ഓഹരി അവധി വ്യാപാരം നഷ്ട കച്ചവടമോ? പത്തില്‍ ഒമ്പത് വ്യാപാരികളും നഷ്ടത്തിലെന്ന് പഠനം
അധിക റിസ്‌ക് വെളിപ്പെടുത്തലുകളെ സംബന്ധിച്ച് സെബി പുതിയ മാര്‍ഗരേഖ പുറത്തിറക്കും
ഓഹരി അവധി വ്യാപാരത്തില്‍ (Futures & Options) പത്തില്‍ ഒന്‍പത് വ്യാപാരികള്‍ക്കും നഷ്ടം നേരിട്ടതായി സെബി (സെക്യൂരിറ്റീസ് & എക്‌സ് ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നടത്തിയ പഠനത്തില്‍ കണ്ടെത്തി. 2021 -22 ല്‍ വ്യാപാരികളുടെ ശരാശരി നഷ്ടം 1.1 ലക്ഷം രൂപയായിരുന്നു. സജീവ വ്യാപാരികളില്‍ 90 ശതമാനത്തിനും ശരാശരി നഷ്ടം 1.25 ലക്ഷം രൂപയായിരുന്നു. ശരാശരി നഷ്ടം നേരിട്ട വ്യാപാരികളുടെ നഷ്ടം ശരാശരി ലാഭം നേടിയവരെക്കാള്‍ 15 മടങ്ങ് അധികമായിരുന്നു. വ്യാപാര നഷ്ടം കൂടാതെ മുപ്പത് ശതമാനത്തോളം ഇടപാട് ചെലവുകളും കൂടിയായപ്പോള്‍ അവധി വ്യാപാരം അവര്‍ക്ക് കനത്ത പ്രഹരമായി.
10 മുന്‍ നിര ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ വഴി വ്യാപാരം നടത്തിയ വ്യക്തികളെ സംബന്ധിച്ച സാമ്പിള്‍ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. 2021 -22 ല്‍ 45.2 ലക്ഷം വ്യാപാരികളാണ് അവധി വ്യപാരം നടത്തിയത് -2018 -19 കാലയളവിനെ അപേക്ഷിച്ച് 500 % വര്‍ധനവ്. ഇതില്‍ 88 % സജീവ വ്യാപാരികളായിരുന്നു. മൊത്തം വ്യാപാരികളില്‍ നാല്‍പ്പത് ശതമാനത്തോളം പേര്‍ 30 വയസിനും 40 വയസിനും ഇടിയില്‍ ഉള്ളവരാണ്. 20 -30 വയസിന് ഇടയില്‍ ഉള്ള വ്യാപാരികള്‍ 36 ശതമാനമായി വര്‍ധിച്ചു. നേരത്തെ ഇത് 11 ശതമാനമായിരുന്നു. അവധി വ്യാപാരം നടത്തുന്നതില്‍ എണ്‍പത് ശതമാനവും പുരുഷന്മാരാണെന്നും സെബി രേഖകള്‍ പറയുന്നു.
എന്താണ് അവധി വ്യപാരം?
അവധി വ്യപാരത്തില്‍ വ്യാപാരികള്‍ മുന്‍ നിശ്ചയിച്ച ഒരു തിയതിക്ക് ഭാവിയില്‍ ഓഹരികള്‍ വില്‍ക്കാനോ വാങ്ങാനോ ഉള്ള കരാറുകളില്‍ ഏര്‍പെടുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് ഒരു കമ്പനിയുടെ 50 ഓഹരികള്‍ 100 രൂപക്ക് വാങ്ങാം എന്ന കരാര്‍ ഒരു വ്യാപാരി വാങ്ങിയതായി സങ്കല്‍പിക്കാം. കരാര്‍ കാലാവധി തീരുന്ന ദിവസം ഓഹരിയുടെ വിപണി വില 110 രൂപ യായാലും 100 രൂപക്ക് വ്യാപാരിക്ക് ലഭിക്കും. അങ്ങനെ ഒരു ഓഹരിയില്‍ 10 രൂപയുടെ നേട്ടം ഉണ്ടാക്കാം (എക്‌സ് ചേഞ്ച് കമ്മീഷന്‍ കുറച്ചിട്ടുള്ള തുക അക്കൗണ്ടില്‍ വരവ് ചേര്‍ക്കും). എന്നാല്‍ നിശ്ചിത ദിവസം വില 90 രൂപ യായി കുറഞ്ഞാല്‍ നഷ്ടം നേരിടും. മുഴുവന്‍ തുകയും നല്‍കിയില്ല വ്യപാരികള്‍ അവധി കരാറുകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും -ഒരു മാര്‍ജിന്‍ നല്‍കിയാല്‍ മതിയാകും. എന്നാല്‍ കരാര്‍ കാലാവധി തീരുന്നതിന് മുന്‍പ് വിപണിയില്‍ ഓഹരിയുടെ വില കുറയുന്ന സാഹചര്യം ഉണ്ടായാല്‍ അധിക മാര്‍ജിന്‍ വ്യാപാരി നല്‍കേണ്ടി വരും. (ഇതിനെ Mark to Market losses എന്നാണ് പറയുന്നത്).
ഓഹരി ക്യാഷ് വിഭാഗത്തില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങളും അനിശ്ചിത ത്വങ്ങളില്‍ നിന്ന് നഷ്ടസാധ്യത കുറയ്ക്കാനാണ് അവധി വ്യാപാരം നടത്തുന്നത്. ഇതിനെ ഹെഡ്ജിങ് (hedging) എന്ന് പറയും. എന്നാല്‍ മറ്റ് ചിലര്‍ ഊഹ കച്ചവടത്തിനായി അവധി വ്യാപാരത്തില്‍ ഏര്‍പ്പെടും. അവരുടെ ലക്ഷ്യം വിപണിയില്‍ ഉണ്ടാകുന്ന ഉയര്‍ച്ച താഴ്ചയില്‍ നിന്ന് ലാഭം നേടുകയാണ്. ഓഹരി സൂചികകള്‍ അടിസ്ഥാന പെടുത്തിയും അവധി വ്യാപാരം നടത്താന്‍ സാധിക്കും. സാധാരണ ഓഹരി അവധി കരാറുകള്‍ 3 മാസം ദൈര്‍ഖ്യമുള്ള താണ് എന്നാല്‍ സൂചികകള്‍ അടിസ്ഥാന പെടുത്തിയുള്ളത് 5 വര്‍ഷം വരെ കാലാവധി ഉണ്ടാകും.
ഓപ്ഷന്‍സ്
ഓപ്ഷന്‍സ് കരാറുകള്‍ എന്നാല്‍ നിശ്ചിത തീയതിയില്‍ വാങ്ങാനോ വില്‍ക്കണോ അവകാശമുള്ളതും എന്നാല്‍ ബാധ്യത ഇല്ലാത്തതുമാണ്. രണ്ടു തരം ഓപ്ഷന്‍സ് കരാറുകള്‍ ഉണ്ട് - കാള്‍ (Call) ഓപ്ഷന്‍ , പുട്ട് (Put) ഓപ്ഷന്‍. ഒരു കമ്പനിയുടെ ഓഹരി വില ഉയരുമെന്ന് വിശ്വസിക്കുന്നവര്‍ക്ക് കാള്‍ ഓപ്ഷന്‍ വാങ്ങാം. ഒരു നിശ്ചിത തീയതിയില്‍ ലക്ഷ്യ വില നിശ്ചയിച്ച് വാങ്ങാനുള്ള കരാറാണ്. എന്നാല്‍ ആ വില എത്തിയാല്‍ വാങ്ങാനുള്ള അവകാശം വ്യാപാരിക്ക് ഉണ്ട്, എന്നാല്‍ ബാധ്യത ഇല്ല. വാങ്ങാത്ത പക്ഷം എക്‌സ് ചേഞ്ചിന് നല്‍കേണ്ട പ്രീമിയം മാത്രമാണ് നഷ്ടമാകുന്നത്. പുട്ട് ഓപ്ഷനെന്നാല്‍ ഭാവി തിയതിയില്‍ ഒരു ഓഹരി നിശ്ചിത വില എത്തിയാല്‍ വില്‍ക്കാനുള്ള അവകാശമാണ് വ്യാപാരിക്ക് നല്‍കുന്നത്, എന്നാല്‍ ബാധ്യത ഇല്ല.
എന്ത് കൊണ്ട് അവധി വ്യാപാരം നഷ്ടമാകുന്നു?
ഓഹരികളെ പോലെ തന്നെ ഓഹരി അവധി കരാറുകള്‍ക്കും റിസ്‌ക് ഉണ്ട്. എന്നാല്‍ ക്യാഷ് വിഭാഗത്തില്‍ ഓഹരി തെരഞ്ഞെടുത്തത് തെറ്റി പോയാലും, നിക്ഷേപകന് ക്ഷമയോടെ കാത്തിരുന്നാല്‍ ഭാവിയില്‍ അവ മള്‍ട്ടി ബാഗറാകാനുള്ള സാധ്യതയകള്‍ ഉണ്ടെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സെര്‍വീസസിലെ ചീഫ് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്‌റ് ആനന്ദ് ജെയിംസ് അഭിപ്രായപ്പെട്ടു. എന്നാല്‍ അവധി വ്യപാര കരാറുകള്‍ ഒരു നിശ്ചിത കാലാവധിക്ക് ഉള്ളില്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.
കാലാവധി പൂര്‍ത്തിയാകുന്ന മാസം അവധി കരാറുകളില്‍ 20 ദിവസമേ വ്യാപാരം നടത്താറുള്ളു. ഓപ്ഷന്‍ കോണ്‍ട്രാക്ടുകള്‍ ഒരു മാസത്തിന്റെ ആദ്യ പകുതിയില്‍ എടുക്കുന്നതും കോള്‍, പുട്ട് ഓപ്ഷന്‍ ഒരേ സമയം എടുക്കുന്നതും നഷ്ട് സാധ്യത കുറയ്ക്കുമെന്ന് ആനന്ദ് ജെയിംസ് അഭിപ്രായപ്പെട്ടു. വിപണിയിലെ ചാഞ്ചാട്ടം കുറയുമോ വര്‍ധിക്കുമോ എന്ന നിഗമനം ശരി യാകുന്നത് അനുസരിച്ചാണ് ലാഭവും നഷ്ടവും ഉണ്ടാകുന്നത്.
സെബി നടപടികള്‍
അവധി വ്യാപാരത്തിലെ ആനുകാലിക ഡാറ്റ വിശകലനങ്ങളും വെളിപ്പെടുത്തലുകളും വ്യപാരികളിയില്‍ റിസ്‌കിനെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് സെബി കരുതുന്നു. ബ്രോക്കിംഗ് സ്ഥാപനങ്ങളും, എക്‌സ്‌ചേഞ്ചുകളും വ്യപാരികള്‍ക്ക് നല്‍കേണ്ട അധിക റിസ്‌ക് വെളിപ്പെടുത്തലുകളെ സംബന്ധിച്ച മാര്ഗ രേഖ സെബി പുറത്തിറക്കും.