ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിന്റെ 370 കോടി രൂപ ഇഡി മരവിപ്പിച്ചു

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ക്കെതിരേയുള്ള ഈ മാസത്തെ രണ്ടാമത്തെ നടപടിയാണിത്

Update:2022-08-12 12:38 IST

ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചിന്റെ (cryptocurrency exchange) ബാങ്ക് അക്കൗണ്ടുകളിലെ 370 കോടി രൂപ മരവിപ്പിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. അനധികൃത വായ്പാ ആപ്പുകള്‍ പ്രവര്‍ത്തിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന കമ്പനികളുടെ പണം വെളുപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇഡിയുടെ നടപടി. അതേസമയം, എക്‌സ്‌ചേഞ്ചിന്റെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്ര ഏജന്‍സി മരവിപ്പിക്കുന്നത് ഈ മാസം രണ്ടാമത്തെ സംഭവമാണ്. ജനപ്രിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് വസീര്‍എക്‌സിന്റെ ഉടമസ്ഥതയിലുള്ള സാന്‍മൈ ലാബ്‌സിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ക്കായി അടുത്തിടെ തിരച്ചില്‍ നടത്തിയതായും മൊത്തം 64.67 കോടി രൂപയുടെ ബാങ്ക് ബാലന്‍സുകള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ടതായും കഴിഞ്ഞ ആഴ്ച പത്രക്കുറിപ്പില്‍ ഇഡി വ്യക്തമാക്കിയിരുന്നു.
ഇന്‍സ്റ്റന്റ് ലോണ്‍ആപ്പ് (Instant Loanapp) കേസില്‍ പ്രതി സ്ഥാനത്തുള്ള സ്ഥാപനങ്ങളുടെ 1,000 കോടി രൂപയിലധികം വെളുപ്പിച്ച സംഭവത്തില്‍ പത്ത് ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളെങ്കിലും അനേഷണ പരിധിയിലുള്ളതായാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 100 കോടിയിലധികം രൂപയ്ക്ക് ക്രിപ്‌റ്റോ നാണയങ്ങള്‍ വാങ്ങാനും നാണയങ്ങള്‍ അന്താരാഷ്ട്ര വാലറ്റുകളിലേക്ക് അയയ്ക്കാനും ഈ സ്ഥാപനങ്ങള്‍ എക്‌സ്‌ചേഞ്ചുകളെ സമീപിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.


Tags:    

Similar News