തുടക്കം ആവേശത്തില്‍! പിന്നീട് ചാഞ്ചാട്ടം, കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ ഉയര്‍ന്നു, രൂപക്കും നേട്ടം

വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി 90 ഉം സെന്‍സെക്‌സ് 255 ഉം പോയിന്റ് നേട്ടത്തിലാണ്;

Update:2025-01-07 11:04 IST

Image Courtesy: Canva

വിപണി ആവേശത്തോടെ വ്യാപാരം തുടങ്ങി. പിന്നീടു കൂടുതല്‍ ഉയരത്തിലേക്കു കയറി. പക്ഷേ താമസിയാതെ നേട്ടങ്ങള്‍ മിക്കവാറും കൈവിട്ടു. പിന്നീടു ചാഞ്ചാട്ടമായി.
നിഫ്റ്റി 23,679.90 ല്‍ വ്യാപാരം തുടങ്ങിയിട്ട് 23,795.20 വരെ കയറി. പിന്നീട് 23,638 വരെ താഴ്ന്നു. സെന്‍സെക്‌സ് 78,019 ല്‍ വ്യാപാരം തുടങ്ങി 78,452.74 വരെ കയറിയിട്ട് 77,925 വരെ താണു. മിഡ് ക്യാപ് സൂചിക ഒരു ശതമാനത്തിലധികം ഉയര്‍ന്നിട്ടു ചെറിയ നേട്ടത്തിലേക്കു താഴ്ന്നു. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി 90 ഉം സെന്‍സെക്‌സ് 255 ഉം പോയിന്റ് നേട്ടത്തിലാണ്.
ഡിസംബറില്‍ വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പന തലേ മാസത്തേക്കാള്‍ 12.5 ശതമാനം കുറവായി. കാര്‍ -എസ് യു വി വില്‍പന 8.75 ശതമാനം കുറഞ്ഞു. ടൂവീലര്‍ വില്‍പന 5 4.2 ശതമാനം താഴ്ന്നു. വാണിജ്യ വാഹന വില്‍പനയില്‍ 12.13 ശതമാനം ഇടിവാണ് പ്രതിമാസ അടിസ്ഥാനത്തില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഡിസംബറിനെ അപേക്ഷിച്ച് 45 ശതമാനം കുറവാണ് ഈ ഡിസംബറിലെ വില്‍പന. വാഹന വില്‍പനക്കാരുടെ ഫെഡറേഷന്റെ കണക്കാണിത്. 2024-ല്‍ വാഹന വില്‍പന ഒന്‍പതു ശതമാനം മാത്രമേ വര്‍ധിച്ചുള്ളൂ. കാര്‍ - എസ് യു വി വില്‍പന 5.1 ശതമാനം മാത്രം കൂടി. വാണിജ്യ വാഹന വില്‍പനയിലെ വര്‍ധന 0.07 ശതമാനമാണ്.
മൂന്നാം പാദത്തിലെ വില്‍പന 39 ശതമാനം വര്‍ധിച്ചതു കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരിയെ നാലു ശതമാനം വരെ ഉയര്‍ത്തി. പിന്നീട് ഓഹരി നഷ്ടത്തിലായി.
വിദേശ ബ്രോക്കറേജ് ജെഫറീസ് ' റേറ്റിംഗ് താഴ്ത്തിയതിനെ തുടര്‍ന്ന് സൊമാറ്റോ ഓഹരി നാലര ശതമാനം താഴ്ന്നു.
എംകെ 46, എംകെ 48 സിരീസ് ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ നിര്‍മിക്കുന്നതിന് പരസ് ഡിഫന്‍സിനു ഗവണ്മെന്റ് ലൈസന്‍സ് നല്‍കി. പരസ് ഓഹരി ഒന്‍പതു ശതമാനം കയറി.
രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. തുടര്‍ന്നു കൂടുതല്‍ നേട്ടം ഉണ്ടാക്കി. ഡോളര്‍ അഞ്ചു പൈസ കുറഞ്ഞ് 85.78 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 85.65 രൂപയായി. യുഎസ് ഡോളര്‍ സൂചിക കുത്തനേ താഴ്ന്ന സാഹചര്യത്തിലാണിത്.
സ്വര്‍ണം ലോകവിപണിയില്‍ 2638 ഡോളറിലാണ്. കേരളത്തില്‍ ആഭരണ സ്വര്‍ണം വിലമാറ്റമില്ലാതെ പവന് 57,120 രൂപയില്‍ തുടര്‍ന്നു.
ക്രൂഡ് ഓയില്‍ വില രാവിലെ അല്‍പം കയറി. ബ്രെന്റ് ഇനം 76.27 ഡോളര്‍ ആയി.
Tags:    

Similar News