നിശ്ചയിച്ച വിലയില്‍ നിശ്ചിത ഓഹരികള്‍ തിരിച്ചു വാങ്ങുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് വഴി പൊതുനിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ എണ്ണം കുറയും.

നിലവിലെ ഓഹരി ഉടമകളില്‍ നിന്നും നിശ്ചിത സമയപരിധി വച്ച് ടെണ്ടറുകള്‍ സ്വീകരിച്ചും ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും നിശ്ചിത കാലാവധിക്കുള്ളില്‍ നേരിട്ടു വാങ്ങിയുമാണ് കമ്പനികള്‍ ഓഹരി തിരിച്ചെടുക്കുന്നത്. നിലവിലുള്ളതിനേക്കാള്‍ ഉയര്‍ന്ന വിലയായിരിക്കും ഷെയര്‍ ബൈബാക്കിനായി കമ്പനികള്‍ വാഗ്ദാനം ചെയ്യുക. അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്പനിയുടെ ഓഹരിയില്‍ നിന്ന് ലഭിച്ചേക്കാവുന്ന നേട്ടം ഇപ്പോള്‍ നേടാന്‍ നിക്ഷേപകര്‍ക്ക് ഇതു വഴി സാധിക്കും.

Tags:    

Similar News