മുഖം തിരിച്ച് വിദേശ നിക്ഷേപകര്‍, മെയ് മാസം പിന്‍വലിച്ചത് 44,000 കോടി
രണ്ട് വര്‍ഷത്തിനിടെയുള്ള വിദേശ നിക്ഷേപകരുടെ ഏറ്റവും മോശം വില്‍പ്പനയാണിത്
ഇന്ത്യന്‍ ഓഹരി വിപണിയെ മുന്നോട്ടുനയിക്കുന്നതില്‍ പ്രധാനികളാണ് വിദേശ നിക്ഷേപകര്‍. കോവിഡിന്റെ തുടക്കത്തില്‍ ഓഹരി വിപണി താഴേക്ക് പതിച്ചപ്പോള്‍ പിന്നീടുള്ള തിരിച്ചുവരവിന് വേഗം കൂട്ടിയതും വിദേശ ഫണ്ടുകളുടെ ഒഴുക്കാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യന്‍ ഓഹരി വിപണിയില്‍നിന്ന് മുഖം തിരിഞ്ഞുനില്‍ക്കുകയാണ് വിദേശ നിക്ഷേപകര്‍. മെയ് മാസത്തില്‍ 44,000 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍നിന്നും പിന്‍വലിച്ചത്.
2020 മാര്‍ച്ചിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണി കണ്ട വിദേശ നിക്ഷേപകരുടെ ഏറ്റവും മോശം വില്‍പ്പനയാണിത്. കോവിഡിന്റെ തുടക്കത്തില്‍ ഭയം കാരണം 58,632 കോടി രൂപയായിരുന്നു ഈ വിഭാഗം പിന്‍വലിച്ചത്. പണപ്പെരുപ്പത്തെ സംബന്ധിച്ച ആശങ്കകളാണ് വിദേശ നിക്ഷേപകര്‍ പിന്നോട്ടടിക്കാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തിലുണ്ടായ വിലക്കയറ്റവും പണപ്പെരുപ്പവും നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി ഈ വര്‍ഷം മാര്‍ച്ചില്‍ 36,989 കോടി രൂപയും ഫെബ്രുവരിയില്‍ 37389 കോടിയും ജനുവരിയില്‍ 35975 കോടിയുമാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍നിന്നും പിന്‍വലിച്ചത്.
വിദേശ നിക്ഷേപകര്‍ക്കൊപ്പം കഴിഞ്ഞ മാസങ്ങളില്‍ ശക്തമായ പിന്‍ബലം നല്‍കിയ റീട്ടെയില്‍ നിക്ഷേപകരും ഓഹരി വിപണി നിക്ഷേപത്തില്‍നിന്ന് പിന്‍വലിയുകയാണ്. വിദേശികള്‍ വില്‍പന തുടരുകയും ചില്ലറ നിക്ഷേപകര്‍ വിട്ടു നില്‍ക്കുകയും ചെയ്താല്‍ വിപണിക്കു വരും ദിവസങ്ങളിലും ക്ഷീണമാകും. വിദേശ വിപണികള്‍ കാണിക്കുന്ന ഉണര്‍വ് സ്ഥായിയല്ലെന്ന വിശകലനങ്ങളും വിപണിയെ ഉലയ്ക്കുന്നു. ഇന്ത്യന്‍ വിപണി 10 ശതമാനം കൂട്ടി ഇടിയാനുണ്ടെന്നാണ് ചില സര്‍വേകള്‍ അഭിപ്രായപ്പെടുന്നത്.