വിദേശ സൂചനകൾ നെഗറ്റീവ്; എൻവിഡിയയിൽ നിരാശ; ടെക് മേഖല തിരുത്തലിൻ്റെ പാതയിലോ? റിലയൻസ്- ഡിസ്നി ലയനത്തിന് അംഗീകാരം
വിദേശ സൂചനകൾ നെഗറ്റീവ് ആണെങ്കിലും ഇന്ത്യൻ വിപണി പിടിച്ചു നിൽക്കാനുളള ശ്രമത്തിലാണ്.
എൻവിഡിയ റിസൽട്ട് വിപണി പ്രതീക്ഷിച്ചതു പോലെ വരാത്തതു ടെക് മേഖലയെ ഇന്നു താഴ്ത്തും എന്നു ഭീതിയുണ്ട്. കമ്പനിയുടെ വളർച്ച -ലാഭ പ്രതീക്ഷകൾ താഴുകയാണ്. ഏഷ്യൻ രാജ്യങ്ങളിൽ ടെക് ഓഹരികൾ ഇടിഞ്ഞു. യുഎസ് ഫ്യൂച്ചേഴ്സ് വലിയ താഴ്ചയിലാണ്. ടെക് മേഖലയിൽ തിരുത്തൽ പ്രതീക്ഷിക്കാമെന്നാണു ഗോൾഡ്മാൻ സാക്സും മോർഗൻ സ്റ്റാൻലിയും വിലയിരുത്തിയത്.
റിലയൻസ് ഗ്രൂപ്പും ഡിസ്നി ഇന്ത്യയുമായുളള സഖ്യത്തിനു കോംപറ്റീഷൻ കമ്മീഷൻ്റെ അംഗീകാരം ലഭിച്ചത് ഇന്നു റിലയൻസിനും ഗ്രൂപ്പിലെ മീഡിയ കമ്പനികൾക്കും നേട്ടം ഉണ്ടാക്കാം. മറ്റു മീഡിയാ കമ്പനികൾക്കു ക്ഷീണവും വരാം. ഇന്നു റിലയൻസ് ഓഹരി ഉടമകളുടെ പാെതുയോഗത്തിൽ പ്രധാന പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 25,006 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 25,002 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്ന് ഇടിവോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണികള്‍
യൂറോപ്യൻ വിപണികൾ ബുധനാഴ്ച നേട്ടത്തിൽ അവസാനിച്ചു.യുഎസ് വിപണി ബുധനാഴ്ച താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു കൂടുതൽ നഷ്ടത്തിൽ അവസാനിച്ചു. എൻവിഡിയ റിസൽട്ടിനെ കാത്തുനിന്ന വിപണി ആശങ്കയിലായിരുന്നു.ബുധനാഴ്ച ഡൗ ജോൺസ് സൂചിക 159.08 പോയിൻ്റ് (0.39%) താഴ്ന്ന് 41,091.42 എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 33.62 പോയിൻ്റ് (0.60%) കുറഞ്ഞ് 5592.18 ൽ അവസാനിച്ചു. നാസ്ഡാക് 198.79 പാേയിൻ്റ് (1.12%) ഇടിഞ്ഞ് 17,556.03 ൽ ക്ലോസ് ചെയ്തു. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.12 ശതമാനം ഉയർന്നു. എന്നാൽ എസ് ആൻഡ് പി 0.56 ഉം നാസ്ഡാക് 0.99 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു. യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 3.835 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു താഴ്ന്നു.
ഏഷ്യൻ വിപണികളും ഇന്നു രാവിലെ താഴ്ന്നു.
ഇന്ത്യ വിപണിയില്‍ ചാഞ്ചാട്ടം
ഇന്ത്യൻ വിപണി ബുധനാഴ്ച ചാഞ്ചാട്ടത്തിലായിരുന്നു. നിഫ്റ്റി 25,129.60 വരെ കയറി പുതിയ റെക്കോർഡ് കുറിച്ചു. ഉയർന്ന വിലയിലെ ലാഭമെടുക്കൽ പിന്നീടു സൂചികയെ താഴ്ത്തി. നിഫ്റ്റി തുടർച്ചയായ പത്താം ദിവസമാണു നേട്ടത്തോടെ ക്ലോസ് ചെയ്യുന്നത്.
ബുധനാഴ്ച സെൻസെക്സ് 73.80 പാേയിൻ്റ് (0.09%) ഉയർന്ന് 81,785.56 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 34.60 പോയിൻ്റ് (0.14%) നേട്ടത്തോടെ 25,052.35 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 0.26% (134.90 പോയിൻ്റ്) താഴ്ന്ന് 51,143.85 ൽ ക്ലാേസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.12 ശതമാനം താഴ്ന്ന് 59,146.40 ലും സ്മോൾ ക്യാപ് സൂചിക 0.07% കുറഞ്ഞ് 19,319.75 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 1347.53 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 439.35 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിപണി ബുള്ളിഷ് മനോഭാവത്തിലാണു ക്ലോസ് ചെയ്തത്. എന്നാൽ പാശ്ചാത്യ- ഏഷ്യൻ സൂചനകൾ വിപണി താഴാം എന്നു കാണിക്കുന്നുണ്ട്.
ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,985 ലും 24,950 ലും പിന്തുണ ഉണ്ട്. 25,110 ലും 25,150 ലും തടസം ഉണ്ടാകാം.
കമ്പനികൾ, വാർത്തകൾ
ശനിയാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ബോണസ് ഇഷ്യു പ്രഖ്യാപിക്കും എന്ന അറിയിപ്പ് എൻബിസിസി ഓഹരിയെ 17 ശതമാനം വരെ ഉയർത്തി. സുഡിയോ, വെസ്റ്റ് സെെഡ് ബ്രാൻഡ് സ്‌റ്റോറുകളുടെ നടത്തിപ്പുകാരായ ട്രെൻ്റ് ലിമിറ്റഡിനെ നിഫ്റ്റി 50 സൂചികയിൽ പെടുത്തും എന്ന റിപ്പോർട്ട് ഓഹരിയെ ഏഴു ശതമാനം വരെ കയറ്റി.
നിഫ്റ്റി 50 യിൽ നിന്നു മാറ്റപ്പെടുന്ന മെെൻഡ് ട്രീയെ കൊട്ടക് സെക്യൂരിറ്റീസ് അപ്ഗ്രേഡ് ചെയ്തതിനെ തുടർന്ന് ഓഹരി എട്ടു ശതമാനം വരെ ഉയർന്നു. ബ്രോക്കറേജുകൾ മോശം വിലയിരുത്തൽ നടത്തിയതിനെ തുടർന്ന് ടാറ്റാ എൽക്സി എട്ടു ശതമാനം താഴ്ന്നു.
എൻവിഡിയ തിളങ്ങി, ഓഹരി വീണു
നിർമിതബുദ്ധി മേഖലയ്ക്കു വേണ്ട ഗ്രാഫിക് പ്രോസസർ യൂണിറ്റുകൾ നിർമിക്കുന്ന എൻവിഡിയ മികച്ച രണ്ടാം പാദ റിസൽട്ട് പുറത്തുവിട്ടെങ്കിലും വിപണിയുടെ മോഹത്തോളം വന്നില്ല. അതിനാൽ യുഎസ് വിപണിയിൽ വ്യാപാരാനന്തര ഇടപാടുകളിൽ ഓഹരി ഏഴര ശതമാനം ഇടിഞ്ഞു. നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 1.2 ശതമാനം താഴ്ചയിലായി. ഔദ്യോഗിക വ്യാപാര സമയത്ത് എൻവിഡിയ 2.1ശതമാനം താഴ്ന്നതാണ്. ഒരു വർഷം കാെണ്ട് 154 ശതമാനം ഉയർന്നാണ് ഓഹരി നിൽക്കുന്നത്. കമ്പനിയുടെ വരുമാനം 122 ശതമാനം വർധിച്ചു 3004 കോടി ഡോളർ ആയി. അനാലിസ്റ്റുകൾ പ്രതീക്ഷിച്ചിരുന്നത് 2870 കോടി ഡോളർ. അറ്റാദായം 618 കോടി ഡോളറിൽ നിന്ന് 1660 കോടി ഡോളർ ആയി. വർധന 168 ശതമാനം. പ്രതി ഓഹരി വരുമാനം 25 സെൻ്റിൽ നിന്ന് 67 സെൻ്റ് ആയി. അനാലിസ്റ്റ് പ്രതീക്ഷ 64 സെൻ്റ് ആയിരുന്നു. അനാലിസ്റ്റുകളുടെ നിഗമനത്തേക്കാൾ മികച്ചതാണു റിസൽട്ട്. എങ്കിലും വിപണിയുടെ വന്യമായ മോഹത്തോളം വന്നില്ല എന്നതാണ് വീഴ്ചയ്ക്കു കാരണം. കഴിഞ്ഞ മൂന്നു പാദങ്ങളിൽ വരുമാനവും ലാഭവും 200 ശതമാനത്തിലധികം വർധിപ്പിച്ചതാണ്. അങ്ങനെ ഇത്തവണയും ഉണ്ടാകും എന്ന മോഹമാണു നടക്കാതെ പോയത്. കമ്പനിയുടെ ലാഭമാർജിൻ കഴിഞ്ഞ പാദത്തിലെ 78.4 ൽ നിന്ന് 75.1 ശതമാനമായി കുറഞ്ഞു. വാർഷിക ലാഭമാർജിൻ പ്രതീക്ഷയും അൽപം താഴ്ത്തി. അടുത്ത തലമുറ നിർമിത ബുദ്ധി ചിപ്പ് ആയ ബ്ലായ്ക്ക് വെൽ വിൽപന നാലാം പാദത്തിൽ ശതകോടിക്കണക്കിനു ഡോളറിൽ എത്തുമെന്നും കമ്പനി അറിയിച്ചു. കമ്പനി 5000 കോടി ഡോളറിന് ഓഹരികൾ തിരിച്ചു വാങ്ങും.
റിലയൻസ് - ഡിസ്നി ലയനം
റിലയൻസ് ഗ്രൂപ്പിലെ വയാകോം 18 ഉം ഡിജിറ്റൽ 18 മീഡിയയും വാൾട്ട് ഡിസ്നി കമ്പനിയുടെ ഇന്ത്യൻ ഉപകമ്പനികളോടു സഖ്യം ഉണ്ടാക്കുന്നതിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അനുമതി നൽകി. പരസ്യനിരക്ക് അമിതമായി വർധിപ്പിക്കില്ല എന്ന റിലയൻസിൻ്റെ ഉറപ്പ് രേഖപ്പെടുത്തിയാണ് അനുമതി. രാജ്യത്തെ ടിവി പരസ്യത്തിൻ്റെ 40 ശതമാനത്തിലധികം പുതിയ സംയുക്ത കമ്പനിയുടേതാകും. 2027 വരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ മത്സരങ്ങളുടെ ഡിജിറ്റൽ, ടിവി അവകാശങ്ങൾ ഇതോടെ റിലയൻസിൻ്റെ കൈയിലാകും. 2028 വരെയുള്ള ഐപിഎൽ സംപ്രേഷണ അവകാശവും സ്ട്രീമിംഗ് അവകാശവും റിലയൻസിനാകും. സംയുക്ത കമ്പനിയിൽ റിലയൻസ് 11,500 കോടി രൂപ മുടക്കും. 70,൩൫൦ കോടിയാകും സംയുക്ത കമ്പനിയുടെ മൂല്യം. 120 ചാനലുകളും രണ്ടു സ്ട്രീമിംഗ് സർവീസുകളും ഇതിൽ ഉണ്ടാകും. നിത അംബാനിയാകും ഈ വമ്പൻ മീഡിയ കമ്പനിയുടെ ചെയർപേഴ്സൺ. സോണി, നെറ്റ് ഫ്ലിക്സ്, ആമസോൺ, സീ തുടങ്ങിയവയ്ക്കു കടുത്ത മത്സരമാകും ഇനി നേരിടേണ്ടി വരിക.
സ്വർണം ഇറങ്ങിക്കയറി, ക്രൂഡ് വീണ്ടും താണു
സ്വർണം റെക്കോർഡ് നിലവാരത്തിനടുത്തു തുടരുന്നു. ഇന്നലെ ഔൺസിന് 2505.10 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ 2513 ഡോളറിലാണ്. ഡോളർ സൂചിക ഉയർന്നതാണു സ്വർണവിലയെ ഇന്നലെ താഴ്ത്തിയത്. വില ഇനിയും കയറും എന്നാണു വിപണിയുടെ നിഗമനം. ഡിസംബർ അവധിവില ഔൺസിന് 2533 ഡോളറിലേക്കു താഴ്ന്നിട്ട് ഇന്നു രാവിലെ കയറി.
കേരളത്തിൽ സ്വർണവില ഇന്നലെ 160 രൂപ കയറി പവന് 53,720 രൂപയിൽ എത്തി. വെള്ളിവില ഔൺസിന് 29.25 ലേക്കു താണു. ഡോളർ സൂചിക ബുധനാഴ്ച 101.09 വരെ കയറി. ഇന്നു രാവിലെ 100.94 ലേക്കു താണു. രൂപ ഇന്നലെയും ദുർബലമായി. ഡോളർ രണ്ടു പെെസ കൂടി 83.95 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വീണ്ടും താഴ്ചയിലായി. പശ്ചിമേഷ്യൻ സംഘർഷനില അയയുന്നതായ സൂചന ആണു കാരണം. ബ്രെൻ്റ് ഇനം ഒരു ശതമാനം താഴ്ന്ന് 78.65 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 78.75 ഡോളറിലേക്ക് കയറി. ഡബ്ല്യുടിഐ ഇനം 74.70 ഉം യുഎഇയുടെ മർബൻ ക്രൂഡ് 77.76 ഉം ഡോളറിലാണ്.
ക്രിപ്റ്റാേ കറൻസികൾ ഇന്നലെയും ഇടിവിലായി. ബിറ്റ്കോയിൻ 58,000 ഡോളറിലേക്കു താഴ്ന്നിട്ട് അൽപം കയറി. ഈഥർ 2520 ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ വലിയ ഇടിവിലായി. ചെമ്പ് 2.05 ശതമാനം താഴ്ന്നു ടണ്ണിന് 9135.05 ഡോളറിൽ എത്തി. അലൂമിനിയം 2.56 ശതമാനം ഇടിഞ്ഞ് ടണ്ണിന് 2484.15 ഡോളർ ആയി. മറ്റു ലോഹങ്ങളും ഗണ്യമായി താഴ്ന്നു.
വിപണിസൂചനകൾ
(2024 ഓഗസ്റ്റ് 28, ബുധൻ )
സെൻസെക്സ് 30 81,785.56 +0.09%
നിഫ്റ്റി50 25,052.35 +0.14%
ബാങ്ക് നിഫ്റ്റി 51,143.85 -0.26%
മിഡ് ക്യാപ് 100 59,146.40 -0.12%
സ്മോൾ ക്യാപ് 100 19,319.75 -0.07%
ഡൗ ജോൺസ് 30 41,091.42
-0.39%
എസ് ആൻഡ് പി 500 5592.18 -0.60%
നാസ്ഡാക് 17,556.03 -1.12%
ഡോളർ($) ₹83.95 +₹0.02
ഡോളർ സൂചിക 101.09 +0.54
സ്വർണം (ഔൺസ്) $2505.10 -$19.80
സ്വർണം (പവൻ) ₹ 53,720 +₹160
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $78.65 -$00.90