നേട്ടത്തിലേക്ക് തിരിച്ചെത്തി സൂചികകള്‍; പിന്തുണച്ച് വാഹന, ധനകാര്യ ഓഹരികള്‍
17,000 കടന്ന് നിഫ്റ്റി, 26 കേരള ഓഹരികള്‍ക്കും നേട്ടം, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളില്‍ കനത്ത നഷ്ടം
കനത്ത ചാഞ്ചാട്ടത്തിനിടയിലും നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓഹരി സൂചികകള്‍. വ്യാപാരത്തുടക്കത്തില്‍ വില്‍പന സമ്മര്‍ദ്ദമുണ്ടായെങ്കിലും വൈകിട്ടോടെ ലോഹ, വാഹന, പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ ഓഹരികളിലുണ്ടായ മികച്ച വാങ്ങല്‍താത്പര്യം ഓഹരികളെ നേട്ടത്തിലെത്തിച്ചു.
സെന്‍സെക്‌സ് 346.37 പോയിന്റുയര്‍ന്ന് 57960.09ലും നിഫ്റ്റി 129 പോയിന്റ് മുന്നേറി 17080.70ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 2,173 കമ്പനികളുടെ ഓഹരിവില ഇന്ന് ഉയര്‍ന്നു. 1,345 കമ്പനികള്‍ നഷ്ടത്തിലേക്ക് വീണു. 118 കമ്പനികളുടെ ഓഹരിവിലയില്‍ മാറ്റമില്ല. ആഗോളതലത്തില്‍ ആശങ്ക സൃഷ്ടിച്ച ബാങ്കിംഗ് പ്രതിസന്ധി ഒഴിയുന്നുവെന്ന വാര്‍ത്തകളും ഇന്ന് ഓഹരികള്‍ക്ക് കരുത്തായി.
അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്സ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്സ്, എച്ച്.സി.എല്‍ ടെക്് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. യു.പി.എല്‍, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയവ നഷ്ടം രേഖപ്പെടുത്തി. ഓട്ടോ, എഫ്.എം.സി.ജി, പി.എസ്.യു ബാങ്ക്, കാപിറ്റല്‍ ഗുഡ്സ്, റിയല്‍റ്റി, മെറ്റല്‍ സൂചികകള്‍ 1-3 ശതമാനം നേട്ടം കുറിച്ചു. ബി.എസ്.ഇ മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ 1.5 ശതമാനം നേട്ടമുണ്ടാക്കി.
കടബാദ്ധ്യതകള്‍ കുറച്ചുവെന്ന അദാനി ഗ്രൂപ്പിന്റെ അവകാശവാദം തെറ്റാണെന്ന് ചില മാധ്യമവാര്‍ത്തകളുണ്ടായിരുന്നു. മാധ്യമ റിപ്പോട്ടുകള്‍ ശരിയല്ലെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവന ഇറക്കിയതോടെ, ഒരുവിഭാഗം അദാനി ഗ്രൂപ്പ് ഓഹരികളുടെ വില ഇന്ന് മികച്ച നേട്ടമുണ്ടാക്കി.