അദാനിയുടെ നീക്കത്തില്‍ കുതിപ്പ് തുടര്‍ന്ന് റിയല്‍റ്റി കമ്പനി; ഒരുമാസത്തിനിടെ 85 ശതമാനം നേട്ടം

അഞ്ച് ദിവസത്തിനിടെ ഓഹരിവില 21.43 ശതമാനമാണ് ഉയര്‍ന്നത്

Update:2022-09-18 08:00 IST

അദാനിയുടെ നീക്കത്തില്‍ കുതിപ്പ് തുടര്‍ന്ന് മുംബൈ ആസ്ഥാനമായുള്ള റിയല്‍റ്റി കമ്പനിയായ ഡി ബി റിയല്‍റ്റി. അദാനി ഗ്രൂപ്പിന്റെ (Adani Group) ലക്ഷ്വറി റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടി വിഭാഗമായ അദാനി റിയല്‍റ്റി (Adani Realty) ലയന ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഉയര്‍ന്ന ഡി ബി റിയല്‍റ്റിയുടെ (DB Realty) ഓഹരിവില കഴിഞ്ഞ ഏതാനും ദിവസങ്ങളായി അപ്പര്‍ സര്‍ക്യൂട്ടിലാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 21.43 ശതമാനത്തിന്റെ വര്‍ധനവാണ് ഡി ബി റിയല്‍റ്റിയുടെ ഓഹരിവിലയിലുണ്ടായത്. ഒരുമാസത്തിനിടെ 85 ശതമാനത്തിന്റെ നേട്ടവും ഈ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. വെള്ളിയാഴ്ച 108.80 രൂപ എന്ന നിലയിലാണ് ഈ കമ്പനി വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്.

നേരത്തെ, ജൂണ്‍ പാദത്തില്‍ അന്തരിച്ച നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല (Rakesh Jhunjhunwala) ഡി ബി റിയല്‍റ്റിയില്‍ 1.9 ശതമാനം ഓഹരികള്‍ അഥവാ 50 ലക്ഷം ഓഹരികള്‍ കൈവശം വച്ചിരുന്നു. 42.7 കോടി രൂപയാണ് ജുന്‍ജുന്‍വാലയുടെ ഈ കമ്പനിയിലെ ഓഹരി മൂല്യം. എന്‍എസ്ഇയില്‍ (NSE) ഓഹരിവില 89.60 രൂപയിലെത്തിയതോടെ കമ്പനിയുടെ വിപണി മൂല്യം 2,589 കോടി രൂപയായി ഉയര്‍ന്നു.
ഹിന്ദു ബിസിനസ് ലൈനിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ലയനത്തിനുശേഷം ഡിബി റിയല്‍റ്റിയെ അദാനി റിയല്‍റ്റി എന്ന് പുനര്‍നാമകരണം ചെയ്യും. നിലവില്‍ ഡിബി റിയല്‍റ്റിക്ക് മുംബൈയില്‍ 100 മില്യണ്‍ ചതുരശ്ര അടിയും 628 ഏക്കറുമുള്ള ആസ്തിയുണ്ട്. ലയനം പൂര്‍ണമായാല്‍ അദാനി റിയല്‍റ്റിയുടെ ഓഹരി വിപണി ലിസ്റ്റിംഗിനും സഹായകമായും.
നേരത്തെ, ഗോദ്റെജ് പ്രോപ്പര്‍ട്ടീസുമായി ഡി ബി റിയല്‍റ്റി ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് (Real Estate) നിര്‍മാണം, വികസനം, മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ബിസിനസിലാണ് ഡി ബി റിയല്‍റ്റി ഏര്‍പ്പെട്ടിരിക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel


Tags:    

Similar News