ഗൂഢകറന്‍സി വിപണി തകര്‍ച്ചയില്‍; ക്രിപ്‌റ്റോ നിക്ഷേപകര്‍ ആശങ്കയില്‍

ബിനാന്‍സ് പിന്മാറിയതോടെ അനിശ്ചിതത്വം

Update: 2022-11-10 04:46 GMT

പ്രമുഖ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ എഫ്ടിഎക്‌സ് തകര്‍ച്ചയിലേക്കു നീങ്ങുകയാണ്. അവരെ ഏറ്റെടുക്കാമെന്ന വാഗ്ദാനത്തില്‍ നിന്ന് ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആയ ബിനാന്‍സ് പിന്മാറി. ഇതോടെ ബിറ്റ്‌കോയിന്‍ അടക്കമുള്ള ഗൂഢ (ക്രിപ്‌റ്റോ) കറന്‍സികളുടെയെല്ലാം വില കുത്തനേ ഇടിഞ്ഞു.

ബിറ്റ് കോയിന്‍ രണ്ടു ദിവസം കൊണ്ട് 20 ശതമാനത്തോളം താഴ്ചയിലായി. മൊത്തം ഗൂഢ കറന്‍സി വിപണിയുടെ മൂല്യം ഒരു വര്‍ഷം മുന്‍പത്തേതിന്റ നാലിലൊന്നായിട്ടുണ്ട്. 67,000 ഡോളറിനു മുകളില്‍ കയറിയിട്ടുള്ള ബിറ്റ്‌കോയിന്‍ ഇപ്പോള്‍ 15,700 നടുത്താണ്. ബിറ്റ്‌കോയിന്റെ വിപണി മൂല്യം 1.13 ലക്ഷം കോടി ഡോളറില്‍ നിന്ന് 35,000 കോടി ഡോളറിനു താഴെയായി. ഈഥര്‍ മുതലുള്ള മറ്റു ഗൂഢ കറന്‍സികളും ഇടിഞ്ഞു.
ഗൂഢ കറന്‍സികളുടെ തകര്‍ച്ച നിക്ഷേപക സമൂഹത്തിനു വലിയ നഷ്ടമാണു വരുത്തുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ക്രിപ്‌റ്റോയിലേക്കു നിക്ഷേപകര്‍ കാര്യമായി നീങ്ങിയിരുന്നു.
ഗോള്‍ഡ്മാന്‍ സാക്‌സ് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഗൂഢകറന്‍സികളെ അംഗീകരിച്ചതും മറ്റൊരു ആസ്തി വിഭാഗമായി അവയെ പരിഗണിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇങ്ങനെ നടത്തിയ നിക്ഷേപങ്ങള്‍ ഇപ്പോള്‍ ഒന്നുമല്ലാതായി മാറുന്ന സാഹചര്യമാണുള്ളത്.



Tags:    

Similar News