സാങ്കേതിക വിശകലനം: നിഫ്റ്റി കുതിക്കാൻ എന്ത് ചാടിക്കടക്കണം?
ഷെയർ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം;
സാങ്കേതിക വിശകലനം
(നവംബർ 25 ലെ മാർക്കറ്റ് ക്ലോസിങ്ങിനെ അടിസ്ഥാനമാക്കി)
നിഫ്റ്റി 18,500 ന്റെ പ്രതിരോധത്തിനു മുകളിൽ ക്ലോസ് ചെയ്തു, ഈ നിലയ്ക്ക് മുകളിൽ തുടർന്നാൽ കയറ്റത്തിനുള്ള ആക്കം തുടരാം.
നിഫ്റ്റി 28.65 പോയിന്റ് (0.15%) ഉയർന്ന് 18,512.75 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി നേട്ടത്തോടെ 18,528.40 ൽ ആണു വ്യാപാരം ആരംഭിച്ചത്. തുടർന്ന് 18450 ലെവലിന് മുകളിൽ സമാഹരണം നടത്തി. ക്ലോസിംഗ് സെഷനിൽ 18,534.90 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. 18,512.75 ൽ ക്ലോസ് ചെയ്തു.
മാധ്യമങ്ങൾ, റിയൽറ്റി, ഓട്ടോ, ഫാർമ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്, അതേസമയം ബാങ്കുകൾ, എഫ്എംസിജി, സാമ്പത്തിക സേവനങ്ങൾ എന്നിവ നഷ്ടത്തിലായി. 1368 ഓഹരികൾ ഉയർന്നു, 817 എണ്ണം ഇടിഞ്ഞു, 136 എണ്ണം മാറ്റമില്ലാതെ തുടർന്നു.
മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും നേട്ടത്തിനുള്ള പ്രവണത സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ ചെറിയ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി 18,500 എന്ന പ്രതിരോധ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്തു. എക്കാലത്തെയും ഉയർന്ന നിലയായ 18,606 നിഫ്റ്റിയുടെ അടുത്ത പ്രതിരോധമായി നിൽക്കുന്നു. ഈ നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്യുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. സൂചികയ്ക്ക് 18,500-18,135 ലെവലിൽ ഹ്രസ്വകാല പിന്തുണയുണ്ട്
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,450-18,400-18,350
റെസിസ്റ്റൻസ് ലെവലുകൾ 18,535-18,606 -18,650 (15 മിനിറ്റ് ചാർട്ടുകൾ)
യുഎസ്, യൂറോപ്യൻ വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ വിപണികൾ താഴ്ചയിലാണു വ്യാപാരം. എസ്‌ജിഎക്‌സ് നിഫ്റ്റി മുൻ ക്ലോസിംഗിനേക്കാൾ താഴ്ന്നാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി ഇന്ന് ചെറിയ താഴ്ചയോടെ വ്യാപാരം തുടങ്ങാം.
എഫ്ഐഐകൾ 369.08 കോടിയുടെ ഓഹരികൾ വാങ്ങി. എന്നാൽ സ്വദേശി സ്ഥാപനങ്ങൾ 295.92 കോടിയുടെ ഓഹരികൾ വിറ്റു.
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത - ബുള്ളിഷ്
കഴിഞ്ഞ സെഷനിൽ ബാങ്ക് നിഫ്റ്റി 91.45 പോയിന്റ് താഴ്ന്ന് 42,983.95 -ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും കയറാനുള്ള പ്രവണത സൂചിപ്പിക്കുന്നു. പ്രതിദിന ചാർട്ടിൽ, സൂചിക ഒരു ചെറിയ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി. മുൻ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ റെസിസ്റ്റൻസ് 43,050 ആണ്, അതേസമയം പിന്തുണ 42,800 ആണ്. ഇന്നത്തെ സൂചികയുടെ ദിശ നിർണ്ണയിക്കാൻ ഈ ലെവലുകളിൽ ഏതെങ്കിലും ഭേദിച്ചിരിക്കണം.
പിന്തുണ–പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 42,800-42,600-42,400
റെസിസ്റ്റൻസ് ലെവലുകൾ 43,050-43,200-43,400 (15 മിനിറ്റ് ചാർട്ടുകൾ)