ബ്ലുചിപ്പ് ഓഹരികളിലെ റിസ്‌ക് അവഗണിക്കരുത്!

Update:2019-11-04 16:52 IST

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള വലിയ കമ്പനികളായാലും നമുക്ക് ചുറ്റുമുള്ള ചെറിയ സംരംഭങ്ങളായാലും ബിസിനസുകള്‍ മൊത്തത്തില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണ്. ഇന്ത്യയിലെ അസംഘടിത മേഖല ഒരു അടിമുടി മാറ്റത്തിന്റെ വക്കിലാണ്. ടെക്സ്‌റ്റൈല്‍, ഓട്ടോ, ഡയമണ്ട്, ലെതര്‍, ഫര്‍ണിച്ചര്‍, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളിലെ എസ് എം ഇകളെല്ലാം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. വാഹനവായ്പാ ദാതാക്കളെയെല്ലാം മാന്ദ്യം മോശമായി ബാധിച്ചിട്ടുണ്ട്- കുറെയേറെ ഒല, യൂബര്‍ ഡ്രൈവര്‍മാരും ഇഎംഐ പോലുമടയ്ക്കാനാകാത്തെ ബുദ്ധിമുട്ടുന്നു. ജിഎസ്ടി, ഉയരുന്ന മത്സരം, ടെക്നോളജി തുടങ്ങിയ പുതിയ മാറ്റങ്ങളെ നേരിടാനാകാ ത്ത കുറെ കമ്പനികളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയില്‍ ആണ്. അല്ലാത്തവര്‍ ആകട്ടെ ചാക്രികമായ മാന്ദ്യത്തെ അഭിമുഖീകരിച്ചു കൊണ്ടുമിരിക്കുന്നു.

നികുതി അടയ്ക്കുന്ന ശീലം ഇല്ലാതിരുന്ന കമ്പനികള്‍ ജിഎസ്ടിക്ക് ശേഷം അതിജീവനത്തിന് പ്രയാസപ്പെടുകയാണ്. വായ്പാപ്രതിസന്ധി കാരണം വിപണിയിലുണ്ടായിട്ടുള്ള പണലഭ്യതക്കുറവും ഉപഭോക്തൃ വിശ്വാസ്യത നഷ്ടപ്പെടുന്നതും കാരണം സാമ്പത്തികമായി മികച്ച നിലയിലുള്ള കച്ചവടക്കാര്‍ പോലും ജാഗരൂകരാണ്.

നിയമവിരുദ്ധ ബിസിനസുകള്‍ക്കെതിരെയുള്ള സര്‍ക്കാരുകളുടെ നീക്കങ്ങള്‍ അത്തരം മേഖലകളില്‍ നിന്നും ഉപജീവനം നേടിയിരുന്ന ഒരു വലിയ വിഭാഗം ജനങ്ങളുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. അവസരങ്ങള്‍ കുറഞ്ഞതോടെ പ്രമുഖ വ്യവസായ കേന്ദ്രങ്ങളില്‍ നിന്ന് തൊഴിലാളികളെ ധാരാളമായി പറഞ്ഞുവിടുന്ന സാഹചര്യമുണ്ട്. മൊത്തത്തില്‍ ആവശ്യകത (demand) കുറഞ്ഞു തന്നെ തുടരുന്നു. ഈ സാഹചര്യത്തില്‍ നികുതിയിളവിന്റെ ഗുണഫലങ്ങള്‍ക്കും അപ്പുറം മുഖ്യധാരാ ലിസ്റ്റഡ് കമ്പനികളുടെ മതിപ്പുവരുമാനത്തില്‍ തരംതാഴ്ത്തല്‍ ഒന്നോ രണ്ടോ പാദങ്ങളില്‍ കൂടി തുടരാനാണ് സാധ്യത.

ചെറിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങി

ഇങ്ങനെയെങ്കിലും ചില ചെറുകിട കമ്പനികളില്‍ നല്ല ലക്ഷണങ്ങളും കണ്ടു തുടങ്ങിയിട്ടുണ്ട്. യുഎസ്ചൈന വ്യാപാരയുദ്ധത്തിന്റെ ഫലമായി ആഗോള ബിസിനസുകള്‍ ചൈനയില്‍ നിന്ന് ഉല്‍പ്പാദനം മാറ്റുന്നതിന്റെ ഗുണഫലം ഈ എസ്എംഇ കള്‍ക്ക് ലഭിച്ചു തുടങ്ങിയിരിക്കുന്നു. ചില സാമ്പത്തിക സൂചകങ്ങളില്‍ പുനരുജ്ജീവനത്തിന്റെ ആദ്യ ലക്ഷണങ്ങളും ഉണ്ട്. ഒരു പരിപൂര്‍ണ പുനരുജ്ജീവനത്തിന് കുറച്ച് മാസങ്ങള്‍ കൂടി എടുത്തേക്കാം എങ്കിലും സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ എല്ലായ്പ്പോഴും സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളെക്കാള്‍ മുന്നേ സഞ്ചരിക്കുന്നവയാണ്.

സര്‍ക്കാര്‍ അവര്‍ക്ക് കഴിയാവുന്ന പോലെ നടപടികള്‍ എടുക്കുന്നുണ്ട് എന്നു കോര്‍പ്പറേറ്റ് നികുതി കുറച്ചതിലൂടെ വ്യക്തമാക്കിയത് മുതല്‍ മാര്‍ക്കറ്റ് സെന്റിമെന്റ് തിരിഞ്ഞിരിക്കുകയാണ്. സപ്ലൈസൈഡ് പരിഷ്‌കാരങ്ങള്‍ക്കപ്പുറം ആവശ്യകത ഉയര്‍ത്താനുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. പേഴ്സണല്‍ ഇന്‍കം ടാക്സ് കുറയ്ക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയവയെല്ലാം കാലം ആവശ്യപ്പെടുന്ന കാര്യങ്ങളാണ്. ഇങ്ങനെയാണെന്നിരിക്കെ നിക്ഷേപകര്‍ എന്ന നിലയില്‍ ഇപ്പോള്‍ ഓഹരികളെ കുറിച്ച് ബെയറിഷ് ആയിട്ടു കാര്യമില്ല. വിശാല വിപണിയിലെ അമിത വിറ്റഴിക്കല്‍ കാരണം ഭാവിയില്‍ നേട്ടം കൊയ്യാന്‍ സാധ്യതയുള്ള കുറെ ഓഹരികള്‍ ഇപ്പോള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണ്.

ശ്രദ്ധിക്കാം, വാല്യു ഇന്‍വെസ്റ്റിംഗില്‍

നിക്ഷേപര്‍ക്ക് ഭാവിയിലും ഏറ്റവും അധികം മള്‍ട്ടിബാഗര്‍ നേട്ടമുണ്ടാക്കുന്നത് ചെറുകിട / മിഡ്ക്യാപ് നിക്ഷേപം തന്നെ ആകും എന്നതില്‍ സംശയം ഇല്ല, എന്നാല്‍ ഈ മേഖലയിലെ പരാജയസാധ്യതയും വളരെ കൂടുതലാണ്. പതിന്മടങ്ങ് വളര്‍ച്ച നേടുന്ന ഓഹരികള്‍ തെരഞ്ഞെടുക്കാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കും ഇവിടെ വിജയം.

എല്ലാകാലത്തും മാന്ദ്യസമയത്തു മൂല്യവത്തായ ഓഹരികളെ ആളുകള്‍ അവജ്ഞയോടെ നോക്കിയിട്ടുണ്ടെങ്കിലും വാല്യു ഇന്‍െവസ്റ്റിംഗ് എന്നും അത്തരം പരീക്ഷണഘട്ടങ്ങളെ അതിജീവിക്കുകയും തിരിച്ചുവരുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വിപണിയുടെ അവസ്ഥ അല്‍പ്പം വ്യത്യസ്തമാണ്, കാര്യങ്ങള്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണ്. ലിസ്റ്റഡ് കമ്പനികളുടെ മൂന്നിലൊന്നു വരെ അടുത്ത കാലങ്ങളില്‍ ബിസിനസില്‍ നിന്ന് പുറത്താകാം. അതി നാല്‍ നിക്ഷേപകര്‍ കൂടുതല്‍ ശ്രദ്ധയോടെ ഓഹരികള്‍ തെരഞ്ഞെടുക്കണം.

ഓഹരിയുടെ ഗുണമേന്മയെ പറ്റിയുള്ള ധാരണകള്‍ എല്ലായ്‌പ്പോഴും അതിന്റെ വിലയെ അടിസ്ഥാനമാക്കിയാണ്. ഗുണത്തെ പറ്റിയുള്ള ധാരണ എത്ര ശക്തമാകുന്നുവോ അത്രയും വില ഏറുകയും ചെയ്യുന്നു.

എന്നാല്‍ പലപ്പോഴും ആളുകള്‍ മറക്കുന്ന പരമ പ്രധാനമായ കാര്യം, ഓഹരി വിപണിയില്‍ എല്ലാറ്റിനും തക്കതായ ഒരു 'വില' ഉണ്ട് എന്നതാണ്. തെറ്റായ ഉയര്‍ന്ന വിലയില്‍ ഗുണമേന്മ എന്നത് പോലും ഊതിവീര്‍പ്പിക്കപ്പെട്ടതായേക്കാം. 70-80 PE യിലും 8-10 PB ലും ട്രേഡ് ചെയ്യുന്ന ഓഹരികളില്‍ ഇപ്പോള്‍ അത്തരം ഒരു ബബിള്‍ (ഊതിപ്പെരുപ്പിക്കല്‍) ഉണ്ട് എന്ന് വേണം അനുമാനിക്കാന്‍. 2017 ല്‍ ഇടത്തരം, ചെറുകിട ഓഹരികളില്‍ ഉണ്ടായ ബബിള്‍ മിക്ക നിക്ഷേപകരും കാണാതെ പോയ പോലെ ഇന്ന് ഓഹരി ഇടപാടുകാര്‍ അറിഞ്ഞോ, അറിയാതെയോ ബ്ലൂചിപ് ഓഹരികളിലെ ബബിളിന്റെ പല സുചനകളും അവഗണിക്കുകയാണ്.

ഗുണമേന്മയുള്ള ഓഹരികളും, വിശാല വിപണിയും തമ്മിലുള്ള നിലവിലെ ധ്രുവീകരണം, രണ്ടുവശത്തും യുക്തിരഹിതമായ വിലനിലവാരത്തില്‍ ആണ് എത്തിനില്‍ക്കുന്നത്, ഇത് തുടരാന്‍ ഇടയില്ല. ഭാവിയില്‍ പതിന്മടങ്ങു ലാഭം കൊയ്യാന്‍ സാധ്യതയുള്ള ഓഹരികള്‍ തെരഞ്ഞെടുത്തു നിക്ഷേപിക്കാന്‍ ഇതിലും മികച്ച സമയം വേറെ ഇല്ല. അത്തരം നിക്ഷേപകരുടെ ഭാവി ശോഭനമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News