ഐപിഒയ്ക്ക് ഒരുങ്ങി ഫാബ്ഇന്ത്യ ; സമാഹരിക്കുക 4000 കോടി

വസ്ത്ര വില്‍പ്പനയ്ക്ക് പുറമെ ഹോം ഫര്‍ണിച്ചര്‍, ഓര്‍ഗാനിക് ഫൂഡ് എന്നീ മേഖലയിലും ഫാബ്ഇന്ത്യയ്ക്ക് സാന്നിധ്യമുണ്ട്.

Update: 2021-12-20 07:20 GMT

പരമ്പരാഗത വസ്ത്രങ്ങളുടെ, രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഫാഫ്ഇന്ത്യ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന കമ്പനി ഓഹരി ഉടമകളുടെ യോഗം ഐപിഒ നടത്താനുള്ള തീരുമാനം അംഗീരിച്ചു. ഡിസംബര്‍ അവസാനത്തോടെ ഐപിഒയ്ക്കുള്ള ഡ്രാഫ്റ്റ് ഡോക്യുമെന്റ് ഫാബ്ഇന്ത്യ സമര്‍പ്പിക്കും.

4000 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കന്‍ ലക്ഷ്യമിടുന്നത്. ഐപിഒയില്‍ 250 കോടിയുടെ പുതിയ ഓഹരികളുണ്ടാകും. നിരവധി നിക്ഷേപകര്‍ ഓഹരികള്‍ വില്‍ക്കും. എന്നാല്‍ കൃത്യമായ കണക്കുകള്‍ ഫാബ്ഇന്ത്യ അറിയിച്ചിട്ടില്ല. വസ്ത്ര വില്‍പ്പനയ്ക്ക് പുറമെ ഹോം ഫര്‍ണിച്ചര്‍, ഓര്‍ഗാനിക് ഫൂഡ് എന്നീ മേഖലയിലും ഫാബ്ഇന്ത്യയ്ക്ക് സാന്നിധ്യമുണ്ട്. കമ്പനിയുടെ സഹസ്ഥാപനമാണ് ഫാബ് കഫെ. 1960ല്‍ ജോണ്‍ ബിസെല്‍ സ്ഥാപിച്ച ഫാബ്ഇന്ത്യയുടെ പ്രവര്‍ത്തനം രാജ്യത്തെ കര്‍ഷകര്‍ക്കും കരകൗശല വിദഗ്ധരുമായി സഹകരിച്ചുകൊണ്ടാണ്. അതുകൊണ്ട് തന്നെ കമ്പനിക്ക് സ്വന്തമായി ഫാക്ടറികള്‍ ഇല്ല.
കര്‍ഷകര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും പുറമെ PI ഓപ്പര്‍ച്യുനിറ്റീസ് ഫണ്ട്, ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ്, ആക്സിസ് ന്യൂ ഓപ്പര്‍ച്യുണിറ്റീസ്, ഇന്ത്യ 2020 ഫണ്ട് II ലിമിറ്റഡ്, കൊട്ടക് ഇന്ത്യ അഡ്വാന്റേജ് ഫണ്ട്, അസിം പ്രേംജിയുടെ പ്രേംജിഇന്‍വെസ്റ്റ്, നന്ദന്‍ നിലേകനി- ഭാര്യ രോഹിണി നിലേകനി, ആക്സെഞ്ചര്‍ ചെയര്‍പേഴ്സണ്‍ രേഖ മേനോന്‍, ഇന്‍ഫോ എഡ്ജിന്റെ സ്ഥാപകന്‍ സഞ്ജീവ് ബിഖ്ചന്ദാനി തുടങ്ങയവര്‍ക്ക് ഫാബ്ഇന്ത്യയില്‍ നിക്ഷേപമുണ്ട്. 49 ശതമാനം ഓഹരികളാണ് പ്രൊമോട്ടര്‍മാര്‍ക്ക് ഉള്ളത്.
2019-19 സാമ്പത്തിക വര്‍ഷം 1,457 കോടിയുടെ വരുമാനവും 101 കോടിയുടെ ലഭവും ആയിരുന്നു ഫാബ്ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. കൊവിഡിനെ തുടര്‍ന്ന് 2019-20 കാലയളവില്‍ ലാഭം 34 കോടിയായി ചുരുങ്ങിയിരുന്നു. നിലവില്‍ ഫാബ്ഇന്ത്യയ്ക്ക് രാജ്യത്തുടനീളം 318 സ്‌റ്റോറുകളുണ്ട്.


Tags:    

Similar News