ഈയാഴ്ച ഐ.പി.ഒ മാമാങ്കം; ₹4,095 കോടി ലക്ഷ്യമിട്ട് ഇരുപതോളം കമ്പനികള്‍

ഓഹരി വിപണിയിലേക്കെത്തുന്നതില്‍ 12 ചെറുകിട ഇടത്തരം കമ്പനികളും.

Update:2023-09-25 19:29 IST

ദലാല്‍ സ്ട്രീറ്റില്‍ ഈയാഴ്ച അരങ്ങുണരുന്നത് 20 ഓളം കമ്പനികളുടെ ഐ.പി.ഒ മാമാങ്കത്തിന്. മൊത്തം 4,095 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പനകളാണ് (IPO) ഈയാഴ്ച നടക്കുക. ഇന്‍ഫ്രാ കമ്പനി ജെ.എസ്.ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ഐ.പി.ഒയാണ് ഇതില്‍ പ്രധാനം. 12 ചെറുകിട ഇടത്തരം കമ്പനികളും (SME) ഓഹരിവിപണിയിലേക്കെത്തുകയാണ്. ഐ.പി.ഒയ്‌ക്കെത്തുന്ന കമ്പനികളും വിശദാംശങ്ങളും:

ജെ.എസ്.ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍

സെപ്റ്റംബര്‍ 25 നാണ് ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിലെ ജെ.എസ്.ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരിവിപണിയില്‍ തുടക്കം കുറിക്കുന്നത്. 2,800 കോടി രൂപ ലക്ഷ്യമിട്ടുകൊണ്ടുള്ള ഐ.പി.ഒ സെപ്റ്റംബര്‍ 27 വരെയാണ് നടക്കുന്നത്. 113-119 രൂപയാണ് പ്രൈസ് ബാന്‍ഡ്.

ഫെസിലിറ്റി മാനേജ്‌മെന്റ് സര്‍വീസ് കമ്പനിയായ അപ്‌ഡേറ്റര്‍ സര്‍വീസും ഈ കാലയളവിലാണ് ഐ.പി.ഒ നടത്തുന്നത്. 280-300 രൂപയാണ് ഇവരുടെ പ്രൈസ് ബാന്‍ഡ്.

ജെ.എസ്.ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചറും (JSW Infrastructure) അപ്‌ഡേറ്റര്‍ സര്‍വീസും (Updater Services)ഐ.പി.ഒയ്ക്കു മുന്നോടിയായി സെപ്റ്റംബര്‍ 22ന് ആങ്കര്‍ നിക്ഷേപകരില്‍ നിന്നും യഥാക്രമം 1,260 കോടി രൂപയും 288 കോടി രൂപയും നേടിയിരുന്നു.

ഈ ആഴ്ചയില്‍ ഐ.പി.ഒ നടത്തുന്ന മൂന്നാമത്തെ കമ്പനി വാലിയന്റ് ലാബോറട്ടറീസ് (Valiant Laboratories) ആണ്. സെപ്റ്റംബര്‍ 27ന് ആരംഭിക്കുന്ന വാലിയന്റ് ലാബോറട്ടറീസ് ഐ.പി.ഒയിലൂടെ 152.46 കോടി സമാഹരിക്കാനാണ് കമ്പനി പദ്ധതിയിട്ടിട്ടുള്ളത്. ഒക്‌ടോബര്‍ മൂന്നിന് ക്ലോസ് ചെയ്യുന്ന ഐ.പി.ഒയില്‍ പ്രൈസ് ബാന്‍ഡ് 133-140 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. 

സെപ്റ്റംബര്‍ 29ന് തുടങ്ങി ഒക്ടോബര്‍ നാലിന് അവസാനിക്കുന്ന മറ്റൊരു ഐ.പി.ഒ ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലാസ വയേഴ്‌സിന്റേതാണ് (Plaza Wires). 71.28 കോടി രൂപ സമാഹരിക്കുന്ന ഐ.പി.ഒയില്‍ ഓരോ ഓഹരിയും 51-54 രൂപ  പ്രൈസ് ബാന്‍ഡിലാകും ലഭ്യമാകുക. 

വൈഭവ് ജൂവലേഴ്‌സ് ഉടമകളായ മനോജ് വൈഭവ് ജെംസ് എന്‍ ജൂവലേഴ്‌സും (Manoj Vaibhav Gems N Jewellers) ഈ ആഴ്ച പ്രാരംഭ ഓഹരി വിപണിയിലെത്തും. സെപ്റ്റംബര്‍ 26 നാണ് ഐ.പി.ഒ ആരംഭിക്കുന്നത്. 270 കോടി രൂപ ലക്ഷ്യമിട്ടുള്ള ഓഹരിവില്‍പ്പനയുടെ പ്രൈസ് ബാന്‍ഡ് 204-215 രൂപയാണ്.

ചെറുകിട ഇടത്തരം കമ്പനികളും

വലിയ കമ്പനികളെപ്പോലെ ചെറുകിട ഇടത്തരം കമ്പനികളും ഓഹരിവിപണിയിലേക്ക് പബ്ലിക് ഓഫറിലൂടെ എത്താറുണ്ട്. അടിസ്ഥാനപരമായി ഓഹരിവില്‍പ്പനയാണ് ലക്ഷ്യമെങ്കിലും ചെറിയ ചില വ്യത്യാസങ്ങളുണ്ട് ഈ ഐ.പി.ഒകള്‍ക്ക്. സെബിക്ക്  പകരം എക്സ്ചേഞ്ചുകള്‍ നേരിട്ടാണ് ഈ സംരംഭങ്ങള്‍ക്ക് ഐ.പി.ഒയ്ക്കായുള്ള അനുമതി നല്‍കുന്നത്. സെബിയാണ് 'എസ്.എം.ഇ ഐ.പി.ഒ' എന്ന വ്യത്യസ്ത നാമം നിര്‍ദേശിച്ചിട്ടുള്ളത്. മറ്റ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി എസ്.എം.ഇ കമ്പനികള്‍ നിയമിച്ചിട്ടുള്ള മെര്‍ച്ചന്റ് ബാങ്കുകളാണ് സമാഹരിക്കുന്ന ഫണ്ടും മൂലധനം സംബന്ധിച്ച കാര്യങ്ങളും തീരുമാനിക്കുന്നത്.

എസ്.എം.ഇ സെഗ്മെന്റില്‍ നിന്നുള്ള 12 കമ്പനികളുടെ ഐ.പി.ഒയാണ് ഈ ഐ.പി.ഒ സീസണിലെ ഒരു പ്രധാന ആകര്‍ഷണം. 431 കോടി രൂപയുടെ സമാഹരണ ലക്ഷ്യവുമായിട്ടാണ് എസ്.എം.ഇ കമ്പനികള്‍ ഓഹരി വിപണിയിലേക്കെത്തുന്നത്. ഈയാഴ്ച നടക്കുന്ന ഐ.പി.ഒയിലൂടെ അറേബ്യന്‍ പെട്രോളിയം, ന്യൂജൈസ ടെക്‌നോളജീസ്, ഇന്‍സ്പയര്‍ ഫിലിംസ്, സാക്ഷി മെഡ്‌ടെക് ആന്‍ഡ് പാനല്‍സ്, ഡിജികോര്‍ സ്റ്റുഡിയോസ് തുടങ്ങിയ അഞ്ച് കമ്പനികള്‍ വിപണിയിലങ്കം കുറിക്കും. സെപ്റ്റംബര്‍ 27 വരെയാണ് ഈ ഐ.പി.ഒകള്‍ നടക്കുന്നത്.

വിശദാംശങ്ങള്‍

20.24 കോടി രൂപ ലക്ഷ്യമിട്ടുകൊണ്ടുള്ള മൂലധന സമാഹരണം നടത്തുന്ന അറേബ്യന്‍ പെട്രോളിയം (Arabian Petroleum) ഒരു ഓഹരിക്ക് 70 രൂപ പ്രൈസ് ബാന്‍ഡ് നിശ്ചയിട്ടുള്ളത്. ന്യൂജൈസ ടെക്‌നോളജീസ് (Newjaisa Technologies) 44-47രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. 39.33 കോടി രൂപയാണ് സമാഹരണ ലക്ഷ്യം. ഇന്‍സ്പയര്‍ ഫിലിംസിന്റെ (Inspire Films) പ്രൈസ് ബാന്‍ഡ് 56-59 ആണ്. 21.23 കോടിയാണ് ലക്ഷ്യം. 45.16 കോടി സമാഹരിക്കാനൊരുങ്ങുന്ന സാക്ഷി മെഡ്‌ടെക് ആന്‍ഡ് പാനല്‍സ് (Saakshi Medtech and Panels) പ്രൈസ് ബാന്‍ഡ് 92-97 രൂപയാണ്. ഡിജികോര്‍ സ്റ്റുഡിയോസിന്റേത് (Digikore Studios)168-171 രൂപയാണ്. പരമാവധി 30.40 കോടി നേടുകയാണ് ലക്ഷ്യം.

മറ്റ് കമ്പനികള്‍

സുനിത ടൂള്‍സാണ് (Sunita Tools) എസ്.എം.ഇ സെഗ്മെന്റില്‍ ഐ.പി.ഒ നടത്തുന്ന മറ്റൊരു കമ്പനി. 22.04 സമാഹരണ ലക്ഷ്യവുമായി സെപ്റ്റംബര്‍ 26-28 ദിവസങ്ങളിലാണ് സുനിത ടൂള്‍സ് ഐ.പി.ഒ നടത്തുന്നത്. 145 രൂപയാണ് ഓരോ ഓഹരിക്കും വില. സിറ്റി ക്രോപ്‌സ് അഗ്രോ (City Crops Agro) ആണ് മറ്റൊരു കമ്പനി. സെപ്റ്റംബര്‍ 26മുതല്‍29 വരെയാണ് ഈ ഐ.പി.ഒ. 15 കോടിയാണ് സമാഹരണലക്ഷ്യം. 25 രൂപയാണ് പ്രൈസ്ബാന്‍ഡ്.

സെപ്തംബർ  27ന് ആരംഭിച്ച് 29ന് അവസാനിക്കുന്ന ഐ.പി.ഒയിലൂടെ കോണ്ടര്‍ സ്‌പേസ്(Kontor Space) 15.62 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഓരോ ഓഹരിക്കും 93 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.

ഗോയല്‍ സോള്‍ട്ട് (Goyal Salt) ആണ് മറ്റൊരു എസ്.എം.ഇ കമ്പനി 18.69 കോടി രൂപ ലക്ഷ്യമിട്ടുള്ള ഐ.പി.ഒ സെപ്റ്റംബര്‍ 26 മുതല്‍ 29 വരെയാണ് നടക്കുന്നത്. 36-38 രൂപയാണ് പ്രൈസ് ബാന്‍ഡ്.

സെപ്റ്റംബര്‍ 27 മുതല്‍ ഒക്‌റ്റോബര്‍ 3 വരെ ഐ.പി.ഒ നടത്തുന്ന മൂന്നു കമ്പനികളുണ്ട്. ഇ ഫാക്റ്റര്‍ എക്‌സ്പീരിയന്‍സ് (E Factor Experiences) വിന്യാസ് ഇന്നോവേറ്റീവ് ടെക്‌നോളജീസ് (Vinyas Innovative Technologies), കാനറീസ് ഓട്ടോമേഷന്‍സ് (Canarys Automations) എന്നിവരാണ് ഇത്. ഇ ഫാക്റ്റര്‍ എക്‌സ്പീരിയന്‍സ് 25.92 കോടി രൂപയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മറ്റ് രണ്ട് കമ്പനികളും യഥാക്രമം 54.66 കോടിയും 47.03 കോടിയുമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 71-75 രൂപയായിരിക്കും ഇ ഫാക്റ്ററിന്റെ പ്രൈസ്ബാന്‍ഡ്. മറ്റ് രണ്ട് കമ്പനികളും യഥാക്രമം 162-165 രൂപ, 29-31 രൂപ എന്നിങ്ങനെയാണ് പ്രൈസ് ബാന്‍ഡ് ലക്ഷ്യമിട്ടിട്ടുള്ളത്.

വിഷ്ണുസൂര്യ പ്രോജക്റ്റ്‌സ് ആന്‍ഡ് ഇന്‍ഫ്ര (Vishnusurya Projects and Infra), കര്‍ണിക ഇന്‍ഡസ്ട്രീസ് (Karnika Industries) എന്നിവയാണ് സെപ്റ്റംബര്‍ 29ന് ഐ.പി.ഒ നടത്തുന്ന മറ്റ് രണ്ട് കമ്പനികള്‍. 68 രൂപ പ്രൈസ് ബാന്‍ഡില്‍ 50 കോടി രൂപയാണ് വിഷ്ണുസൂര്യ പ്രോജക്റ്റ്‌സ് ലക്ഷ്യം നിശ്ചയിച്ചിട്ടുള്ളത്. കര്‍ണിക ഇന്‍ഡസ്ട്രീസ് 25.07 കോടി രൂപയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 76 രൂപ നിരക്കിലാണ് ഓരോ ഓഹരിയും ലഭ്യമാകുക.

Tags:    

Similar News