ഷാലിമാര്‍ പെയ്ന്റ്സിന്റെ ഓഹരികള്‍ പൊറിഞ്ചു വെട്ടിക്കുറച്ചതാണോ?
സ്മോള്‍ ക്യാപ് ഓഹരിയായ തനേജ എയ്റോസ്പേസ് & ഏവിയേഷന്‍ ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം പൊറിഞ്ചു വെളിയത്ത് വര്‍ധിപ്പിച്ചിരുന്നു
ഇന്ത്യന്‍ ഓഹരി വിപണിയിലെ മികച്ച പോര്‍ട്ട്‌ഫോളിയോ മാനേജറും ഇക്വിറ്റി ഇന്റലിജന്‍സിന്റെ സ്ഥാപകനുമായ പൊറിഞ്ചു വെളിയത്ത് നിക്ഷേപിച്ച ഓഹരികള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുള്ളവയാണ്. സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് ഓഹരികളില്‍ നിക്ഷേപിച്ച് നേട്ടം കൊയ്യുന്ന അദ്ദേഹം ഇടക്കിടെ ഈ ഓഹരികളിലെ പങ്കാളിത്തത്തിലും മാറ്റം വരുത്താറുമുണ്ട്. അടുത്തിടെ സ്‌മോള്‍ ക്യാപ് ഓഹരിയായ തനേജ എയ്റോസ്പേസ് & ഏവിയേഷന്‍ ലിമിറ്റഡിലെ ഓഹരി പങ്കാളിത്തമാണ് അദ്ദേഹം കൂട്ടിയത്. 2021 ലെ മള്‍ട്ടിബാഗര്‍ സ്റ്റോക്കുകളില്‍ ഒന്നാണ് തനേജ എയ്റോസ്പേസിലെ ഓഹരികളുടെ 1.07 ശതമാനം പങ്കാളിത്തം 1.20 ശതമാനമായാണ് ഉയര്‍ത്തിയത്.
എന്നാല്‍ അതിനിടെ 2017 മുതല്‍ പൊറിഞ്ചു വെളിയത്ത് കൈവശംവെച്ച് വരുന്ന ഷാലിമാര്‍ പെയ്ന്റ്സിന്റെ ഓഹരികള്‍ വെട്ടിക്കുറച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ കമ്പനിയുടെ ഏതാനും കുറച്ച് ഓഹരികള്‍ മാത്രമാണ് പൊറിഞ്ചു വെളിയത്ത് വിറ്റഴിച്ചിട്ടുള്ളൂ. കമ്പനി പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ അനുവദിച്ചപ്പോള്‍ ആകെ ഓഹരികളുടെ എണ്ണം കൂടിയിരുന്നു. ഇതിന്റെ ഫലമായാണ്, ആകെ ഓഹരികള്‍ക്ക് ആനുപാതികമായി പൊറിഞ്ചു വെളിയത്തിന്റെ ഓഹരി പങ്കാളിത്തവും കുറഞ്ഞത്.
ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെയ്ന്റ് കമ്പനിയായ ഷാലിമാര്‍ പെയ്ന്റ്‌സ് ലിമിറ്റഡ് ഇന്ന് (10.50, 22-04-2022) 158.35 രൂപ എന്ന നിലയിലാണ് വിപണിയില്‍ വ്യാപാരം നടത്തുന്നത്. ഒരു വര്‍ഷത്തിനിടെ 85 ശതമാനത്തിന്റെ നേട്ടമാണ് ഈ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. എക്സ്ട്രാ, സൂപ്പര്‍ലാക്, ശക്തിമാന്‍, സൂപ്പര്‍ലാക് ഹൈ-ഗ്ലോസ്, ഹുസൈന്‍ കളക്ഷന്‍ എന്നിവയാണ് കമ്പനിയുടെ ബ്രാന്‍ഡുകള്‍.